കേരള ബ്ലാസ്റ്റേഴ്സ്: മഞ്ഞ പെയ്ത രാവിലാകെയാരവം
text_fieldsമലപ്പുറം: അടിയും തിരിച്ചടിയും സമ്മാനിച്ച രാവിൽ അവസാന ചിരി കേരള ബ്ലാസ് റ്റേഴ്സിന്‍റേതായപ്പോൾ മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാൻഡിൽ മഞ്ഞപ്പട സ്ഥാപിച്ച ബിഗ് സ്ക്രീനിലെ കളിക്കൊപ്പം പുറത്ത് ആരാധകർ ആരവമാടി. ബ്ലാസ്റ്റേഴ്സ് -ജാംഷഡ്പൂർ എഫ്.സി രണ്ടാംപാദ സെമി ഫൈനൽ മത്സരം തുടങ്ങുന്നതിന് മുമ്പേ തുടങ്ങിയ ആവേശം കിക്കോഫിനൊപ്പം വാനോളമുയർന്നു. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലാസ്റ്റേഴ്സിെൻറ ഫൈനൽ പ്രവേശനം വിളംബരം ചെയ്ത അവസാന വിസിൽ ഒരു രാത്രിക്കാകെ മഞ്ഞനിറം പകർന്നു.
ആർത്തുവിളിക്കാൻ കാർത്തിക്കും
ആദ്യ മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച സുവർണാവസരം സ്പാനിഷ് സ്ട്രൈക്കർ അൽവാസോ വാസ്ക്വസ് പുറത്തേക്കടിച്ചതോടെ നിരാശ. 18ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയിലൂടെ മഞ്ഞപ്പട ലക്ഷ്യം കണ്ടപ്പോൾ സ്ക്രീനിന് മുന്നിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ ആരവം, ആനന്ദനൃത്തം. കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ആർത്ത് വിളിച്ച് സമൂഹമാധ്യമങ്ങളിൽ താരമായ കൊച്ചു ആരാധകൻ കാർത്തിക്കിനെ തോളിലിരുത്തിയായിരുന്നു ആഘോഷം. ഇരുഭാഗത്തും ഓഫ് സൈഡിൽ കുരുങ്ങി ഒഴിവായ ഗോളുകൾ നിരാശയും ആശ്വാസവും സമ്മാനിച്ചു. 50ാം മിനിറ്റിൽ പ്രണോയ് ഹാൽദറിലൂടെ ജാംഷഡ്പൂർ എഫ്.സി സമനില പിടിച്ചെങ്കിലും ആദ്യപാദ സെമിയിലെ ഒരു ഗോൾ ലീഡെന്ന ആശ്വാസത്തിൽ ആരാധകർ പലപ്പോഴും ശ്വാസമടക്കിപ്പിടിച്ച് കളി കണ്ടുതീർത്തു.
വൈകീട്ട് മുതൽ സജീവമായി ഫാൻപാർക്ക്
വൈകീട്ട് മുതൽ വിവിധ മത്സരങ്ങളുമായി സജീവമായിരുന്നു മഞ്ഞപ്പട മലപ്പുറത്തിെൻറ ഫാൻപാർക്ക്. പ്രവചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട്, ഗസ്റ്റ് ഓഫ് ഓണർ, നാസിക് ധോൾ, ലക്കി ഡ്രോ തുടങ്ങിയവയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് 12ാമനായി കാണിച്ച കൊച്ചു ആരാധകൻ കാർത്തിക്കിന് കേരള പരിശീലകൻ ബിനോ ജോർജ് ഉപഹാരം നൽകി.
എം.എസ്.പി അസി. കമാൻഡൻറ് ഹബീബ് റഹ്മാൻ, സൂപ്പർ അഷ്റഫ്, ഷാജിറുദ്ദീൻ കോപ്പിലാൻ, പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം. റിയാസ്, പി.കെ. അബ്ദുൽ ഹക്കീം, ഷൗക്കത്ത് ഉപ്പൂടൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.