കോവിഡ് വാക്സിന് വിതരണത്തില്‍ മലപ്പുറം നഗരസഭക്ക് `ഫുൾമാർക്ക്'
text_fieldsമലപ്പുറം: കോവിഡ് പ്രതിരോധത്തില്‍ മാതൃകയായി മലപ്പുറം നഗരസഭയും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാക്സിന് ലഭ്യമാക്കിയ നഗരസഭയായി മലപ്പുറം മാറി. സിവില്‍ സ്റ്റേഷന് കവാടത്തിന് മുന്നില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ത്രിവര്‍ണ ബലൂണുകള്‍ കൈമാറി സമ്പൂര്‍ണ വാക്സിനേഷന് പ്രഖ്യാപനം കലക്ടര്‍ വി.ആര്. പ്രേംകുമാര്‍ നിര്‍വഹിച്ചു.
സമ്പൂര്‍ണ വാക്സിനേറ്റഡ് ജില്ലയായി മലപ്പുറത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലക്ക് കൂടുതല്‍ ഡോസ് വാക്സിനുകള്‍ ലഭ്യമാക്കാമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കാന്‍ എല്ലാവരും പ്രതിരോധ വാസിനുകള് സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മലപ്പുറം നഗരസഭയില്‍ 18 വയസ്സിനു മുകളിലുള്ള 57,459 പേരില്‍ അര്‍ഹരായ 54,471 പേര്‍ക്കാണ് ആദ്യഘട്ട വാക്സിന് ലഭ്യമാക്കിയത്. 22,430 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ആശ പ്രവര്‍ത്തകരും അംഗൻവാടി വര്‍ക്കര്‍മാരും മുഴുവന്‍ വാര്‍ഡുകളിലും ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചാണ് സമ്പൂര്‍ണ വാക്സിനേഷന് ഉറപ്പാക്കിയത്. ഇവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സിദ്ദീഖ് നൂറേങ്ങല്‍, പി.കെ. സക്കീര്‍ ഹുസൈന്, പി.കെ. അബ്ദുൽ ഹക്കീം, മറിയുമ്മ ഷരീഫ്, സി.പി. അയിഷാബി, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്, താലൂക്ക് ഗവ. ആശുപത്രി സൂപ്രണ്ട് ഡോ. സി. അലിഗര്ബാബു, നഗരസഭ കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, അംഗൻവാടി വര്‍ക്കര്‍മാര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.