വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 15.98 കോടിയുടെ മലപ്പുറം പാക്കേജ്
text_fieldsമലപ്പുറം: നഗര പരിധിയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 15.98 കോടിയുടെ മലപ്പുറം പാക്കേജ്. കെ.എസ്.ഇ.ബി മലപ്പുറം ഈസ്റ്റ്-വെസ്റ്റ് സെക്ഷൻ പരിധികളിലാണ് പാക്കേജ് നടപ്പാക്കുക. ഈസ്റ്റ് സെക്ഷന് കീഴിൽ ഏഴുകോടിയും വെസ്റ്റ് സെക്ഷന് കീഴിൽ 8.98 കോടിയുമാണ് വൈദ്യുതി വകുപ്പ് അനുവദിച്ചത്. വെസ്റ്റ് സെക്ഷനിൽ 2024-25 വർഷത്തിൽ 2.70 കോടിയും 2025-26 വർഷത്തിൽ 6.28 കോടിയുമുണ്ട്. പുതിയ ലൈൻ വലിക്കൽ, ലൈനുകളുടെ ശേഷി ത്രീ ഫേസിലേക്ക് ഉയർത്തൽ, ട്രാൻസ്ഫോർമറുകളുടെ ശേഷി വർധിപ്പിക്കൽ, പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുന്നത്.
മലപ്പുറം മണ്ഡലത്തിലെ പൈത്തിനിപറമ്പ്-കുറെകുഴി, മൊറയൂരിലെ കള്ളാടിമുക്ക്-വട്ടപ്പൊലി, കോഡൂർ ചട്ടിപ്പറമ്പ് -നെല്ലോളിപ്പറമ്പ്, കോഡൂർ ചാഞ്ഞാൽ-ചെനക്കൽപ്പറമ്പ് എന്നിവിടങ്ങളിൽ ത്രീ ഫേസിലേക്ക് മാറ്റൽ പ്രവൃത്തി പുരോഗമിക്കുകയാണ്. മലപ്പുറം ഈസ്റ്റ് സെക്ഷനിൽ മുണ്ടുപറമ്പ് ചേരി, വലിയവരമ്പ്, മച്ചിങ്ങൽ ബൈപാസ്, മൈലപ്പുറം, കാളന്തട്ട, വെളുത്തേടത്ത്മണ്ണ, നൂറാടി, കോട്ടക്കുന്ന് പാർക്ക്, കുന്നുമ്മൽ പെട്രോൾ പമ്പ്, ഡി.പി.ഒ റോഡ്, ചെന്നത്ത് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ട്രാൻസ്ഫോർമറുകളുടെ ശേഷി ഉയർത്തും. വെസ്റ്റ് സെക്ഷന് കീഴിൽ എടയ് പാലം, കൈനോട്, ആലത്തൂർപടി, ചീരേങ്ങൽമുക്ക്, മേൽമുറി പാറമ്മൽ, സി.എച്ച് സെന്റർ റോഡ്, അധികാരിത്തൊടി, ചുങ്കം, പട്ടർകടവ്, കോൽമണ്ണ, കള്ളാടിമുക്ക്, പെരുമ്പറമ്പ്, മേൽമുറി 27, വലിയങ്ങാടി എന്നിവിടങ്ങളിലാണ് പ്രവൃത്തി നടക്കുക.
നിലവിൽ വേനൽ കാലത്ത് നഗരത്തിലും കോഡൂർ, പൊന്മള ഗ്രാമപഞ്ചായത്തുകളിലും വോൾട്ടേജ് ക്ഷാമം രൂക്ഷമാണെന്ന് കെ.എസ്.ഇ.ബി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിതരണ ശേഷി വർധിപ്പിക്കാൻ തീരുമാനിച്ചത്.
പുതുതായി ഏതെങ്കിലും ഭാഗങ്ങളിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കണമെങ്കിൽ കൗൺസിലർമാർ നഗരസഭ വഴി അപേക്ഷ നൽകിയാൽ ഉൾപ്പെടുത്താനും കെ.എസ്.ഇ.ബി അവസരം നൽകിയിട്ടുണ്ട്. പുതിയ സ്ഥലത്ത് ട്രാൻസ്ഫോർമർ സ്ഥാപിക്കുമ്പോൾ ആവശ്യമായ സ്ഥലം ബന്ധപ്പെട്ടവർ കെ.എസ്.ഇ.ബിക്ക് ഒരുക്കിക്കൊടുക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.