മലപ്പുറം വർഗീയ രാഷ്ട്രീയത്തിലേക്ക് ഒഴുകാതിരിക്കാൻ കാരണം ഇടതുപക്ഷം -പി. ശ്രീരാമകൃഷ്ണൻ
text_fieldsതിരൂർ: ഇടതുപക്ഷത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ മൂലമാണ് മുസ്ലിംലീഗിന്റെ വർഗീയ രാഷ്ട്രീയത്തിലേക്ക് മലപ്പുറം ഒഴുകി പോകാതിരുന്നതെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി. ശ്രീരാമകൃഷ്ണൻ. സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് മലപ്പുറത്തിന്‍റെ ഇടതുപക്ഷ പൈതൃകം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗ് ദുർബലമാകുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന ഫിക്സഡ് ഡിപ്പോസിറ്റാണ് വർഗീയത. വർഗീയത ആളിക്കത്തിച്ച് നാടിനെ ദുർബലമാകാൻ ലീഗ് ശ്രമിക്കുന്നു. വഖഫ് വിഷയം പോലും ലീഗ് വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
തിരൂർ ടൗൺ ഹാൾ പരിസരത്തെ കെ. ദാമോദരൻ നഗറിൽ നടന്ന സെമിനാറിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എം. നാരായണൻ അധ്യക്ഷനായി. ഡോ. ഹുസൈൻ രണ്ടത്താണി പ്രഭാഷണം നടത്തി. തുടർന്ന് പഴയ കാല കമ്യൂണിസ്റ്റ് നേതാക്കളായ വി.വി. ഗോപിനാഥ്, കെ. രാമചന്ദ്രൻ, സി. കുട്ടൻ, സി.പി മുഹമ്മദ്, ടി.കെ. മൊയ്തീൻ ഹാജി, വി.പി.എസ്. നമ്പീശൻ, കെ.ടി. ശാരദ, സി.ഒ. അറുമുഖൻ, സി.കെ. ബാലൻ എന്നിവരെ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻ ദാസ് ആദരിച്ചു.
അഡ്വ. പി. ഹംസ കുട്ടി സ്വാഗതവും കെ. ഗോപി നന്ദിയും പറഞ്ഞു. തുടർന്ന് മുദ്രാങ്കണം സ്കൂൾ ഓഫ് ഡാൻസ് ആഭിമുഖ്യത്തിൽ നൃത്തനൃത്യങ്ങൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.