മങ്ങാട്ടുപുലം-ഹാജിയാർപള്ളി തൂക്കുപാലം; മഴയിൽ നിർമാണം വൈകുന്നു
text_fieldsമലപ്പുറം: കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മങ്ങാട്ടുപുലം-ഹാജിയാർപള്ളി തൂക്കുപാലം നിർമാണം വൈകുന്നു. പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർനിർമാണത്തിന്റെ തറക്കല്ലിടൽ കഴിഞ്ഞ മേയ് ഏഴിന് മന്ത്രി വി. അബ്ദുറഹ്മാനാണു നിർവഹിച്ചത്. ഫൗണ്ടേഷനായി ബീം നിർമിക്കാൻ തറയിട്ട ശേഷം മഴ ആരംഭിച്ചതിനാൽ പണി നിർത്തിവെക്കുകയായിരുന്നു.
അഞ്ച് മാസമായി നിർമാണം പുനരാരംഭിക്കാനായിട്ടില്ല. 3.05 കോടി രൂപ ചെലവിലാണു പാലം പുനർനിർമിക്കുന്നത്. കടലുണ്ടിപ്പുഴയിൽ കോഡൂർ പഞ്ചായത്തിലെ മങ്ങാട്ടുപുലത്തെയും മലപ്പുറം നഗരസഭയിലെ ഹാജിയാർപള്ളിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം 2019 ആഗസ്റ്റിലെ പ്രളയത്തിലാണു തകർന്നത്. പാലം തകർന്നതോടെ ഇരുഭാഗത്തെയും നാട്ടുകാർക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ കിലോമീറ്ററുകൾ താണ്ടേണ്ട അവസ്ഥയാണ്. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും നന്നാക്കാൻ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച ഫണ്ടുപയോഗിച്ചാണ് തൂക്കുപാലം നിർമിക്കുന്നത്. നിർമാണത്തിനാവശ്യമായ തുക ആദ്യം ലഭ്യമല്ലാത്തതിനാൽ പലതവണ ടെൻഡർ നടപടികൾ മാറ്റേണ്ടി വന്നിരുന്നു. ഇരുമ്പിന്റെ വില വർധിച്ചതോടെ അനുവദിച്ച തുകക്ക് ആരും ടെൻഡർ ഏറ്റെടുക്കാത്തതിനാൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് കൂടുതൽ തുക അനുവദിക്കുകയായിരുന്നു. പൊതുമേഖല സ്ഥാപനമായ സിൽക്കിനാണ് നിർമാണച്ചുമതല. മഴ മാറിയാൽ നവംബർ രണ്ടാം വാരത്തോടെ പണി ആരംഭിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.