കോവിഡ് പ്രതിരോധം: വിശ്രമമില്ലാതെ ദമ്പതികൾ
text_fieldsമഞ്ചേരി: കോവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തിൽ ഈ ഭാര്യയും ഭർത്താവും നടത്തുന്നത് മികവുറ്റ പ്രവർത്തനം. ഗവ. മെഡിക്കൽ കോളജിൽ കോവിഡ് നിർണയത്തിനായി സജ്ജമാക്കിയ പി.സി.ആർ ലാബിലെ സയൻറിഫിക് ഓഫിസറായ കെ.പി. നിയാസും ജൂനിയർ റസിഡൻറായ ഭാര്യ ഡോ. എം. നസ്മ ഇസ്മായിലുമാണ് കുടുംബത്തിെൻറ തിരക്കുകൾ മറന്ന് കോവിഡിനെ തുരത്താൻ സദാസമയവും സജ്ജമായിരിക്കുന്നത്.
ഇരുവരും രാവിലെ എട്ടോടെ തന്നെ മെഡിക്കൽ കോളജിലെത്തും. നിയാസ് പി.സി.ആർ ലാബിലും നസ്മ കോവിഡ് ഒ.പി.യിലുമെത്തി ജോലി ആരംഭിക്കും. നിയാസിെൻറ നേതൃത്വത്തിലാണ് ലാബിെൻറ പ്രവർത്തനം. 15 ടെക്നീഷ്യന്മാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സാമ്പിളുകള്‍ ലാബിലെത്തി ഫലം പുറത്തുവരുന്നത് വരെ സൂക്ഷ്മമായി പരിശോധന നടത്തും.
ഒരു വ്യക്തിയുടെ വിധി നിർണയിക്കുന്ന കാര്യമായതിനാൽ അതീവ ജാഗ്രതയോടെയാണ് പരിശോധനകൾ നടത്തുന്നതെന്ന് നിയാസ് പറഞ്ഞു. കൂടാതെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പി.പി.ഇ കിറ്റിെൻറ ഗുണമേന്മ പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യണം. കൂടാതെ സാമ്പിളുകൾ പരിശോധനക്കായി എടുക്കുന്നതിന് മുമ്പ് വിവരങ്ങള്‍ പരിശോധിച്ച് കൃത്യത വരുത്തേണ്ടതും നിയാസിെൻറ ചുമതലയാണ്.
ദിവസവും 500ലധികം സ്രവ സാമ്പിളുകളാണ് ലാബില്‍ പരിശോധനക്ക് എത്തുക. ഫലം വിശകലനം ചെയ്യുന്നതിനായി ഭാര്യ നസ്മയും നിയാസിനെ സഹായിക്കാനായി ലാബിലെത്തും.
മറ്റു സഹായങ്ങൾക്കും ഭാര്യ കൂടെയുണ്ടാകും. പലപ്പോഴും രാത്രി ഏറെ വൈകിയാണ് ഇരുവരും വീട്ടിലെത്തുക. സിംഗപ്പൂരിലും തിരുവനന്തപുരത്തും വൈറോളജി ലാബിൽ പ്രവർത്തിച്ച് പരിചയമുള്ള നിയാസ് തന്നെയാണ് പി.സി.ആർ ലാബ് സജ്ജീകരിക്കാൻ നേതൃത്വം നൽകിയത്.
-അജ്മൽ അബൂബക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.