ഹൈവോൾട്ടേജ് കാമ്പയിന് അരങ്ങൊരുങ്ങി
text_fieldsമലപ്പുറം: വരാനിരിക്കുന്നത് അത്യുഷ്ണത്തെ വെല്ലുന്ന പ്രചാരണദിനങ്ങൾ. വ്രതാനുഷ്ഠാനത്തിന്റെ പുണ്യനാളുകൾക്ക് പരിസമാപ്തിയായി. വിഷുവും കൂടി കഴിഞ്ഞാൽ പിന്നെ മനം നിറയെ തെരഞ്ഞെടുപ്പ് ആവേശം. ഹൈവോൾട്ടേജ് കാമ്പയിന് മുന്നണികൾ കച്ചമുറുക്കി. സ്ഥാനാർഥിക്ക് വോട്ടുതേടി ദേശീയ, സംസ്ഥാന നേതാക്കൾ അടുത്ത ദിവസങ്ങളിൽ ജില്ലയിലെത്തും.
മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ വാഹന പര്യടനത്തിന് തുടക്കമായി. മോങ്ങത്ത് രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഓരോ മണ്ഡലങ്ങളിൽ ഓരോ ദിവസം എന്ന രീതിയിലാണ് പര്യടനം. ഒരു ദിവസം ഒരു മണ്ഡലത്തിലെ 35 സ്ഥലങ്ങളിൽ സ്ഥാനാർഥിയും നേതാക്കളുെമത്തും.
അവസാന നാലുദിവസം രണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഒരു ദിവസം എന്ന നിലക്ക് സ്ഥാനാർഥിയുടെ റോഡ്ഷോ അരങ്ങേറും. ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും കുറഞ്ഞത് ഒരു പൊതുയോഗമെങ്കിലും സംഘടിപ്പിക്കും. വിവിധ പൊതുയോഗങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വെള്ളിയാഴ്ച കൊണ്ടോട്ടി മണ്ഡലത്തിലാണ് ഇ.ടിയുടെ പര്യടനം.
എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫിന്റെ രണ്ടാംഘട്ട വാഹനപര്യടനത്തിന് വെള്ളിയാഴ്ച കൊേണ്ടാട്ടിയിൽ തുടക്കമാവും. നിയോജക മണ്ഡലം റാലികൾ പൂർത്തിയായി. ഇനി പഞ്ചായത്ത് റാലികളിലേക്കാണ് എൽ.ഡി.എഫ് കടക്കുന്നത്. ഈ റാലികളിൽ വിവിധ സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുക്കും. 16ന് സുഭാഷിണി അലി, എം.എ. ബേബി എന്നിവർ റാലികളെ അഭിസംബോധന ചെയ്യും. 13ന് വൈകീട്ട് ഏഴിന് കോട്ടപ്പടിയിൽ എൽ.ഡി.എഫ് പ്രചാരണത്തിന്റെ ഭാഗമായി ആൽമരം ബാൻഡിന്റെ മ്യൂസിക് ഷോ അരങ്ങേറും.
യു.ഡി.എഫ് പൊന്നാനി മണ്ഡലം സ്ഥാനാർഥി അബ്ദുസമദ് സമദാനി ശനിയാഴ്ച മുതൽ തുറന്ന വാഹനത്തിൽ മണ്ഡലത്തിലുടനീളം പര്യടനം തുടങ്ങും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സമദാനിക്ക് വോട്ടഭ്യർഥിക്കാനായി 16ന് താനൂരിലെത്തും. വെള്ളിയാഴ്ച വി.ഡി. സതീശൻ പങ്കെടുക്കുന്ന പരിപാടിയോടെ പൊതുയോഗങ്ങൾക്കും തുടക്കംകുറിക്കും. 13ന് വിവിധ കേന്ദ്രങ്ങളിൽ രമേശ് ചെന്നിത്തല പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും. വിവിധ പൊതുയോഗങ്ങളിൽ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരും പങ്കെടുക്കും. 19ന് പരപ്പനങ്ങാടി മുതൽ പടിഞ്ഞാറെക്കര വരെയും 22ന് പൊന്നാനി കാപ്പിരിക്കാട് മുതൽ പെരുമ്പടപ്പ് വരെയും തീരദേശ യുവജന റാലി നടക്കും.
എൽ.ഡി.എഫ് പൊന്നാനി മണ്ഡലം സ്ഥാനാർഥി കെ.എസ്. ഹംസ വെള്ളിയാഴ്ച മുതൽ മണ്ഡലത്തിൽ തുറന്ന വാഹനത്തിൽ പര്യടനം ആരംഭിക്കും.
ഇതോടൊപ്പം പ്രമുഖ സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്കും തുടക്കമാവും.16ന് ചെമ്മാട് പി.ബി അംഗം സുഭാഷിണി അലിയും 18ന് തൃത്താല തിരുത്തിപ്പാറ, ആലത്തിയൂർ, താനൂർ ടൗൺ എന്നിവിടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും 19ന് പൊന്നാനി കുണ്ടുകടവ്, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിൽ പി.ബി. അംഗം എം.എ. ബേബിയും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.
20ന് ആതവനാട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എത്തും. ബി.ജെ.പി മലപ്പുറം, പൊന്നാനി മണ്ഡലം സ്ഥാനാർഥികളായ എം. അബ്ദുൽ സലാമും നിവേദിത സുബ്രഹ്മണ്യനും തുറന്ന വാഹനത്തിൽ മണ്ഡല പര്യടനത്തിലാണ്. ബി.ജെ.പി ദേശീയ നേതാക്കളുടെ പരിപാടികളുടെ സമയക്രമം ആവുന്നതേയുള്ളു.
രാഹുൽ 16നും 23നും ജില്ലയിൽ; പ്രിയങ്ക, ഖാർഗേ, രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ തുടങ്ങിയവരും മണ്ഡലത്തിലെത്തും
മലപ്പുറം: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി 16നും 23നും വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും. മറ്റു ദിവസങ്ങളിൽ രാഹുലിന് വോട്ടഭ്യർഥിക്കാൻ കോൺഗ്രസിന്റെ ഉന്നത നേതാക്കളായ പ്രിയങ്ക, ഖർഗേ, രേവന്ദ് റെഡ്ഡി, സിദ്ധരാമയ്യ തുടങ്ങിയവരും മണ്ഡലത്തിലെത്തും. വയനാട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ 16, 17 തീയതികളിൽ വണ്ടൂർ നിയോജക മണ്ഡലത്തിൽ വീണ്ടും പ്രചാരണത്തിെനത്തും.
എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ വ്യാഴാഴ്ച നിലമ്പൂർ മണ്ഡലത്തിൽ പ്രചാരണം പൂർത്തിയാക്കി. 13ന് വയനാട് പനമരത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.