കാറിലെത്തിയ യുവാവ് തോട്ടിൽ തുണിയലക്കുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു
text_fieldsപെരിന്തൽമണ്ണ: തോട്ടിൽ തുണിയലക്കുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി പെരിന്തൽമണ്ണ പൊലീസ്. പരിയാപുരം സ്വദേശിയായ തെക്കേ വളപ്പിൽ വീട്ടിൽ അബ്ദുൾ ജലീൽ (28) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. മോഷണവും അറസ്റ്റും തെളിവെടുപ്പും റിമാൻറും എല്ലാം ഒറ്റ ദിവസം തന്നെ പൂർത്തിയായി. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിനു സമീപത്തുള്ള തോട്ടിൽ തുണി അലക്കുകയായിരുന്ന പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശിയായ 50 കാരിയുടെ മൂന്നുപവൻ മാലയാണ് പൊട്ടിച്ചത്.
കാറിലെത്തിയ അബ്ദുൾ ജലീൽ, കാർ കഴുകാൻ വെള്ള മെടുക്കാനെന്ന വ്യാജേന തോട്ടിലിറങ്ങി സ്ത്രീയുടെ മാല പൊട്ടിച്ച് വേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. മാലയുടെ പകുതി സ്ത്രീയുടെ കയ്യിൽ കിട്ടി. ബഹളം വെച്ച് ആളുകൂടിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു. വാഹന നമ്പർ നാട്ടുകാർ പൊലീസിനു കൈമാറി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പുത്തനങ്ങാടിയിൽ നിന്ന് പിടികൂടിയത്. വൈകീട്ട് യുവാവിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഒാഫീസർ സി.കെ. നാസർ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുത്തനങ്ങാടിയിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ മാരായ അബ്ദുൾസലീം, ഷാജഹൻ, സി.പി.ഒ മാരായ ഷക്കീൽ, സജീർ, മിഥുൻ, എം.കെ. വിനീത്,ഐ.പി. രാജേഷ്, വിനീത് എൻ.കെ, സലീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബുധനാഴ്ച പെരിന്തൽമണ്ണ വളയം മൂച്ചിയിൽ വെച്ച് യുവതിയുടെ സ്കൂട്ടർ പിന്തുടർന്ന് മാല പൊട്ടിച്ച പ്രതിയെയും അങ്ങാടിപ്പുറത്ത് ജോലി കഴിഞ്ഞു പോവുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെയും ഇപ്രകാരം സംഭവം നടന്ന് വൈകാതെ പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.