മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി
text_fieldsമലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തീകരിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.നിയമസഭയിൽ മൂന്ന് ദിവസത്തെ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബസ് ടെർമിനലിന്റെ നിർമാണ പ്രവൃത്തികള്‍ 2016 ജനുവരിയിൽ ആരംഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ വിനിയോഗിക്കാൻ സാധിക്കാത്ത 90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി ഫണ്ടും എം.എൽ.എ അനുവദിച്ച രണ്ടു കോടി ആസ്തി ഫണ്ടും ഉപയോഗിച്ചുള്ള നിർമാണങ്ങൾ ഉടൻ ആരംഭിക്കണമെന്നും ചോദ്യോത്തരവേളയിൽ പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
90 ലക്ഷത്തിന്റെ സിവിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ ടെൻഡർ ചെയ്ത് കരാർ വെച്ചിട്ടുണ്ടെന്നും എം.എൽ.എയുടെ ആസ്തി ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കോടിയുടെ നടപടികൾ പൂർത്തീകരിച്ച് ഉടൻ ടെൻഡർ ചെയ്യുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു മറുപടി നൽകി.ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ് ബേയുടെയും പ്രവൃത്തികളാണിപ്പോൾ പാതിവഴിയില്‍ എത്തി നില്‍ക്കുന്നത്.
കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയോട് അനുബന്ധിച്ചുള്ള ഷോപ്പിങ് കോംപ്ലക്സിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വരുമാന മാര്‍ഗമായി മാറും. ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണം രണ്ടാംഘട്ട പണികള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ അഞ്ച് കോടി രൂപ അടങ്കൽ നിശ്ചയിച്ച് ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.