പന്തിന് പിന്നാലെ മലപ്പുറം
text_fieldsമഞ്ചേരി: ഫുട്ബാളിന്‍റെ മക്കയായ മലപ്പുറത്തേക്ക് വിരുന്നെത്തിയ സന്തോഷ് ട്രോഫി ടൂർണമെന്‍റിന് ശനിയാഴ്ച വിസിൽ മുഴങ്ങുമ്പോൾ ജില്ല മുഴുവൻ ആവേശത്തിൽ. കടലുണ്ടിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന പുൽമൈതാനത്തിലെ വെള്ളിവെളിച്ചത്തിൽ ഇനിയുള്ള 17 രാവുകളിൽ കാൽപന്തുകളിയുടെ ആരവമുയരും.
ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിന്‍റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആദ്യമത്സരത്തിൽ കരുത്തരായ ബംഗാൾ അട്ടിമറി വീരന്മാരായ പഞ്ചാബിനെ കോട്ടപ്പടി മൈതാനത്ത് നേരിടും. രാവിലെ 9.30നാണ് മത്സരം. രാത്രി എട്ടിന് കേരളം രാജസ്ഥാനെ പയ്യനാട് സ്റ്റേഡിയത്തിൽ നേരിടും. ഫുട്ബാളിനെ ഇടനെഞ്ചിൽ കൊണ്ടുനടക്കുന്നവരുള്ള നാട്ടിലേക്ക് വരുന്ന മത്സരം മലപ്പുറത്തെ കളിപ്രേമികൾ ആവേശത്തോടെയാണ് എതിരേറ്റത്.
പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രഖ്യാപിച്ചതോടെ അതിരട്ടിയായി. രണ്ടര മാസംകൊണ്ടാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്.
പവർഫുൾ പയ്യനാട്
സ്ഥിരമായി വെളിച്ച സംവിധാനം ഇല്ലാത്തതായിരുന്നു പയ്യനാട് സ്റ്റേഡിയത്തിന് ദേശീയ മത്സരങ്ങൾ നഷ്ടപ്പെടാനുള്ള കാരണം. 2014ൽ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷൻ കപ്പിന് താൽക്കാലികമായി ലൈറ്റ് സജ്ജമാക്കിയാണ് മത്സരങ്ങൾ നടത്തിയത്. പിന്നീട് തൊട്ടടുത്ത വർഷം സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കും വേദിയായി.
കഴിഞ്ഞ വർഷം ആദ്യത്തിൽതന്നെ നാലുകോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിളക്കുകൾ സജ്ജമാക്കിയത്. നാല് ടവറുകളിലായി 1200 വെർട്ടിക്കൽ ലെഗ്സസ് പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണ് ഒരുക്കിയത്. സന്തോഷ് ട്രോഫിക്കായി പിന്നീട് 80 ലക്ഷം രൂപ ചെലവഴിച്ച് 2000 ലെഗ്സസ് ആക്കി ഉയർത്തുകയും ചെയ്തു. വൈദ്യുതിക്കായി 22 ലക്ഷം രൂപ ചെലവഴിച്ച് ട്രാൻസ്ഫോർമറും സ്ഥാപിച്ചു. കളിക്കാർക്കും മറ്റു ഒഫിഷ്യലുകൾക്കുമുള്ള മുറി, വി.ഐ.പി പവലിയൻ, കാണികൾക്കുള്ള ഗാലറി എന്നിവ പെയിന്‍റടിച്ച് സജ്ജമാക്കി. മൈതാനത്തിലെ പുല്ല് ലോകോത്തര നിലവാരത്തിലെത്തിച്ചു. വി.ഐ.പി പവലിയൻ കോൺക്രീറ്റ് ചെയ്ത് ഉയരം കൂട്ടി. ഗ്രൗണ്ടിന്‍റെ സുരക്ഷക്കായി വേലിയും സ്ഥാപിച്ചു.
ഇലക്ട്രിക് ജോലികളും മാധ്യമങ്ങൾക്കായി മീഡിയ ഗാലറിയും അതിവേഗ ഇന്‍റർനെറ്റ് സംവിധാനവും ഒരുക്കി. 25 ഏക്കറിൽ പരന്നുകിടക്കുന്ന സ്പോർട്സ് കോംപ്ലക്സിൽ 1200ലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനാകുമെന്നതും നേട്ടമാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഫെബ്രുവരിയിൽ നടത്താനിരുന്ന മത്സരമാണ് രണ്ട് മാസങ്ങൾക്കു ശേഷം നടക്കുന്നത്.
ആവേശം കൊടുമുടിയിൽ എത്തുമോ?
നീണ്ട ഇടവേളക്കും കോവിഡ് വ്യാപനത്തിന് ശേഷവും ലഭിച്ച ആദ്യത്തെ മേജർ ടൂർണമെന്‍റ് ആവേശത്തിലാക്കാനുള്ള തയാറെടുപ്പിലാണ് കായികപ്രേമികൾ. ഫെഡറേഷൻ കപ്പിൽ നിറഞ്ഞുകവിഞ്ഞ മഞ്ചേരിയിലെ 'മാറക്കാന' ഇത്തവണയും നിറയുമെന്ന് അവർ ഉറപ്പിച്ച് പറയുന്നു. ഓൺലൈനിലൂടെയും സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റ് വിൽപന പുരോഗമിക്കുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളിലെ 10 മത്സരങ്ങളും സെമി ഫൈനലും ഫൈനലും അടക്കം 13 മത്സരങ്ങൾക്കാണ് പയ്യനാട് വേദിയാകുക.
കേരളത്തിന്‍റെ മുഴുവൻ മത്സരങ്ങളും നടക്കുന്നത് പയ്യനാട്ടായതിനാൽ ആരാധകർ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയിൽനിന്നുള്ള ആറ് പേർ ടീമിൽ ഇടം പിടിച്ചതും ഗുണം ചെയ്യും. ഒരേസമയം 25,000 പേർക്ക് കളി കാണാനാകും. ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.
പയ്യനാട്ട് പ്രവേശനം പ്രധാന ഗേറ്റിലൂടെ, കോട്ടപ്പടിയിൽ പാർക്കിങ്ങിന് പ്രത്യേക സൗകര്യം
മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവര്‍ക്ക് പയ്യനാട് ഭാഗത്തുനിന്നുള്ള മെയിന്‍ ഗേറ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്‍റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം.
മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിന് അകത്ത് ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ്ങിന് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍, ബാങ്ക് എന്നിവ വഴി ടിക്കറ്റോ സീസണ്‍ ടിക്കറ്റോ എടുക്കാത്തവര്‍ക്ക് കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുക്കാന്‍ കഴിയും.
ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ അതിന്‍റെ കോപ്പിയും സീസണ്‍ ടിക്കറ്റ് കൈവശമുള്ളവര്‍ സീസണ്‍ ടിക്കറ്റിന്‍റെ കോപ്പിയും കൈവശം കരുതേണ്ടതാണ്. ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിന്‍റെ സമീപത്തേക്ക് പ്രവേശനം ലഭിക്കില്ല. ഗാലറി ടിക്കറ്റ് എടുത്തവര്‍ക്ക് നാല് എൻട്രി പോയന്‍റിലൂടെ അകത്തേക്ക് പ്രവേശിക്കാം. കസേര ടിക്കറ്റിന് രണ്ടും വി.ഐ.പി കസേര ടിക്കറ്റിന് ഒന്നും എൻട്രി പോയന്‍റാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. മെയിന്‍ എൻട്രി പോയന്‍റ് വഴി മത്സരത്തിനുള്ള താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ക്കും ഓര്‍ഗനൈസിങ് കമ്മിറ്റിയിലെ പ്രമുഖര്‍ക്കും മെഡിക്കല്‍ ടീമിനും മാത്രമായിരിക്കും പ്രവേശനം.
കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരൂര്‍, പരപ്പനങ്ങാടി റോഡുകളിലൂടെ വരുന്നവര്‍ക്ക് വലിയവരമ്പ് ബൈപാസ് റോഡില്‍ പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് റോഡില്‍ വാറങ്ങോട് (ആര്‍.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ട്) പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി, ഗെസ്റ്റ് എന്നിവര്‍ക്ക് ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. ഗേറ്റ് രണ്ട്, അഞ്ച് എന്നിവയിലൂടെയായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.