മുണ്ടുപറമ്പ് വാതക ശ്മശാനത്തിന് പൂട്ട് വീണിട്ട് അഞ്ച് മാസം
text_fieldsമലപ്പുറം: അറ്റകുറ്റപ്പണി മുടങ്ങിയതിനാൽ അഞ്ച് മാസത്തോളമായി മുണ്ടുപറമ്പ് വാതക ശ്മശാനം പൂട്ട് വീണ നിലയിൽ. പ്രശ്നം പരിഹരിക്കാനുള്ള നഗരസഭയുടെ വിവിധ വകുപ്പുകളുടെ സാങ്കേതിക തടസ്സങ്ങളാണ് പ്രശ്നത്തിന് കാരണം. നിരവധി പേരാണ് കഴിഞ്ഞ മാസങ്ങളിൽ മടങ്ങി പോകേണ്ടി വന്നത്.
നഗരസഭക്കെതിരെ വലിയ പരാതിക്കും ഇത് ഇടവരുത്തി. വിഷയത്തിന്റെ ഗൗരവം പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ചർച്ചകൾക്ക് വഴിയൊരുക്കി. വിഷയത്തിൽ ഇടപ്പെട്ട അധ്യക്ഷൻ ഉദ്യോഗസ്ഥരിൽ നിന്ന് ശ്മശാനത്തിന്റെ നിജസ്ഥിതി തേടി. ഇതോടെ നഗരസഭയിലെ ആരോഗ്യ വിഭാഗവും എൻജിനീയറിങ് വിഭാഗവും തമ്മിലുള്ള സാങ്കേതിക തടസ്സങ്ങളാണ് അറ്റകുറ്റപ്പണി നീളാൻ കാരണമായതെന്ന് യോഗം കണ്ടെത്തി.
കഴിഞ്ഞ സെപ്റ്റംബറിലാണ് ശ്മശാനത്തിലെ ദഹിപ്പിക്കുന്ന യന്ത്രത്തിന്റെയും പുകക്കുഴലിന്റെയും തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പ്രാഥമിക റിപ്പോർട്ടും നവംബറിൽ തുടർ റിപ്പോർട്ടും ഒരുക്കി.
എന്നാൽ മറ്റ് നടപടികൾക്കായി നഗരസഭ എൻജിനീറിങ് വിഭാഗത്തിന് കൈമാറാത്തതിനാലാണ് അറ്റകുറ്റപ്പണി നിലച്ചതെന്ന് റിപ്പോർട്ട് പരിശോധിച്ച അധ്യക്ഷൻ യോഗത്തെ അറിയിച്ചു. അടിയന്തര പ്രാധാന്യത്തോടെ ചെയ്ത് തീർക്കേണ്ട പ്രവൃത്തി നീട്ടിക്കൊണ്ടുപോയത് ശരിയായില്ലെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഒന്നിച്ച് നിലപാടെടുത്തു. പ്രവൃത്തി നീട്ടുന്നത് ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നും അംഗങ്ങൾ യോഗത്തിൽ അറിയിച്ചു. വകുപ്പുകളുടെ ഏകോപനം നടത്തി പ്രശ്നം വേഗം പരിഹരിക്കാൻ യോഗം നഗരസഭ സെക്രട്ടറി കെ.പി.ഹസീനയെ ചുമതലപ്പെടുത്തി.
പ്രത്യേക സംഘം ഇന്ന് ശ്മശാനം സന്ദർശിക്കും
മലപ്പുറം: മുണ്ടുപറമ്പ് വാതക ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി മുടങ്ങിയതിനാൽ കേന്ദ്രം പൂട്ടേണ്ടി വന്ന സംഭവത്തിൽ പ്രശ്നം പരിശോധിക്കാൻ നഗരസഭ കൗൺസിൽ യോഗം നിയോഗിച്ച പ്രത്യേക സംഘം ശനിയാഴ്ച സ്ഥലം സന്ദർശിക്കും. രാവിലെ 10.30ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സിദ്ദീഖ് നൂറേങ്ങൽ, പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ, കൗൺസിലർ സുഹൈൽ ഇടവഴിക്കൽ, നഗരസഭ സെക്രട്ടറി, നഗരസഭ ഹെൽത്ത് സൂപ്പർ വൈസർ, മുനിസിപ്പൽ എൻജിനീയർ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിക്കുക. തുടർന്ന് സംഘം സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.