ബ്രിട്ടീഷുകാർക്കെതിരെ നടന്ന മഞ്ചേരി യുദ്ധത്തിന് 171 വയസ്സ്
text_fieldsമഞ്ചേരി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിലെ മാപ്പിള പോരാട്ടങ്ങളിലെ ആദ്യഘട്ട ഏറ്റുമുട്ടലുകളിൽ ശ്രദ്ധേയമായ മഞ്ചേരി യുദ്ധത്തിന് 171 വയസ്സ്. 1849 ആഗസ്റ്റ് 25നാണ് അത്തൻ കുരിക്കളുടെ നേതൃത്വത്തിലുള്ള മാപ്പിള സംഘം ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം തുടങ്ങിയത്.
തുടർന്നുണ്ടായ യുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളക്കാരനായ എൻസൈൻ വൈസ് ഉൾപ്പെടെ നാല് പട്ടാളക്കാർ കൊല്ലപ്പെട്ടു. കച്ചേരിപ്പടി ഗവ. ബോയ്സ് സ്കൂൾ അങ്കണത്തിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരനായ എൻസൈൻ വൈസിെൻറ ശവകുടീരം ഇന്നും നിലകൊള്ളുന്നു. യുവചരിത്രകാരനും കോട്ടക്കൽ ദ ബി ഇൻറർനാഷനൽ മാനേജ്മെൻറ് കോളജിലെ അധ്യാപകനുമായ ചറുകുളം സ്വദേശി കെ. നവാസാണ് മഞ്ചേരി യുദ്ധത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചുമുള്ള ചരിത്രത്തെ വീണ്ടെടുത്തത്.
അത്തൻ കുരിക്കളുടെ നേതൃത്വത്തിൽ ജന്മിയുടെ കാര്യസ്ഥനെ സമരക്കാർ കൊല്ലുന്നതിലൂടെയാണ് മഞ്ചേരി യുദ്ധം തുടങ്ങിയത്. ശേഷം മാപ്പിളമാർ മഞ്ചേരിയിലെ ഒരു ആരാധനാലയത്തിൽ അഭയം തേടി.
കാര്യങ്ങൾ കൂടുതൽ സങ്കീർണമായപ്പോൾ ജന്മികൾക്കും സിവിൽ പൊലീസിനും മാപ്പിളമാരെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ വന്നു. തുടർന്ന് ബ്രിട്ടീഷ് ഗവ. രഹസ്യാന്വേഷണദൗത്യം കലക്ടർ കനോലിയെ ഏൽപിച്ചു. ഈ അവസരം മുതലെടുക്കാൻ അദ്ദേഹം 43 എൻ.ഐ റെജിമെൻറ് ക്യാപ്റ്റൻ വാട്സന് നിർദേശം കൊടുക്കുകയും നേതൃത്വം ഏറ്റെടുക്കാൻ ആവശ്യപ്പെടുകയും മലപ്പുറത്തേക്ക് സൈന്യവുമായി പോയി മാപ്പിളമാരെ നേരിടാനും പിടിക്കാനും നിർദേശം നൽകി.
ക്യാപ്റ്റൻ വാട്സെൻറ കീഴിൽ എൻസൈൻ വൈസിെൻറ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം മാപ്പിളമാർ തമ്പടിച്ചിരുന്ന ആരാധനാലയത്തിലേക്ക് മാർച്ച് ചെയ്തു. അനുമതിയില്ലാതെ ശിപായിമാർ വെടിവെച്ചതിനെ തുടർന്ന് മാപ്പിളമാർ ആയുധങ്ങളുമായി പോരാട്ടത്തിനിറങ്ങി.
ഏറ്റുമുട്ടലിനിടെ മാപ്പിളമാരുടെ സംഘം എൻസൈൻ വൈസിനെ വെട്ടി. ശക്തമായ പോരാട്ടത്തിൽ എൻെസെൻ വൈസിന് പുറമെ നാല് ശിപായിമാർ കൂടി മരിച്ചുവീണു. തിരിച്ചടി നൽകാൻ കലക്ടറുടെ നേതൃത്വത്തിൽ പാലക്കാട്ടുനിന്ന് 39 എൻ.എ ബ്രിട്ടീഷ് സേനയെയും കണ്ണൂരിൽനിന്ന് 94 റെജിമെൻറിലുള്ള രണ്ട് സൈനിക കമ്പനികളെയും മഞ്ചേരിയിലേക്ക് അയക്കാൻ തീരുമാനിച്ചു. എന്നാൽ, മാപ്പിളമാർ മറ്റൊരു സുരക്ഷിത കേന്ദ്രമായി പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്ത് ഒരു ആരാധനാലയത്തിൽ അഭയം തേടിയിരുന്നു.
മേജർ ഡെന്നീസിെൻറ നേതൃത്വത്തിലുള്ള സേന അവരെ പിന്തുടരുകയും മാപ്പിളമാർ തമ്പടിച്ച ആരാധനാലയം വളയുകയും ചെയ്തു. പിന്നീട് നടന്ന പോരാട്ടത്തിനൊടുവിൽ 64 മാപ്പിളമാർ വീരമൃത്യുവരിച്ചു. മേജർ ഡെന്നീസിന് ഗുരുതരമായി പരിക്കേൽക്കുകയും മൂന്ന് ശിപായിമാർ മരിച്ചുവീഴുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.