മലപ്പുറം കെ.എസ്.ആർ.ടി.സി ടെർമിനൽ കെട്ടിടം നനഞ്ഞ് കുതിർന്നു
text_fieldsമലപ്പുറം: നിർമാണം പാതിവഴിലായ കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ കെട്ടിടം മഴയിൽ നനഞ്ഞുകുതിരുന്നു. വെള്ളമിറങ്ങി ഒന്നും രണ്ടും നിലകളിലെ ചുമരുകളെല്ലാം കുതിർന്ന് നശിക്കുകയാണ്. ടെറസിൽനിന്നുള്ള മഴവെള്ളം താഴെയുള്ള ടാങ്കിലേക്ക് എത്തിക്കാൻ പൈപ്പിടാൻ നിർമിച്ച ദ്വാരത്തിലൂടെയാണ് താഴത്തെ നിലയിലെ ചുമരിലേക്ക് വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത്.
പാരപ്പറ്റ് കെട്ടിയതിനാൽ ടെറസിലെ വെള്ളം മുഴുവൻ ഈ തുളകളിലൂടെയാണ് താഴോട്ട് ഒഴുകുന്നത്. ഗോവണിക്ക് മേൽക്കൂരയില്ലാത്തതും കെട്ടിടം മഴവെള്ളത്തിൽ കുതിരാൻ കാരണമാകുന്നു. രണ്ടും മൂന്നും നിലകളിലേക്കുള്ള ചവിട്ടുപടിയും ചുമരുകളുമെല്ലാം നനഞ്ഞുകുതിർന്നു കിടക്കുകയാണ്.
മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ പൂർത്തീകരണത്തിന് 2021ലാണ് പി. ഉബൈദുല്ല എം.എൽ.എ രണ്ടുകോടി രൂപ അനുവദിച്ചത്. സാങ്കേതിക തടസ്സങ്ങളിൽപെട്ട് രണ്ടു വർഷമായി പ്രവൃത്തി ആരംഭിക്കാൻ പോലും അധികൃതർക്ക് സാധിച്ചിട്ടില്ല. 7.90 കോടി രൂപ ചെലവഴിച്ചാണ് നാലു നിലകളിലായുള്ള ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിന്റെ സ്ട്രക്ച്ചർ പൂർത്തീകരിച്ചത്.
സ്റ്റേഷൻ മാസ്റ്റർ ഓഫിസും എൻക്വയറി കൗണ്ടറും പ്രവർത്തിക്കുന്ന സ്റ്റാൻഡിലെ പഴയ ആസ്ബസ്റ്റോസ് മേഞ്ഞ കെട്ടിടം ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലാണ്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായാൽ മാത്രമേ എസ്.എം ഓഫിസും യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രവുമെല്ലാം ഇങ്ങോട്ട് മാറ്റാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.