ജില്ലയുടെ കോവിഡ് പോരാട്ടത്തിന് ഒരു വയസ്സ്
text_fieldsമഞ്ചേരി: ലോകം വിറങ്ങലിച്ച കോവിഡ് വൈറസ് ജില്ലയിലെത്തിയിട്ട് ഒരു വർഷം തികയുന്നു. 2020 മാർച്ച് 16ന് ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അതിന് മുമ്പുതന്നെ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചിരുന്നു. ജനുവരി 24ന് തന്നെ ആശുപത്രിയിൽ ആദ്യമായി ഐസലേഷൻ വാർഡ് സജ്ജമാക്കി. പിന്നീട് ആരോഗ്യപ്രവർത്തകർക്ക് കൃത്യമായ പരിശീലനം നൽകി. ചികിത്സ സംവിധാനങ്ങൾ വിപുലമാക്കുന്നതിെൻറ ഭാഗമായി കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഗ്രേഡ് ടു ജീവനക്കാർ എന്നിവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയമിച്ചു.
പിന്നീട് വിശ്രമമില്ലാത്ത നാളുകളായിരുന്നു ആരോഗ്യപ്രവർത്തകർക്ക്. ഇതിനിടെ രോഗികളുടെ എണ്ണം കൂടിയതോടെ മഞ്ചേരി മെഡിക്കൽ കോളജിനെ പൂർണമായും കോവിഡ് ചികിത്സകേന്ദ്രമാക്കി മാറ്റി. ഏപ്രിൽ ആറിന് ജില്ലയിലെ ആദ്യരോഗി കോവിഡ് മുക്തമായി ആശുപത്രി വിട്ടു. മേയ് എട്ടിന് മറ്റ് രോഗികളും പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ടതോടെ ജില്ല കോവിഡ് മുക്തമായി. എന്നാൽ, അധികം നീണ്ടുനിന്നില്ല.
പിന്നീട് സമ്പർക്ക വ്യാപനം വർധിച്ചതോടെ രോഗികളുടെ എണ്ണവും വർധിച്ചു. ആദ്യഘട്ടത്തിൽ 1000 രോഗികളാകാൻ നാലുമാസം വേണ്ടിവന്നെങ്കിൽ പിന്നീട് ആറാഴ്ച കൊണ്ട് 2500ൽ അധികം രോഗികളായി. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും പെരുകി. ഇതോടെ മറ്റ് ചികിത്സകേന്ദ്രങ്ങൾ കൂടി കണ്ടെത്തി രോഗികളെ മാറ്റി. മെഡിക്കൽ േകാളജിന് പുറമെ ഹജ്ജ് ഹൗസ്, യൂനിവേഴ്സിറ്റി കാമ്പസ്, കാളികാവ് സഫ ആശുപത്രി, മഞ്ചേരി നോബിൾ വനിത കോളജ് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ ആരംഭിച്ചു.
സാമൂഹിക അകലം പാലിച്ചും കോവിഡ് രോഗികളെയും ക്വാറൻറീനിൽ കഴിയുന്നവരെയും മാനസികമായി ചേർത്തുപിടിച്ചും അതിജീവനം നടത്തി. 110 വയസ്സുള്ള രണ്ടത്താണി സ്വദേശിനിയെയും മാസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളെയും മെഡിക്കൽ േകാളജിലെ മാലാഖമാർ ജിവിതത്തിലേക്ക് കൈപിടിച്ചുയർത്തി. സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നതും മലപ്പുറത്താണ്.
കോവിഡ് മുക്തരായ 700ലധികം പേർ ആശുപത്രിയിലെത്തി പ്ലാസ്മ ദാനം ചെയ്തതും ജില്ലയുടെ മാത്രം പ്രത്യേകതയാണ്. ആശുപത്രിയിൽനിന്ന് ലഭിച്ച കരുതലിന് രക്തം നൽകിയാണ് അവർ മറുപടി നൽകിയത്. മറ്റ് മെഡിക്കൽ കോളജുകളിലേക്ക് പ്ലാസ്മ നല്കിയതും മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നാണ്. അത്യാസന്നനിലയിൽ കോവിഡ് ഐ.സി.യുവിൽ പ്രവേശിപ്പിച്ച 1499 രോഗികളിൽ 1111 പേരെ രക്ഷിക്കാനായതും ആരോഗ്യപ്രവർത്തകരുടെ കരുതലിെൻറ ഉദാഹരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.