'പ്രാണവായു': 'പിരിവ്' വികസനം മലപ്പുറം മോഡൽ:ശേഖരിച്ചത് 15 ലക്ഷം; ചെലവഴിച്ചത് വട്ടപ്പൂജ്യം
text_fieldsമലപ്പുറം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സൗകര്യം ഒരുക്കാൻ ജില്ല ഭരണകൂടം നടപ്പാക്കിയ 'പ്രാണവായു' പദ്ധതിയിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തത് 15,17,020 രൂപ. ഈ തുകയിൽനിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെ 'ഡിസ്ട്രിക്ട് കലക്ടർ മലപ്പുറം' എന്ന ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിവരാവകാശ നിയമപ്രകാരം ജില്ല ഭരണകൂടം നൽകിയ മറുപടിയാണിത്. ജില്ലയുടെ അടിസ്ഥാന സൗകര്യത്തിന് സർക്കാർ ഫണ്ട് ചെലവഴിക്കുന്നതിന് പകരം 'ജനകീയ സഹകരണം' വഴി ഫണ്ട് കണ്ടെത്താനാണ് മുൻ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണെൻറ നേതൃത്വത്തിൽ 'മലപ്പുറത്തിെൻറ പ്രാണവായു' എന്ന പദ്ധതി കഴിഞ്ഞ ജൂലൈയിൽ ഉദ്ഘാടനം ചെയ്തത്.
മലപ്പുറം മാതൃക എന്ന ഓമനപ്പേര് നൽകി പണത്തിനായി ജനങ്ങളെ സമീപിക്കുന്നത് തുടരുകയും കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ വികസനം നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്താതെ മലപ്പുറത്തുകാരുടെ ഉദാരമനസ്കത 'ഉപയോഗപ്പെടുത്തി' വികസനം കൊണ്ടുവരാൻ ജില്ല ഭരണകൂടം പദ്ധതിയിട്ടതാണ് പ്രതിഷേധം ഉയരാൻ കാരണം.
ഇങ്ങനെയൊരു പദ്ധതിയെ കുറിച്ച് അറിയില്ലെന്ന് ജില്ലയിലെ ജനപ്രതിനിധികളും പറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ വെന്റിലേറ്ററുകൾക്കും ഐ.സി.യു ബെഡുകൾക്കും ക്ഷാമം നേരിട്ടതോടെ സൗകര്യം വർധിപ്പിക്കാനാണ് ജില്ല ഭരണകൂടം ജനകീയ സഹായം തേടിയത്. 'പ്രാണവായു'പദ്ധതി നിലവിൽ ഇപ്പോഴും തുടരുന്നുണ്ട്. സമാഹരിച്ച തുക ഉപയോഗിച്ച് ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍, ആര്.ടി.പി.സി.ആര് മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്ററൽ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവ വാങ്ങുമെന്ന് അന്നത്തെ ജില്ല കലക്ടർ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഒറ്റ ഉപകരണങ്ങളും വാങ്ങിയിട്ടില്ല.
ലഭിച്ചത് മൂന്ന് വെന്റിലേറ്റർ, 100 ഓക്സിമീറ്റർ, 68 ഓക്സിജൻ സിലിണ്ടർ
മൂന്ന് വെന്റിലേറ്റർ, 100 ഓക്സിമീറ്റർ, 68 ഓക്സിജൻ സിലിണ്ടർ എന്നിവയാണ് പദ്ധതിയിൽ വ്യക്തികൾ/സന്നദ്ധ സംഘടനകളിൽനിന്ന് സൗജന്യമായി ലഭിച്ചതെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ പറയുന്നു. ഐ.എസ്.ആർ.ഒയുടെ 75.77 ലക്ഷം രൂപയുടെയും എയർ ഇന്ത്യ എക്സ്പ്രസ് 25 ലക്ഷം രൂപയുടെയും സാധന സാമഗ്രികളും ഉൾപ്പെടെ അഞ്ച് കോടിയോളം രൂപയുടെ സാധന സാമഗ്രികൾ സൗജന്യമായി ലഭിച്ചിട്ടുണ്ട്.
സർജിക്കൽ ഗ്ലൗസുകൾ, സാനിറ്റൈസറുകൾ, മാസ്ക്, ഫ്ലോർ ക്ലീനറുകൾ, പൾസ് ഓക്സി മീറ്റർ, ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ, പി.പി.ഇ കിറ്റുകൾ എന്നിവ വിവിധ സന്നദ്ധ സംഘടനകളും വ്യാപാരികളും സൗജന്യമായി സംഭാവന ചെയ്തതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.