മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാവുന്നു, ഡോക്ടർമാരെ മാറ്റാൻ നീക്കം; ആതുരസേവനത്തിന് കത്രിക
text_fieldsമലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. ജനറൽ ആശുപത്രിയുടെ ഭാഗമായുള്ള സ്പെഷലിസ്റ്റ് ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും ജില്ലയുടെ വിവിധ ആശുപത്രികളിലേക്ക് പുനർവിന്യസിക്കുന്ന നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. മലപ്പുറം ഡി.എം.ഒ ഡോ. ആർ. രേണുക ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ പ്രപ്പോസലിന്റെ അടിസ്ഥാനത്തിലാണ് പുനർവിന്യാസത്തിനുള്ള നടപടികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ നവംബറിൽ മഞ്ചേരി ജനറൽ ആശുപത്രിയിലെ 12 അസി. സർജന്മാരെ അരീക്കോട്, കൊണ്ടോട്ടി, മലപ്പുറം താലൂക്ക് ആശുപത്രികളിലേക്ക് പുനർവിന്യസിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബാക്കി 42 ഡോക്ടർമാരേയും പാര മെഡിക്കൽ സ്റ്റാഫിനേയും പുനർവിന്യസിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ജനറൽ ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ വിഭാഗം, ഓങ്കോളജി വിഭാഗം എന്നിവയിലെ മൂന്ന് മെഡിക്കൽ ഓഫിസർമാർ, ഭരണപരമായ തസ്തികകളായ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ രണ്ടു ഡോക്ടർമാർ എന്നിവരടക്കം അഞ്ച് തസ്തികയൊഴിച്ച് മറ്റുള്ള എല്ലാ ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും ജില്ലയിലെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനാണ് നീക്കമാരംഭിച്ചത്. സ്പെഷാലിറ്റി ഡോക്ടർമാരെ നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ല ആശുപത്രികൾ, മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, അരീക്കോട്, പൊന്നാനി താലൂക്ക് ആശുപത്രികൾ, പൊന്നാനി മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
അടിയന്തര പ്രാധാന്യത്തോടെ നടപടികൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി ജില്ലയിലെ മറ്റു ആശുപത്രികളിലെ സ്പെഷാലിറ്റി വിഭാഗങ്ങളിലെ സ്റ്റാഫ് പാറ്റേൺ അറിയിക്കാൻ ഡി.എം.ഒ, സ്ഥാപന മേധാവിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ നഷ്ടപ്പെട്ട മഞ്ചേരി ജനറൽ ആശുപത്രി മലപ്പുറം ജില്ലയിൽ പുനരാരംഭിക്കാനുള്ള സാധ്യത ഇല്ലാതായി. മെഡിക്കൽ കോളജ് വൈദ്യ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുക്കുന്നതിനാൽ ചികിത്സ രംഗത്ത് ജില്ലയിൽ ഒരു ആശുപത്രി തന്നെ നഷ്ടപ്പെടുന്നത് ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിക്കും.
മെഡി. കോളജ് വന്നപ്പോൾ ഉള്ള സൗകര്യവും പോയി
2013ലാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സ്ഥാപിതമായത്. അന്നു മുതൽ മഞ്ചേരി ജനറൽ ആശുപത്രി, മെഡിക്കൽ കോളജിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജ് വന്നതോടെ വാർഡുകളുടേയും ഡിപാർട്ടുമെന്റുകളുടേയും എണ്ണംകുറച്ചു. പകരം എച്ച്.ഒ.ഡിമാരുടെ മുറികളും കുട്ടികളുടെ പഠനമുറികളുമായി മാറ്റി. 250 ബെഡ് ഉണ്ടായിരുന്ന മാതൃ-ശിശു േബ്ലാക്ക് തന്നെ ഇല്ലാതായി.
മെഡിക്കൽ കോളജ് ആവശ്യങ്ങൾക്കാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്. ജനറൽ ആശുപത്രിയിൽ 501 കിടക്കകൾ ഉണ്ടായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയാകുമ്പോൾ കിടക്കകളുടെ എണ്ണം 380 ആയി ചുരുങ്ങും. മെഡിക്കൽ കോളജ് റഫറൽ ആശുപത്രി മാത്രമാണ്. ജനറൽ ആശുപത്രി ഇല്ലാതാവുന്നതോടെ, ജില്ലയുടെ മധ്യഭാഗത്ത് ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയിക്കാവുന്ന ആതുര സംവിധാനമാണ് നഷ്ടമാവുന്നത്. മെഡിക്കൽ കോളജ് ആശുപത്രി എന്ന് പേരു മാറ്റിയെങ്കിലും റഫറൽ ആശുപത്രിയുടെ സൗകര്യം മഞ്ചേരിയിലില്ല.
അതേസമയം, ജനറൽ ആശുപത്രിയുടേതായ സേവനം ഇല്ലാതാകാൻ പോകുകയുമാണ്. ജനറൽ ആശുപത്രി ചെരണിയിലേക്ക് മാറ്റാനുള്ള പ്രപ്പോസൽ നേരത്തെ ഉണ്ടായിരുന്നു. അത് പിന്നീട് മരവിപ്പിക്കപ്പെട്ടു. മെഡിക്കൽ കോളജിന് വേറെ സ്ഥലം കണ്ടെത്തി അങ്ങോട്ടുമാറ്റാനുള്ള പ്രപ്പോസലും സാങ്കേതിക തടസ്സത്തിൽപ്പെട്ടുകിടക്കുകയാണ്. മറ്റു പല ജില്ലകളിലും മെഡിക്കൽ കോളജ് വന്നപ്പോൾ അവിടെയുള്ള ജനറൽ ആശുപത്രികൾ അതേപടി നിലനിർത്തിയിരുന്നു. കോഴിക്കോട് ബീച്ച് ആശുപത്രിയും തൃശൂരിലെ ജനറൽ ആശുപത്രിയുമെല്ലാം അതേപോലെ പ്രവർത്തനം തുടരുകയാണ് ചെയ്തത്. പ്രതിദിനം 3000ലധികം രോഗികൾ മഞ്ചേരി ജനറൽ ആശുപത്രി ഒ.പിയിൽ എത്തുന്നുണ്ട്. പതിറ്റാണ്ടുകൾകൊണ്ട് വളർന്നുവന്ന ആതുരാലയമാണിത്. അതാണ് ജനങ്ങൾക്ക് നഷ്ടമാവുന്നത്.
1615 ആളുകൾക്ക് ഒരു കിടക്ക മാത്രം
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 1205, എറണാകുളം ജനറൽ ആശുപത്രിയിൽ 1049, പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 714, കോട്ടയം ജനറൽ ആശുപത്രിയിൽ 922, കോഴിക്കോട് ജനറൽ ആശുപത്രിയിൽ 550, കണ്ണൂർ ജനറൽ ആശുപത്രിയിൽ 541 ക്രമത്തിൽ ആശുപത്രി കിടക്കകൾ ലഭ്യമാണ്. എന്നാൽ, ജനറൽ ആശുപത്രിയായി ഉയർത്താൻ സാധിക്കുന്ന കിടക്കകളുള്ള ഒരു ആശുപത്രിയും മലപ്പുറം ജില്ലയിലില്ല. ജനസംഖ്യാനുപാതികമായി ആശുപത്രി- രോഗി കിടക്കകൾ ഏറ്റവും കുറവുള്ള ജില്ല മലപ്പുറമാണ്.
സംസ്ഥാനത്ത് ശരാശരി 868 ആളുകൾക്ക് ഒരു രോഗി കിടക്ക ലഭ്യമാണെന്നിരിക്കെ മലപ്പുറം ജില്ലയിൽ 1615 ആളുകൾക്ക് ഒരു രോഗി കിടക്ക മാത്രമാണ് ലഭ്യമായിട്ടുള്ളത്. ജില്ലയിൽ നിലവിലെ ജില്ല, താലൂക്ക് ആശുപത്രികളിൽ അംഗീകൃത ആശുപത്രി കിടക്കകളുടെ എണ്ണം വളരെ പരിമിതമാണ്. ഏറ്റവും കൂടുതൽ കിടക്കകളുള്ള ജില്ല ആശുപത്രിയായ പെരിന്തൽമണ്ണയിൽപോലും ആകെ 177 കിടക്കകൾ മാത്രമേ അനുവദിച്ചിട്ടുള്ളു. തിരൂർ ജില്ല ആശുപത്രിയിലും നിലമ്പൂർ ജില്ല ആശുപത്രിയിലും 140 കിടക്കകൾക്ക് മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. 501 കിടക്കകൾ മഞ്ചേരി ജനറൽ ആശുപത്രിയിൽ ലഭ്യമായിരുന്നു. കോട്ടയം ജില്ലയിൽ നാലു ജനറൽ ആശുപത്രികൾ ഉള്ളപ്പോഴാണ് ജില്ലയിലെ ഏറെ പഴക്കമുള്ള ജനറൽ ആശുപത്രി അടച്ചുപൂട്ടാനുള്ള നീക്കം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.