മലപ്പുറത്ത് ഡൊമിസിലിയറി കോവിഡ് കെയർ സെൻറർ ഒരുക്കി തദ്ദേശ സ്ഥാപനങ്ങൾ
text_fieldsവളാഞ്ചേരി: കോവിഡ് പോസിറ്റിവ് ആയതും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത, വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്തതുമായ ആളുകളെ താമസിപ്പിക്കുന്നതിനായി ഡൊമിസിലിയറി കോവിഡ് കെയർ സെൻറർ (ഡി.സി.സി) ഒരുക്കി വളാഞ്ചേരി മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. കോവിഡ് ബാധിതരെ പരിചരിക്കുന്ന ഡി.സി.സി വളാഞ്ചേരി നഗരസഭയിൽ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ചു.
നിലവിൽ 25 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. ആവശ്യക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ 100 പേരെ വരെ കിടത്തി ചികിത്സിക്കാവുന്ന സംവിധാനം ഇവിടെ ഒരുക്കും. കെയർ സെൻററിലേക്കുള്ള 25 സ്റ്റീൽ കട്ടിലുകൾ എം.ഇ.എസ് കോളജ് മാനേജ്മെൻറാണ് നൽകിയത്.
ആദ്യത്തെ 15 ദിവസത്തെ രാത്രി ഭക്ഷണം ദയ ചാരിറ്റിബ്ൾ സെൻറർ കൊട്ടാരം നൽകുമെന്നറിയിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനും കുടുംബശ്രീ മുഖേന നഗരസഭ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അറിയിച്ചു.
എടയൂർ ഗ്രാമപഞ്ചായത്തിൽ ഡി.സി.സി
പൂക്കാട്ടിരി: എടയൂർ ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കോവിഡ് കെയർ സെൻറർ (ഡി.സി.സി) തിങ്കളാഴ്ചയോടെ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രസിഡൻറ് ഹസീന ഇബ്രാഹിം പറഞ്ഞു. വടക്കുംപുറം ഗവ. എൽ.പി സ്കൂളിലാണ് കോവിഡ് കെയർ സെൻറർ ഒരുക്കുന്നത്.
കാടാമ്പുഴ: മാറാക്കര ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കോവിഡ് സെൻറർ കാടാമ്പുഴ യു.പി സ്കൂളിലാണ് ഒരുക്കുന്നത്. കോവിഡ് ബാധിതർക്ക് ആവശ്യമായ കട്ടിൽ, കിടക്ക, ഓക്സിജൻ തുടങ്ങിയ സൗകര്യങ്ങൾ സെൻററിൽ ഒരുക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തുടങ്ങിയതായി പ്രസിഡൻറ് ടി.പി. സജ്ന അറിയിച്ചു.
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഡൊമിസിലിയറി കോവിഡ് കെയർ സെൻറർ ആരംഭിച്ചു. 60 പേർക്കുള്ള സൗകര്യം ഇവിടെ ഒരുക്കുമെങ്കിലും തുടക്കത്തിൽ 30 പേർക്കുള്ള സൗകര്യമാണ് തയാറാക്കിയത്. നിരീക്ഷണത്തിൽ ആക്കേണ്ട രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളും ഡൊമിസിലിയറി കോവിഡ് കെയർ സെൻററാക്കി മാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മാനുപ്പ മാസ്റ്റർ പറഞ്ഞു.
വാർഡ് തലങ്ങളിൽ ആർ.ആർ.ടി രൂപവത്കരിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി. വാർഡ് തലം കേന്ദ്രീകരിച്ച് കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളും വീടുകൾ കേന്ദ്രീകരിച്ച് നോട്ടീസ് വിതരണവും നാല് പ്രാവശ്യം മൈക്ക് പ്രചാരണങ്ങളും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.