പ്രസവവും അവധിക്ക് വെക്കണോ...?
text_fieldsമഞ്ചേരി: സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയാണ് മഞ്ചേരി മെഡിക്കൽ കോളജ്. എന്നാൽ, അതിനാവശ്യമായ സൗകര്യം ആശുപത്രിയിൽ ഇല്ലെന്നാണ് വസ്തുത. കോവിഡിന് മുമ്പും ശേഷവും സ്ഥിതി സമാനമാണ്. പ്രസവ വാർഡിൽ ആശുപത്രി വരാന്തയിൽപോലും നവജാതശിശുക്കളുമായി കിടക്കണ്ട അവസ്ഥയായിരുന്നു. കോവിഡ് ബാധിച്ചെത്തുന്ന ഗർഭിണികൾക്കുപോലും മികച്ച പരിചരണം നൽകാൻ ആശുപത്രിക്ക് സാധിക്കുന്നില്ല. വേണ്ടത്ര ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കുന്നതിന് മുമ്പ് ഈ വിഭാഗത്തിൽ 15 ഡോക്ടർമാർ ഉണ്ടായിരുന്നു. എന്നാൽ, ആറ് ഡോക്ടർമാരെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് സ്ഥലംമാറ്റി. ഇതിനുപുറമെ ആറ് പി.ജി വിദ്യാർഥികളും ബോണ്ട് കാലാവധി പൂർത്തിയാക്കി മടങ്ങി. നിലവിൽ മൂന്ന് അസി. പ്രഫസർമാർ മാത്രമാണുള്ളത്. രണ്ട് പ്രഫസർ തസ്തികയും രണ്ട് അസോ. പ്രഫ. തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. അഞ്ച് അസി. പ്രഫ. തസ്തികയിൽ രണ്ടുപേർ അവധിയിലാണ്. ഇതോടെ പലപ്പോഴും 24 മണിക്കൂറും ഈ മൂന്ന് പേർക്കും ജോലിചെയ്യേണ്ട ഗതികേടിലാണ്.
100ലധികം കോവിഡ് ബാധിതരായ ഗർഭിണികളാണ് നിലവിൽ ആശുപത്രിയിലുള്ളത്. പലപ്പോഴും പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടർമാർ റൗണ്ട്സ് പൂർത്തിയാകുമ്പോഴേക്കും ഉച്ചയാകും. ഡോക്ടർമാരുടെ പ്രതിസന്ധി പലതവണ വകുപ്പ് മേധാവി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായില്ല. പ്രതിഷേധം ശക്തമാകുന്നതോടെ വിവിധ മെഡിക്കൽ കോളജിൽനിന്ന് പി.ജി വിദ്യാർഥികളെയും മറ്റും താൽക്കാലികമായെത്തിച്ച് കണ്ണിൽ പൊടിയിടും. ജോലിഭാരം കാരണം ഇവരും സേവനം മതിയാക്കുന്നതോടെ എല്ലാം പഴയപോലെയാകും.
അമിതമായ ജോലിഭാരമാണ് വകുപ്പിലെ ഡോക്ടർമാർ നേരിടുന്നത്. പലപ്പോഴും ക്വാറൻറീൻ പോലും പൂർത്തിയാക്കാൻ ഇവർക്ക് സാധിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ രണ്ട് അസി. പ്രഫ, നാല് സീനിയർ റസിഡൻറ്സ്, നാല് ജൂനിയർ റസിഡൻറ്സ് എന്നിവരുടെ സേവനം കൂടി ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിതരായ ഗർഭിണികളെ ചികിത്സിക്കാൻ ജില്ലയിൽ മറ്റൊരിടത്തുകൂടി ചികിത്സാകേന്ദ്രം ഒരുക്കണമെന്നാണ് മെഡിക്കൽ കോളജ്് അധികൃതരുടെ ആവശ്യം. നിലവിൽ ജില്ലയിൽ മഞ്ചേരിയിൽ മാത്രമാണ് ഇവരെ പരിചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.