മലപ്പുറം; അത്യുഷ്ണം: വേണം, ജാഗ്രത
text_fieldsജോലിസമയം ക്രമീകരിക്കണം
മലപ്പുറം: ജില്ലയിൽ ചൂടിന്റെ കാഠിന്യം കൂടുകയാണ്. പകൽ പോലെ രാത്രിയിലും അത്യുഷ്ണം അനുഭവപ്പെടുന്നുണ്ട്. തീപിടിത്തങ്ങൾ വ്യാപകമായതിനാൽ അഗ്നിരക്ഷ സേന നിന്ന് തിരിയാൻ സമയമില്ലാതെ പെടാപ്പാട് പെടുകയാണ്. താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ജോലി സമയം ക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി. സൂര്യപ്രകാശം നേരിട്ട് ഏല്ക്കേണ്ടിവരുന്ന സമയം പുനഃക്രമീകരിച്ച് തൊഴിൽവകുപ്പ് ഉത്തരവിടണം. അതിനനുസരിച്ച് തൊഴില്‍ ദാതാക്കൾ സഹകരിക്കണം. ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക അറിയിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിനജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. ശരീരതാപം ക്രമാതീതമായി ഉയര്‍ന്നാല്‍ ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ് കുറയുക, അബോധാവസ്ഥ എന്നിവ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുത്.
സൂര്യാഘാതം
ശരീരത്തില്‍ കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്ക്കാന് സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനം തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാന്‍ തടസ്സം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.
സൂര്യാതപം
സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ശരീരത്തില്‍ നീറ്റലും ഉണ്ടാവുകയും ചെയ്യാം. കടുത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.
തടയാം തീപിടിത്തം
വേനല്‍ ചൂട് വർധിച്ചുവരുന്നതിനാൽ പുൽക്കാടുകൾക്കും ചപ്പുചവറുകൾക്കും തീപിടിക്കുന്നത് വർധിച്ചിരിക്കുകയാണ്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വന്‍ ദുരന്തമായി മാറിയേക്കാം. ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. തോട്ടങ്ങളുടെ അതിരില്‍ തീ പടരാതിരിക്കാന്‍ ഫയര്‍ ബ്രേക്കര്‍ നിർമിക്കുക, മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പുകവലിച്ച ശേഷം കുറ്റി തീ അണക്കാതെ വലിച്ചെറിയരുത്.
ഇവ ശ്രദ്ധിക്കാം
- ദാഹമില്ലെങ്കിലും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം.
- നേരിട്ടുള്ള വെയില് ഏല്‍ക്കരുത്. കുടയോ, തൊപ്പിയോ ഉപയോഗിക്കുക.
- കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
- ദിവസവും രണ്ടുനേരം തണുത്ത വെള്ളത്തിൽ കുളിക്കുക
- കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
- വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
- വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പുവരുത്തുക.
- കാപ്പി, ചായ, കാർബണേറ്റ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ ഒഴിവാക്കുക.
- ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, മോരുംവെള്ളം എന്നിവ കുടിക്കാം
- വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്നവർ ജോലി സമയം ക്രമീകരിക്കുക.
വിദ്യാലയങ്ങളിൽ രണ്ട് തവണ വാട്ടർ ബെൽ മുഴങ്ങും
മലപ്പുറം: അത്യുഷ്ണത്തെ മറികടക്കാൻ സ്കൂളുകളിൽ വാട്ടർ ബെൽ മുഴങ്ങും. എല്ലാ ദിവസവും രാവിലെ 11നും വൈകുന്നേരം മൂന്നിനുമാണ് വാട്ടർ ബെൽ മുഴങ്ങുക. ഇതുസംബന്ധിച്ച് ഡി.ഡി.ഇ, ജില്ല,
ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകി. ബെല്ലടിച്ചാൽ കുട്ടികൾ വെള്ളം കുടിച്ചു എന്നു ഉറപ്പുവരുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.