പയ്യനാട് സ്റ്റേഡിയത്തിൽ ഇനി പ്രകാശം പരക്കും; ദേശീയ മത്സരങ്ങള്‍ക്കടക്കം വേദിയാകുമെന്ന് പ്രതീക്ഷ
text_fieldsമഞ്ചേരി (മലപ്പുറം): ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഫ്ലഡ്ലിറ്റ് സജ്ജം. തിങ്കളാഴ്ച രാത്രി എട്ടോടെ നാല് ടവറിലെയും ലൈറ്റുകളും തെളിച്ച് ട്രയൽ റൺ നടത്തി. ലൈറ്റ് നിർമാണം പൂർത്തിയായ വിവരം സ്പോർട്സ് കൗൺസിൽ കായികവകുപ്പിനെ അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് ഈ മാസം ഉദ്ഘാടനം നടത്താനാകുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം സ്പോർട്സ് ഹോസ്റ്റൽ, ബാസ്കറ്റ് ബാൾ കോർട്ട് എന്നിവയുടെ ഉദ്ഘാടനവും നടക്കും.
നാലു ടവറുകളിലായി 1200 വെര്‍ട്ടിക്കല്‍ ലക്സസ് പ്രകാശശോഭയുള്ള ഫ്ലഡ് ലിറ്റുകളാണ് സ്ഥാപിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റിങ് ടെക്നോളജി എന്ന സ്ഥാപനമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. 4.1 കോടി രൂപ ചെലവിലാണിത്. 2019 നവംബറിലാണ് പദ്ധതി ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിമൂലം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് പ്രവൃത്തി വൈകാൻ കാരണമായി. നിലവിൽ ജനറേറ്റർ സംവിധാനത്തിലാണ് ഫ്ലഡ്ലിറ്റ് തെളിയിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ആവശ്യമായ വൈദ്യുതി ഒരുക്കാൻ സ്പോർട്സ് കൗൺസിൽ 22 ലക്ഷം രൂപ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുണ്ട്.
പ്രവൃത്തി ആരംഭിച്ചു. ട്രാൻസ്ഫോർമറും ഉടൻ സ്ഥാപിക്കും. ഇതോടെ മുഴുവൻ സമയവും സ്റ്റേഡിയത്തിൽ വൈദ്യുതി ലഭ്യമാകും. സ്ഥിരമായി ഫ്ലഡ്ലിറ്റ് സംവിധാനമില്ലാത്തതുമൂലം നിരവധി മത്സരങ്ങൾ മഞ്ചേരിക്ക് നഷ്ടമായിരുന്നു. ഉദ്ഘാടനസമയത്ത് നടന്ന ഫെഡറേഷൻ കപ്പും പിന്നീട് സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കും വേദിയായതിന് ശേഷം പ്രധാന മത്സരങ്ങെളാന്നും നടന്നിരുന്നില്ല. സ്ഥിരമായി വെളിച്ച സംവിധാനം ഒരുങ്ങുന്നതോടെ സ്റ്റേഡിയം ദേശീയ മത്സരങ്ങള്‍ക്കടക്കം വേദിയാകുമെന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ.
രണ്ടാം ഘട്ട നവീകരണവും ഉടൻ ആരംഭിക്കും. 45 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിങ് പൂൾ, സിന്തറ്റിക് ട്രാക്ക്, ഹോക്കി സ്റ്റേഡിയം എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.