മലപ്പുറം നഗരസഭ അടിപിടി കേസ്: പ്രതിപക്ഷത്തിന്റെ പ്രത്യേക പ്രീകൗൺസിൽ ഇന്ന്
text_fieldsമലപ്പുറം: നഗരസഭയിലെ അടിപിടി കേസും ഡ്രൈവറെ സസ്പെൻഡ് ചെയ്ത വിഷയവും കൗൺസിൽ യോഗത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് ആലോചിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തിങ്കളാഴ്ച പ്രത്യേക പ്രീകൗൺസിൽ യോഗം ചേരും. വൈകീട്ട് മൂന്നിന് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലാണ് യോഗം. വിഷയത്തെ ഏതുതരത്തിൽ നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വെക്കണമെന്ന് ആലോചിക്കും. പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ അടക്കമുള്ള കൗൺസിലർമാർ പങ്കെടുക്കും.
ആദ്യ അജണ്ടയായി വിഷയം ചർച്ച ചെയ്യണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെങ്കിലും സാമ്പത്തിക വർഷം അവസാനിക്കുന്ന ഘട്ടത്തിൽ പ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകുന്ന വിഷയം ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യുന്നുണ്ട്.ഈ സാഹചര്യം പരിഗണിച്ച് പ്രതിപക്ഷം അടിപിടി കേസ് അജണ്ട ആദ്യം ചർച്ചക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ടേക്കില്ല.
ചൊവ്വാഴ്ച രാവിലെ 10.30നാണ് കൗൺസിൽ ചേരുന്നത്. 40ലധികം അജണ്ടകൾ പരിഗണിക്കുന്ന കൗൺസിൽ യോഗത്തിൽ അവസാനത്തേക്കാണ് വിഷയം ചർച്ചക്ക് വെച്ചിരിക്കുന്നത്. നഗരസഭ ഗ്രേഡ് രണ്ട് എൽ.ഡി.വി തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന പി.ടി. മുകേഷിനെ നഗരസഭ അധ്യക്ഷന്റെ ഉത്തരവ് പ്രകാരം സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത വിഷയം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് അജണ്ട.
നേരത്തേ പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർത്ത് പ്രശ്നം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിട്ടില്ല. 1995ലെ കേരള മുനിസിപ്പാലിറ്റി കൗൺസിൽ യോഗ നടപടിക്രമങ്ങൾ ചട്ടം ഏഴ് പ്രകാരം പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ 15 എല്‍.ഡി.എഫ് കൗൺസിലർമാർ ചേർന്ന് നഗരസഭ അധ്യക്ഷന് കത്ത് നൽകിയിരുന്നു.
ഫെബ്രുവരി ഒന്നിനാണ് മലപ്പുറം നഗരസഭയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. താൽക്കാലിക ജീവനക്കാർ നൽകുന്ന ജോലി സംബന്ധമായ നിർദേശം നഗരസഭയിലെ സ്ഥിരം ജീവനക്കാരനായ ഡ്രൈവർമാർ തള്ളിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർ പി.ടി. മുകേഷ് ആരോപിച്ചിരുന്നു. നഗരസഭ കൗൺസിലറുടെ ഭർത്താവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ജീവനക്കാരന്‍റെ കൈയേറ്റമെന്നാണ് ഭരണപക്ഷം പറയുന്നത്. സംഭവത്തിൽ ഇരുകൂട്ടരും ആശുപ്രതിയിൽ ചികിത്സ തേടിയിരുന്നു. ഫെബ്രുവരി രണ്ടിനും നഗരസഭ പരിസരത്ത് അനുബന്ധമായി ജീവനക്കാരും യു.ഡി.എഫ് കൗൺസിലർമാരും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.