വിശദ നഗരാസൂത്രണ പദ്ധതിക്ക് ഭേദഗതികളോടെ അംഗീകാരം
text_fieldsമലപ്പുറം: 40 വർഷത്തിനുശേഷം മലപ്പുറം നഗരസഭയുടെ വിശദ നഗരാസൂത്രണ പദ്ധതി കരടിന് (ഡി.ടി.പി) ഭേദഗതിയോടെ കൗൺസിൽ അംഗീകാരം. മുണ്ടുപറമ്പ് കുന്നുമ്മൽ കോട്ടപ്പടി വലിയങ്ങാടി വാറങ്കോട് അടക്കമുള്ള പ്രദേശമാണ് ഡി.ടി.പിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
നഗരാസൂത്രണ കമ്മിറ്റി ചർച്ചചെയ്ത് തയാറാക്കിയ കരട് രേഖ പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ നഗരസഭ സെക്രട്ടറി ഈ വർഷം ഫെബ്രവരി അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. വ്യക്തികൾ, ഭൂ ഉടമകൾ, വ്യാപാരി സംഘടനകൾ എന്നിവർക്ക് ഡി.ടി.പി സംബന്ധിച്ച് പരാതി നൽകാൻ 60 ദിവസം അനുവദിച്ചിരുന്നു. കാര്യമായ പരാതികളൊന്നും പൊതുജനങ്ങളിൽനിന്ന് ലഭ്യമായിട്ടില്ല.
തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വന്ന കരട് ഡി.ടി.പി രേഖയിൽ ഏഴു മീറ്റർ വരെ വീതിയുള്ള റോഡുകളോട് ചേർന്ന റസിഡൻഷ്യൽ ഏരിയകളിൽ 100 യൂനിറ്റ് ഉള്ള ഫ്ലാറ്റുകൾക്ക് ജില്ല ടൗൺ പ്ലാനറുടെ അനുമതിയോടെ നഗരസഭ സെക്രട്ടറിക്ക് അനുമതി നൽകാമായിരുന്നു. ജനങ്ങൾ തിങ്ങി താമസിക്കുന്ന ഇത്തരം പ്രദേശത്ത് 100 യൂനിറ്റുള്ള ഫ്ലാറ്റുകൾ വരുന്നതോടെ ഫ്ലാറ്റുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഖര-ദ്രവ്യ മാലിന്യങ്ങൾ തൊട്ടടുത്ത താമസക്കാർക്ക് പ്രയാസം സൃഷ്ടിക്കുമെന്നും ആയതിനാൽ പ്രസ്തുത നിർദ്ദേശം 50 യൂനിറ്റ് എന്നാക്കി ചുരുക്കണം എന്നുള്ള നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹക്കീം നിർദേശിച്ച ഭേദഗതി നഗരസഭ കൗൺസിൽ അംഗീകരിച്ച് ആസൂത്രണ പദ്ധതിക്ക് അംഗീകാരം നൽകി.
കോട്ടപ്പടി കുന്നുമ്മൽ മുണ്ടുപറമ്പ് വലിയങ്ങാടി കിഴക്കേത്തല പ്രദേശങ്ങളിലെ വ്യാപാര ഏരിയ, റസിഡൻഷ്യൽ ഏരിയ, പാടശേഖര പ്രദേശങ്ങൾ തുടങ്ങിയവയും വീടുകളും കെട്ടിടങ്ങളും നിർമിക്കാൻ ഓരോ പ്രദേശങ്ങളിലും റോഡുകളിൽനിന്ന് ഒഴിവാക്കേണ്ട സ്ഥലങ്ങളുടെ അളവുകളും കൗൺസിൽ അംഗീകരിച്ച ഡി.ടി.പി രേഖയിൽ ഉണ്ടാകും.
ഈ ഡി.ടി.പി പ്രകാരമായിരിക്കും ഇനി നഗരത്തിലെ കെട്ടിട നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുക. 1985 ഒക്ടോബർ 31ന് അംഗീകരിച്ചിരുന്ന പ്ലാൻ പ്രകാരമാണ് ഇപ്പോൾ നഗരസഭയിൽ പദ്ധതികളും കെട്ടിട നിർമാണ പ്രവൃത്തികളും നടന്നുവരുന്നത്. പുതിയ ഡി.ടി.പിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നതോടെ ഇതിൽ മാറ്റം വരും.
ഗ്യാസ് പൈപ്പിടൽ: പ്രത്യേക ചർച്ച ഇന്ന്
മലപ്പുറം: നഗരസഭ റോഡുകൾ പൊളിച്ചുള്ള ഗ്യാസ് പൈപ്പിടൽ പ്രവൃത്തി തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. ചൊവ്വാഴ്ച രാവിലെ 10.30ന് നഗരസഭ കൗൺസിൽ ഹാളിൽ നഗരസഭാധ്യക്ഷൻ, കൗൺസിലർമാർ, മുനിസിപ്പൽ എൻജിനീയറിങ് വിഭാഗം, സ്വകാര്യ ഗ്യാസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
യോഗ തീരുമാന പ്രകാരമാകും പ്രവൃത്തി മുന്നോട്ട് പോകുന്നതിൽ തീരുമാനമാകുക. നിലവിൽ നടന്നുവന്നിരുന്ന പൈപ്പിടലിന് നഗരസഭ പരിധിയിൽ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് കൗൺസിലിൽ ചർച്ചക്ക് വന്നത്. വാർഡ് മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, 10, 12, 24, 25, 38 എന്നിവിടങ്ങളിൽ റോഡ് തകർന്ന് യാത്ര ദുരിതമായിരിക്കുകയാണെന്ന് കൗൺസിലർമാർ യോഗത്തിൽ അറിയിച്ചു. കേടുവന്ന റോഡുകൾ നന്നാക്കാൻ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ തനിക്കും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരി യോഗത്തിൽ വ്യക്തമാക്കി. യോഗത്തിനെത്തിയ സ്വകാര്യ ഗ്യാസ് കമ്പനി പ്രതിനിധികളുടെ മുൻ നിർത്തിയാണ് നഗരസഭ കൗൺസിൽ യോഗം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പ്രശ്നത്തിൽ വിശദമായ ചർച്ച ചൊവ്വാഴ്ച നടത്താമെന്ന ധാരണയിൽ യോഗം പിരിഞ്ഞു. യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.