മലപ്പുറം താലൂക്ക് ആശുപത്രി കെട്ടിടം; 'ഉടമസ്ഥ പ്രശ്നത്തിൽ എൻ.ഒ.സി ലഭ്യമാക്കാൻ നടപടിയുണ്ടാകും'
text_fieldsമലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങാനും പുതിയ കെട്ടിടത്തിന് ഉടമസ്ഥത സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽനിന്ന് നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി നടത്തിയ സന്ദർശനശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഡയാലിസിസ് കേന്ദ്രത്തിന് നിലവിലെ മൂന്നുനില കെട്ടിടത്തിന് മുകളിൽ പുതിയ ഒരു നിലകൂടി സ്ഥാപിച്ച് കേന്ദ്രം സജ്ജമാക്കാനാണ് ശ്രമമെന്ന് മന്ത്രി അറിയിച്ചു.
ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ എം.എൽ.എ, നഗരസഭ ഫണ്ടുകൾ വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആശുപത്രിയിൽ പുതിയ കെട്ടിടത്തിനായി 2021ൽ കേന്ദ്രസർക്കാരിൽ 10 കോടി രൂപയാണ് അനുവദിച്ചത്. ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.
എന്നാൽ, കെട്ടിട നിർമാണത്തിന് സ്ഥലത്തിന്റെ ഉടമസ്ഥ തർക്കം സംബന്ധിച്ച സാങ്കേതിക തടസ്സം പദ്ധതി നീണ്ടുപോകുന്നതിന് കാരണമായി.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിലെ സാങ്കേതികത്വമാണ് പ്രശ്നത്തിന് കാരണം. എം.എൽ.എ അടക്കമുള്ളവർ വിഷയം ചൂണ്ടിക്കാട്ടിയിട്ടും നടപടികൾ മന്ദഗതിയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചാൽ മാത്രമേ പദ്ധതി പ്രവർത്തനങ്ങളിലേക്ക് കടക്കാനാകൂ.
നിവേദനങ്ങളുമായി എം.എൽ.എയും
മലപ്പുറം: താലൂക്ക് ആശുപത്രി സന്ദർശനത്തിനെത്തിയ മന്ത്രി വീണ ജോർജിന് മുന്നിൽ നിവേദനങ്ങളുമായി പി. ഉബൈദുല്ല എം.എൽ.എ. ആശുപത്രിയുടെ വികസനത്തിന് വൃക്ക രോഗികൾക്കായി ഡയാലിസിസ് കേന്ദ്രം, പോസ്റ്റ് മോർട്ടത്തിനായി ഫോറൻസിക് സർജൻ, ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തൽ, വെന്റിലേറ്റർ സൗകര്യത്തിന് അനുസരിച്ച് ഡോക്ടർമാരെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കൽ, പബ്ലിക് ഹെൽത്ത് ലാബിന് സ്ഥലം അനുവദിക്കൽ, ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സ്ഥാപിക്കൽ എന്നിവ ആവശ്യപ്പെട്ടാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
സുഖവിവരങ്ങൾ തിരക്കി മന്ത്രി
മലപ്പുറം: വെള്ളിയാഴ്ച മൂന്ന് മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി ആദ്യം ആശുപത്രിയുടെ പ്രവർത്തനം വിലയിരുത്തി. തുടർന്ന് ചികിത്സയിലുള്ള രോഗികളെ സന്ദർശിച്ച് സുഖവിവരങ്ങൾ തിരക്കി. ഓരോ രോഗികളും അവരുടെ രോഗവിവരങ്ങളും വേവലാതികളും മന്ത്രിയോട് വിവരിച്ചു.
രോഗികൾക്ക് കൂട്ടിനെത്തിയ കുട്ടികളോടും സ്ത്രീകളോടും കുശലാന്വേഷണവും നടത്തി. തുടർന്ന് പി. ഉബൈദുല്ല എം.എൽ.എ, നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. അജേഷ് രാജൻ എന്നിവരുമായി ആശുപത്രിയുടെ നടത്തിപ്പ് സംബന്ധിച്ചും പരിമിതികളും ചോദിച്ചറിഞ്ഞു. വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പ്രശ്നങ്ങളിൽ പ്രത്യേക ചർച്ച
മലപ്പുറം: ജില്ലയിലെ ആശുപത്രികളുടെ എല്ലാ പ്രശ്നങ്ങളും എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രത്യേകം ചർച്ച ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ജില്ല കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓരോ വിഷയങ്ങളും എങ്ങനെ പരിഹരിക്കാൻ കഴിയുമെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ സേവനങ്ങൾ ലഭ്യമാവുന്നില്ലെന്ന് ബോധ്യപ്പെട്ടു -മന്ത്രി
പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിലെ സേവനം പൂർണാർഥത്തിൽ ലഭ്യമാവുന്നില്ലെന്ന് ബോധ്യപ്പെട്ടതായും ഇതിന് പരിഹാരമുണ്ടാവുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. 177 കിടക്കകളോടെ വർഷങ്ങളായി താലൂക്ക് ആശുപത്രിയായി തുടരുകയും 2014ൽ ജില്ല ആശുപത്രിയാവുകയും ചെയ്ത ഇവിടെ ഒരുവർഷമായി സൂപ്രണ്ടില്ലാത്തതും മൂന്നുനിലകളിൽ നിർമിച്ച മാതൃ-ശിശു ബ്ലോക്കിൽ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകളും പീഡിയാട്രിക് ഐ.സി.യുവും നാലു തിയറ്ററുകളും അടക്കം പ്രവർത്തന സജ്ജമാവാത്തതും മന്ത്രി നടന്നുകണ്ടു.
ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു നിലവിലെ പരിമിതികളും ആശുപത്രിയുടെ സ്ഥിതിയും മന്ത്രിയെ ബോധ്യപ്പെടുത്തി. പ്രസവ വാർഡും തിയറ്റർ കോംപ്ലക്സും പീഡിയാട്രിക് ഐ.സി.യുവും ഓപറേഷൻ തിയറ്ററുകളും അത്യാഹിത വിഭാഗവും ആർദ്രം പദ്ധതിയിൽ നടക്കുന്ന 1.4 കോടിയുടെ കെട്ടിട നിർമാണവും മന്ത്രി സന്ദർശിച്ചു.
മൂന്നുനില മാതൃ-ശിശു ബ്ലോക്കിലെ സൗകര്യങ്ങൾ മന്ത്രി പരിശോധിച്ചു. ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ ഉപകരണങ്ങളും ഐ.സി.യു സൗകര്യങ്ങളും രോഗികൾക്ക് ഉപയോഗമില്ലാതെ കിടക്കുകയാണ്. മാതൃ-ശിശു ബ്ലോക്കിൽ ഫയർ എൻ.ഒ.സി ലഭ്യമാക്കാൻ ജില്ല പഞ്ചായത്ത് പദ്ധതി നടക്കുന്നു.
മാതൃ-ശിശു പരിചരണത്തിന് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന ലക്ഷ്യപദ്ധതി ഈ ബ്ലോക്കിലാണ്. നാല് ഓപറേഷൻ തിയറ്റർ, ശിശുവിഭാഗം ഐ.സി.യു, ലേബർ റൂമുകൾ എന്നിവ ഇതിലുണ്ടെങ്കിലും പൂർണമായി പ്രവർത്തിക്കുന്നില്ല. ലക്ഷ്യ സ്റ്റാൻഡേർഡ് പ്രകാരം കോടികളുടെ വികസനമാണ് അനുബന്ധമായി വരുന്നത്. പ്രസവം നടക്കുന്ന ആശുപത്രിയെന്ന പരിഗണന ലഭിക്കേണ്ട കേന്ദ്രമാണിത്.
ഫയർ എൻ.ഒ.സി ഇല്ലെന്ന കാരണത്താൽ ഇവയൊന്നും പ്രവർത്തിപ്പിക്കാനാവാത്തത് നിർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ ഡയറക്ടർ ഡോ. കെ.ജെ. റീന, നജീബ് കാന്തപുരം എം.എൽ.എ, ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, നഗരസഭ ചെയർമാൻ പി. ഷാജി, എച്ച്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.