മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ; വീണ്ടും സാങ്കേതിക തടസ്സം
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പുനരാരംഭിക്കാൻ വീണ്ടും സാങ്കേതിക തടസ്സം. എം.എൽ.എ ഫണ്ടിലുള്ള രണ്ടു കോടി രൂപയുടെ പ്രവൃത്തിക്ക് വീണ്ടും ഭരണാനുമതി ആവശ്യമാണെന്നാണ്, മേൽനോട്ട ചുമതലയേറ്റെടുത്ത പൊതുമരാമത്ത് കെട്ടിടവിഭാഗം പറയുന്നത്. ഒരുതവണ ഭരണാനുമതി ലഭിച്ച പ്രവൃത്തിയാണിത്. സർക്കാർ ചട്ടമനുസരിച്ച്, ഒരു കോടി രൂപ വരെയുള്ള പ്രവൃത്തിക്ക് ജില്ല കലക്ടർക്ക് ഭരണാനുമതി നൽകാം. അതിന് മുകളിലുള്ളതിന് ധനവകുപ്പിലേക്ക് പോകണം. മലപ്പുറം ബസ് ടെർമിനൽ പ്രവൃത്തിക്ക് ഒരു തവണ സർക്കാർ ഭരണാനുമതി കിട്ടിയിട്ടുള്ളതിനാൽ, സാങ്കേതിക തടസ്സം ഒഴിവാക്കാൻ ജില്ല കലക്ടർക്ക് അനുമതി നൽകാവുന്നതാണെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു. വിഷയം പരിശോധിക്കാമെന്ന് ജില്ല കലക്ടർ മലപ്പുറം എം.എൽ.എയെ അറിയിച്ചിട്ടുണ്ട്.
ഭരണാനുമതിയെന്ന സാങ്കേതിക തടസ്സത്തിൽ തട്ടിയാണ് കരാറുകാരനും കെ.എസ്.ആർ.ടി.സിയും പൊതുമരാമത്തു വകുപ്പും ഒപ്പുവെക്കേണ്ട ത്രികക്ഷി കരാർ വൈകുന്നത്. നേരത്തെ, കെ.എസ്.ആർ.ടി.സി സിവിൽ വിങിന്റെ മേൽനോട്ടത്തിൽ മലപ്പുറം ടെർമിനൽ പ്രവൃത്തി ടെൻഡർ ചെയ്തിരുന്നു. സിവിൽ വിങ് പ്രവർത്തനം കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന് കീഴിൽ ചെയ്യാനും നിലവിലുള്ള കരാറുകാരനെ നിലനിർത്താനും ഗതാഗത, പൊതുമരാമത്ത് മന്ത്രിതല ചർച്ചയിൽ ധാരണയായിരുന്നു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സാങ്കേതിക നടപടികളാണ് പ്രവൃത്തി പുനരാരംഭിക്കാൻ ഇപ്പോഴും തടസ്സം. ജില്ല കലക്ടർ വെള്ളിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമറിയിച്ചേക്കും.
എം.എൽ.എ ഫണ്ട് നൽകിയിട്ട് രണ്ടര വർഷം
മലപ്പുറം: പി. ഉബൈദുല്ല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപയുടെ പ്രവൃത്തികളാണ് ചെയ്യാൻ ബാക്കി കിടക്കുന്നത്. 2021ൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച പണമാണ് രണ്ടര വർഷത്തിലേറെയായി വിനിയോഗിക്കാതെ കിടക്കുന്നത്. ടെർമിനൽ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാത്തതുമൂലം ജില്ല ആസ്ഥാനത്തെത്തുന്ന യാത്രക്കാർ അടിസ്ഥാന സൗകര്യമില്ലാതെ ദുരിതംപേറുകയാണ്.
ബജറ്റ് പ്രഖ്യാപനം: എസ്റ്റിമേറ്റ് തയാറാക്കാൻ യോഗം ഇന്ന്
മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ടെർമിനലിന്റെ രണ്ടാംഘട്ട വികസനത്തിന് 2024-‘25 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ യോഗം ചേരും. രാവിലെ 10.30നാണ് യോഗം. മലപ്പുറം എം.എൽ.എ പി. ഉബൈദുല്ല, കെ.എസ്.ആർ.ടി.സി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.