ഫയല്‍ അദാലത്തുമായി മമ്പാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി
text_fieldsമമ്പാട്: സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് രണ്ടിന് മമ്പാട് ഐ.കെ ഹാളില്‍ നടക്കുന്ന അദാലത്തില്‍ ഭരണസമിതിക്ക് പുറമെ വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതിയെ മാതൃകയാക്കിയാണ് പഞ്ചായത്ത് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. പഞ്ചായത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലെ സ്ഥാപനങ്ങളിലെ അപേക്ഷകളും പരാതികളും അതത് സ്ഥിരം സമിതിയുടെയും സ്ഥാപന മേധാവിയുടെയും നേതൃത്വത്തില്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും. മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ പരാതികള്‍ അതത് വകുപ്പുകളുമായി ബന്ധപ്പെട്ട് ഭരണസമിതി മുന്‍കൈയെടുത്ത് പരിഹാരം ഉറപ്പുവരുത്തും.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ പഞ്ചായത്ത് ലൈസന്‍സ്, പഞ്ചായത്ത് ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായം എന്നിവക്കുള്ള അപേക്ഷകളും പരിഗണിച്ച് തീര്‍പ്പാക്കും. ജൂലൈ ഒന്ന് മുതല്‍ അദാലത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ജൂലൈ 15 ആണ് അവസാന തീയതി. അപേക്ഷകള്‍ സ്വീകരിക്കാൻ പഞ്ചായത്ത് ഓഫിസില്‍ ജൂലൈ ഒന്ന് മുതല്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിക്കും. അപേക്ഷകള്‍ തയാറാക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകും. ലഭിക്കുന്ന അപേക്ഷകള്‍ അതത് സ്ഥിരം സമിതികള്‍ക്കും വകുപ്പ് മേധാവികള്‍ക്കും കൈമാറും.
ജൂലൈ 15ന് ശേഷം വിവിധ സ്ഥിരം സമിതികള്‍ക്ക് ലഭിച്ച അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുകയും അംഗീകാരത്തിന് ഭരണസമിതിക്ക് സമര്‍പ്പിക്കുകയും ചെയ്യും. 30ന് മുമ്പ് ഈ അജണ്ട മാത്രം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക ഭരണസമിതിയോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. പരിപാടിയുടെ വിജയത്തിന് വിപുലമായ മുന്നൊരുക്കമാണ് ആരംഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.