കുട്ടികളോട് കൊലച്ചതി
text_fieldsമലപ്പുറം: പ്ലസ് വൺ പ്രവേശനം ആരംഭിച്ചിരിക്കെ, പുതിയ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഉപരിപഠന സ്വപ്നങ്ങൾ തകർക്കും. 20 ശതമാനം വർധന ചേർത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ മെറിറ്റിലും നോൺ മെറിറ്റിലുമായി ആകെ സീറ്റുകളുടെ എണ്ണം 61,615 ആണ്. 43,127 മാത്രമാണ് മെറിറ്റ് സീറ്റുകൾ. ബാക്കി 18,488 എണ്ണം നോൺ മെറിറ്റോ അൺ എയ്ഡഡോ ആണ്.
ഫീസ് കൊടുത്താലും സീറ്റില്ലാതെ 16,222 പേർ
ആകെ 77,837 അപേക്ഷകരുള്ള ജില്ലയിൽ ഫീസ് കൊടുത്താൽ പോലും 16,222 വിദ്യാർഥികൾക്ക് സ്കൂൾ ഗോയിങ്ങിൽ െറഗുലറായി ഹയർ സെക്കൻഡറി പ്രവേശനം സാധ്യമാവില്ല. 75,554 പേരാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഉപരിപഠന യോഗ്യരായത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു വിഭാഗങ്ങൾ ചേർന്നതോടെ പ്ലസ് വൺ അപേക്ഷകരുടെ എണ്ണം ഉയർന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണ 18,970 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 6,447 ആയിരുന്നു. വലിയ വർധനയാണ് എ പ്ലസുകാരുടെ എണ്ണത്തിലുണ്ടായത്. ഇഷ്ട സ്കൂളുകളും വിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കുന്നതിൽ ഇതോടെ മത്സരം കടുത്തു. വീടിന് ഏറെ അകലെയുള്ള വിദ്യാലയങ്ങളിലാണ് സമ്പൂർണ എ പ്ലസുകാർക്കുപോലും പ്രവേശനം ലഭിക്കുന്നത്.
മറ്റു പഠന സാധ്യതകൾ
വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നവരിൽ 5000ൽപരം പേർക്ക് മാത്രമേ പൊതുമേഖലയിൽ പ്രവേശനം ലഭിക്കൂ. സർക്കാർ, എയ്ഡഡ് മേഖലയിൽ 2790 വി.എച്ച്.എസ്.ഇ സീറ്റുകളാണുള്ളത്. പോളിടെക്നിക്കിൽ 1360ഉം ഐ.ടി.ഐകളിൽ 1124ഉം പേർക്ക് പൊതുമേഖലയിൽ പഠിക്കാം. ഇതിൽ മെറിറ്റ്, നോൺ മെറിറ്റ് സീറ്റുകളുൾപ്പെടും. പോളിയിൽ 750ഉം ഐ.ടി.ഐയിൽ 4856ഉം സീറ്റുകൾ അൺ എയ്ഡഡിലുണ്ട്. ഇതിലും എയ്ഡഡിലെ നോൺ മെറിറ്റ് സീറ്റിലും പഠനം ചെലവേറിയതാണ്. എല്ലാം ചേരുമ്പോൾ 10,880 സീറ്റുകൾ. ഇതിൽ നല്ലൊരു ഭാഗവും ഒഴിഞ്ഞുകിടക്കാറാണ് പതിവ്.
കഴിഞ്ഞ വർഷം സ്കോൾ കേരളയിൽ 19,579 പേർ
10ാം ക്ലാസ് കഴിഞ്ഞാൽ കൂടുതൽ പേരും താൽപര്യം കാണിക്കുന്നത് പ്ലസ് വൺ പഠനത്തിനാണെന്ന് സ്കോൾ കേരള കണക്കുകളും തെളിയിക്കുന്നു. 2020-21ൽ ഓപൺ സ്കൂൾ പ്ലസ് വൺ പഠനത്തിന് സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്തത് 19,579 വിദ്യാർഥികളാണ്. ഇവരിൽ 19,016 പേർ ഓപൺ പ്രൈവറ്റായും 563 പേർ ഓപൺ െറഗുലറായും പഠിക്കുന്നു. സ്കൂൾ ഗോയിങ്ങിൽ സീറ്റ് കിട്ടാത്തവരാണ് സ്കോൾ കേരളയെ ആശ്രയിക്കുന്നത്. 2020-21ൽ സ്കൂൾ ഗോയിങ്ങിൽ പ്രവേശനം നേടിയത് 56,459 വിദ്യാർഥികളാണ്. വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ തുടങ്ങി മറ്റു ഉപരിപഠന സാധ്യതകൾ തേടാതെ ഇരുപതിനായിരത്തോളം പേർ ഓപൺ മേഖലയിൽ പ്ലസ് വണ്ണിന് ചേർന്നു.
കുട്ടികളോട് കൊലച്ചതി
കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി കണക്കെടുത്താൽ 8372 പ്ലസ് വൺ സീറ്റുകളുടെ കുറവ് ജില്ലയിലുണ്ട്. 167 ബാച്ചുകൾ കൂടി വേണമെന്നാണ് ഹയർ സെക്കൻഡറി വിഭാഗത്തിെൻറ കണ്ടെത്തൽ. എന്നാൽ, സാമ്പത്തിക ബാധ്യതയില്ലാതെ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനം നടത്തണമെങ്കിൽ ഇതിെൻറ ഇരട്ടിയോളം ബാച്ചുകൾ അധികമായി വേണം.
കുറേേപ്പർ മറ്റു പഠന സാധ്യതകളെ ഉപയോഗപ്പെടുത്തിയാലും പതിനയ്യായിരത്തിലധികം പേർക്ക് എവിടെയും സീറ്റ് കിട്ടില്ലെന്ന് ഉറപ്പാണ്. 200ൽ കുറയാത്ത ബാച്ചുകൾ അത്യാവശ്യമുണ്ടെന്ന് ചുരുക്കം. ഈ സാഹചര്യത്തിലാണ് ഒരു ബാച്ച് പോലും അധികം അനുവദിക്കാതെ സർക്കാർ ജില്ലയിലെ വിദ്യാഭ്യാസ മേഖലയോട് അവഗണന തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.