മഞ്ചേരി ഗവ. പോളിടെക്നിക് കോളജ്; അക്കാദമിക് ബ്ലോക്കും മെക്കാനിക്കൽ വർക്ക്ഷോപ്പും ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsമഞ്ചേരി: ഗവ. പോളിടെക്നിക് കോളജിലെ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. അക്കാദമിക് ബ്ലോക്കിന്റെയും മെക്കാനിക്കൽ എൻജിനീയറിങ് വർക്ക്ഷോപ്പ് ബ്ലോക്കിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നിർവഹിക്കും. 10 കോടി രൂപ വിനിയോഗിച്ചാണ് അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തീകരിച്ചത്. 8520 ചതുരശ്രയടിയിൽ മൂന്ന് നിലകളിലായി ക്ലാസ് മുറികൾ, ഡ്രോയിങ്, ശുചിമുറി എന്നിവയാണ് കെട്ടിടത്തിൽ സജ്ജമാക്കിയത്.
2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. മുൻ എം.എൽ.എ അഡ്വ. എം. ഉമ്മറിന്റെ ശ്രമഫലമായാണ് കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ് വർക്ക്ഷോപ്പ് ബ്ലോക്കിന്റെ നിർമാണ പ്രവൃത്തി അഞ്ച് മാസം മുമ്പ് പൂർത്തിയായിരുന്നെങ്കിലും മന്ത്രിയുടെ സമയത്തിനായി കാത്തുനിൽക്കുകയായിരുന്നു. 2.81 കോടി രൂപ ചെലവിലാണ് കോളജിലെ വർക്ക്ഷോപ്പിന് കെട്ടിടം നിർമിച്ചത്.
സിവിൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗങ്ങളിലാണ് ഇവിടെ കോഴ്സുകളുള്ളത്. മൂന്ന് വിഭാഗങ്ങളിലെ ലാബ് വർക്ക്ഷോപ്പ് സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാനാണ് കെട്ടിടം നിർമിച്ചത്. ചടങ്ങിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. കിറ്റ്കോ ലിമിറ്റഡ് സീനിയർ കൺസൾട്ടന്റ് ബൈജു ജോൺ, പൊതുമരാമത്ത് എ.ഇ യു. വൈശാഖ് എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, കൗൺസിലർമാരായ പി. വിശ്വനാഥൻ, യാഷിഖ് മേച്ചേരി, സി.പി. അബ്ദുൽ കരീം, ബീന ജോസഫ്, ടി.കെ. തങ്കമണി തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.