കോവിഡിനെ ചെറുക്കാൻ വിപുലമായ സംവിധാനങ്ങളുമായി മലപ്പുറം
text_fieldsമലപ്പുറം: കോവിഡ് പടരുേമ്പാഴും രോഗികളെ ചികിത്സിക്കാനും ആവശ്യമായ സേവനങ്ങൾ നൽകാനും വിപുലമായ സംവിധാനങ്ങളാണ് ജില്ലയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ സജ്ജമാക്കിയിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കാജനകമാണെങ്കിലും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയുണ്ടാവണമെന്നുമാണ് അധികൃതർ നൽകുന്ന നിർദേശം. സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ പകുതി കിടക്കകൾ ചികിത്സക്കായി മാറ്റിവെക്കണമെന്ന നിർദേശം പ്രമുഖ ആശുപത്രികളിലെല്ലാം നടപ്പാക്കിയതോടെ നിരവധി രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. കോവിഡ് ചികിത്സക്കായി ബെഡുകൾ ഒരുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെങ്കിലും പരമാവധി വേഗത്തിലാണ്സജ്ജമാക്കുന്നത്. ജില്ലയിൽ സർക്കാർ, സ്വകാര്യ മേഖലയിലെ കിടക്കകളുടെ എണ്ണവും ഏർപ്പെടുത്തിയ സൗകര്യങ്ങളും ഇവയാണ്.
സർക്കാർ സംവിധാനങ്ങൾ
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ ജില്ല ആശുപത്രി, വേങ്ങര കുടുംബാരോഗ്യ കേന്ദ്രം, പെരിന്തല്‍മണ്ണ ജില്ല ആശുപത്രി, തിരൂര്‍ ജില്ല ആശുപത്രി, പൊന്നാനി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, അരീക്കോട്, വണ്ടൂർ എന്നിവിടങ്ങളാണ് കോവിഡ് ചികിത്സയുള്ള സര്‍ക്കാര്‍ ആശുപത്രികൾ. മലപ്പുറം, െകാണ്ടോട്ടി താലൂക്ക് ആശുപത്രികളിൽ നിലവിൽ കോവിഡ് ചികിത്സ സൗകര്യങ്ങളില്ല.
സി.എസ്.എൽ.ടി.സി
ഓക്സിജൻ സിലിണ്ടറിെൻറ സഹായം വരെ ആവശ്യമുള്ള രോഗികളുള്ള കേന്ദ്രങ്ങളാണ് കോവിഡ് സെക്കൻഡറി ലെവൽ ട്രീറ്റ്മെൻറ് സെൻററുകൾ (സി.എസ്.എൽ.ടി.സി). കരിപ്പൂർ ഹജ്ജ് ഹൗസ്, നിലമ്പൂര്‍ ഐ.ജി.എ.എം.ആര്, യൂനിവേഴ്സിറ്റി ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.
സി.എഫ്.എൽ.ടി.സി
കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.എൽ.ടി.സി) ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂനിവേഴ്സിറ്റി വനിത ഹോസ്റ്റല്‍, മഞ്ചേരി മുട്ടിപ്പാലം, പഴയ നഗരസഭ ഓഫിസ് പരിസരത്തെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടം, കാളികാവ് സി.എച്ച്.സി എന്നിവിടങ്ങളിലാണ് നിലവില്‍ കേന്ദ്രങ്ങളുള്ളത്.
ഡൊമിസിലിയറി കെയർ സെൻററുകൾ
കാര്യമായ രോഗലക്ഷണങ്ങളില്ലെങ്കിലും വീടുകളിൽ സൗകര്യമില്ലാത്തവരെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളാണ് ഡൊമിസിലിയറി കെയർ സെൻററുകൾ. പെരിന്തൽമണ്ണ അലീഗഢ് യൂനിവേഴ്സിറ്റി കാമ്പസ്, കോട്ടക്കല്‍ ഗവ. രാജാസ് ഹൈസ്കൂള്‍, മലപ്പുറം ശിക്ഷക് സദന് എന്നിവിടങ്ങളിൽ ഡൊമിസിലിയറി കെയര്‍ സെൻററുകൾ പ്രവർത്തിക്കുന്നു. വിവിധ പഞ്ചായത്തുകൾക്ക് കീഴിലും ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
സ്വകാര്യ മേഖല പെരിന്തൽമണ്ണ
നാല് ആശുപത്രികളിലായി ആകെയുള്ള 1586 ബെഡിൽ 50 ശതമാനം കോവിഡ് ചികിത്സക്ക് നീക്കിവെക്കുമ്പോൾ 793 ബെഡ് ലഭിക്കും. നഗരസഭ പരിധിയിൽ മാത്രം സർക്കാർ കണക്ക് പ്രകാരം കിംസ് അൽശിഫ ആശുപത്രി 313, മൗലാന 300, രാംദാസ് 95, പെരിന്തൽമണ്ണ നഴ്സിങ് ഹോമിൽ 48, ക്രാഫ്റ്റ് 35 എന്നിങ്ങനെയാണ് കിടക്കകളുള്ളത്. ഇ.എം.എസ് സഹകരണ ആശുപത്രിയിലെ 373 കിടക്കകളുടെ പകുതി കോവിഡ് ചികിത്സക്കായി മാറ്റി. ഐ.സി.യു ബെഡുകളും പുതിയ ഒാക്സിജൻ വാർഡും തയാറാക്കുന്നുമുണ്ട്. എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ 600 ബെഡിൽ 300 രോഗികളെ ചികിത്സിക്കാൻ സൗകര്യമുണ്ട്. നിലവിൽ ഇവിടെ 100 രോഗികളാണുള്ളത്. നേരേത്ത ഐ.സി.യു ബെഡ് 20 ആയിരുന്നുവെങ്കിലും 30 ആക്കി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
കോട്ടക്കൽ
ആസ്റ്റർ മിംസ് കോട്ടക്കലിൽ 32 കിടക്കകളാണ് തയാറായിരിക്കുന്നത്. ഐ.സി.യു സൗകര്യം എട്ടെണ്ണത്തിനുണ്ട്. മൂന്ന് വെൻറിലേറ്ററും 29 ഒാക്സിജൻ സംവിധാനമുള്ള കിടക്കകളുമുണ്ട്. കോവിഡ് രോഗികൾക്കുള്ള ഫീൽഡ് ഹോസ്പിറ്റലും പ്രവർത്തനമാരംഭിച്ചു. അൽമാസ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ 110 ബെഡുകളാണുള്ളത്. പത്ത് ഐ.സി.യു സംവിധാനമുണ്ട്. വെൻറിലേറ്റർ നാലെണ്ണവും നോൺ ഇൻവോറ്റിവ് വെൻറിലേറ്ററും (എൻ.ഐ.വി) നാലെണ്ണവുമാണുള്ളത്. 20 ഓക്സിജൻ ബെഡും സജ്ജമാണ്.
മഞ്ചേരി
മഞ്ചേരി പ്രശാന്തി ആശുപത്രിയിൽ 35 കിടക്കകൾ സജ്ജമാക്കി. അഞ്ച് ഐ.സി.യു കിടക്കകളും ഒരു വെൻറിലേറ്റർ സൗകര്യവുമുണ്ട്. ഓക്സിജൻ ലഭ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കാനാകും. കൊരമ്പയിൽ ആശുപത്രിയിൽ 50 കിടക്കകളാണ് മാറ്റിവെച്ചത്. ഇതിൽ 15 രോഗികൾ ചികിത്സയിലുണ്ട്. ഐ.സി.യു കിടക്കകളുടെ സൗകര്യമില്ല. മലബാർ ആശുപത്രിയിൽ 32 കിടക്കകളാണ് കോവിഡ് രോഗികൾക്കായി ഉള്ളത്. ഇതിൽ 24 രോഗികൾ ചികിത്സയിലുണ്ട്. നോൺ വെൻറിലേറ്റർ ഐ.സി.യു മൂന്നെണ്ണം ഉണ്ട്.
മലപ്പുറം
പി.എസ്.എം.എ സഹകരണ ആശുപത്രിയിൽ 50 കിടക്കളുണ്ട്. ഇതിൽ നാലെണ്ണം ഐ.സി.യു കിടക്കളാണ്. വെൻറിലേറ്റർ സൗകര്യമില്ല. ഓക്സിജൻ ക്ഷാമമുണ്ട്. രണ്ട് ദിവസത്തേക്ക് കൂടിയുള്ള ഓക്സിജനാണുള്ളത്. ഓർഡർ ചെയ്യുന്നതിെൻറ പകുതി മാത്രമാണ് കിട്ടുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എം.ബി.എച്ച് ആശുപത്രിയിൽ 30 ബെഡുകളുണ്ട്. ഓക്സിജൻ ക്ഷാമമുള്ളതിനാൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
കൊണ്ടോട്ടി
കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലും മേഴ്സി ഹോസ്പിറ്റലിലും 50 ശതമാനം കിടക്കകള്‍ മാറ്റിവെച്ചു. ഇവയിലെല്ലാം രോഗികളുണ്ട്. റിലീഫ് ആശുപത്രിയില്‍ ആകെ 65 കിടക്കകളാണുള്ളത് ഇതില്‍ 35 എണ്ണമാണ് മാറ്റിെവച്ചിരിക്കുന്നത്.
വെൻറിലേറ്റര്‍ സൗകര്യമില്ല. കോവിഡ് യൂനിറ്റില്‍ എട്ട് ഓക്സിജന്‍ സിലിണ്ടറുകളാണുള്ളത്. രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് ആവശ്യമായ ഫ്ലോമീറ്ററിെൻറ അഭാവം അധികം രോഗികള്‍ എത്തുമ്പോള്‍ ഓക്സിജന്‍ നല്‍കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഇവയുടെ ക്ഷാമമുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
മേഴ്സി ഹോസ്പിറ്റലില്‍ 25 ബെഡുകളാണ് കോവിഡ് യൂനിറ്റിനായി മാറ്റിെവച്ചത്. വെൻറിലേറ്റര്‍ സൗകര്യം ഇവിടെയുമില്ല. നിലവില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവമില്ല.
തിരൂർ
മേഖലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും 50 ശതമാനം കിടക്കകൾ മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ നിർദേശം പാലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയുടെ നേതൃത്വത്തിൽ അധികൃതർ ആശുപത്രികളിൽ സന്ദർശനം നടത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സക്കായി ഈടാക്കുന്ന ചാർജുകൾ പ്രദർശിപ്പിക്കണമെന്ന സർക്കാർ നിർദേശം പാലിക്കുന്നുണ്ടോ എന്നറിയാൻ വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വി. ഖാലിദ് പറഞ്ഞു. നിലവിൽ സർക്കാറിെൻറ ഉത്തരവ് നഗരസഭക്ക് ലഭിച്ചിട്ടില്ല. ഇത് ലഭിച്ച ഉടൻ നിർദേശം പാലിക്കുന്നത് ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എടപ്പാൾ
രണ്ട് പ്രമുഖ ആശുപത്രികളിലും 50 ശതമാനം കിടക്കകൾ ഒരുക്കി. എടപ്പാൾ ആശുപത്രിയിൽ 48ഉം ശുകപുരം ആശുപത്രിയിൽ 22 കിടക്കകളുമാണുള്ളത്. സർക്കാർ നിശ്ചയിച്ച ഫിസ് നിരക്ക് മാത്രമേ ഈടാക്കൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
മറ്റ് ആശുപത്രികൾ
ആലത്തിയൂര്‍ ഇമ്പിച്ചിബാവ, വളാഞ്ചേരി നടക്കാവില്‍ ആശുപത്രി, പരപ്പനങ്ങാടി നിംസ്, നിസാര്‍ ആശുപത്രി, ചെട്ടിപ്പടി പ്രശാന്ത് തുടങ്ങി ചെറുതും വലുതുമായ ആശുപത്രികളിലും കോവിഡ് കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.