കോവിഡ് മാത്രമാണോ രോഗം; മറ്റുള്ളവക്കും ചികിത്സ വേണ്ടേ...?
text_fieldsമഞ്ചേരി: കോവിഡിന് മുമ്പ് മഞ്ചേരി മെഡിക്കൽ കോളജിനെ ദിനംപ്രതി മൂവായിരത്തോളം രോഗികളാണ് ആശ്രയിച്ചിരുന്നത്. കോവിഡ് എത്തിയതോടെ എല്ലാം തകിടംമറിഞ്ഞു. മാർച്ച് 24ന് മെഡിക്കൽ േകാളജിനെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കിയതോടെ ആശുപത്രിയെ ആശ്രയിച്ചിരുന്ന രോഗികൾക്ക് ആതുരാലയം നഷ് ടപ്പെട്ടു.
ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളജിനെ പൂർണമായും കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റി. ഇതോടെ ഒ.പികൾ നിർത്തലാക്കി. പ്രസവമടക്കമുള്ള ചികിത്സകളും ഹെൽത്ത് സർവിസിന് കീഴിലെ ഡോക്ടർമാരെയും മറ്റുസർക്കാർ ആശുപത്രികളിലേക്ക് മാറ്റി.
100ലധികം ശസ്ത്രക്രിയകളും മാറ്റി. ജനപ്രതിനിധികളോടുപോലും ആലോചിക്കാതെ ഏകപക്ഷീയമായ തീരുമാനമെന്ന് ആക്ഷേപമുയർന്നു. മറ്റു ജില്ലകളിലെല്ലാം മെഡിക്കൽ കോളജിൽ കോവിഡേതര ചികിത്സയും ഉറപ്പാക്കുമ്പോഴാണ് ജില്ലയിലെ മെഡിക്കൽ കോളജിനെ മാത്രം കോവിഡ് ചികിത്സക്കായി മാറ്റിവെച്ച് മറ്റുരോഗികളെ 'പരീക്ഷിക്കുന്നത്'.
മെഡിക്കൽ േകാളജിൽ മറ്റു ചികിത്സകൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശബ്ദമുയർത്തിയിരുന്നു. അഡ്വ. എം. ഉമ്മർ എം.എൽ.എ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽകണ്ടു. എന്നാൽ, കോവിഡേതര ചികിത്സ മാത്രം ആശുപത്രിക്ക് പുറത്തായി. ചെരണി ടി.ബി ആശുപത്രിയിലും വേട്ടേക്കോട്, മംഗലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താൽക്കാലിക ചികിത്സാസംവിധാനം ഒരുക്കിയെങ്കിലും സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമായില്ല. ഇതോടെ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവന്നു.
ഗർഭിണികൾക്കും അർബുധ ബാധിതർക്കും നിലമ്പൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ താലൂക്ക്, ജില്ല ആശുപത്രികളെയും സമീപിക്കേണ്ടിവന്നു. അത്യാഹിതം സംഭവിച്ചാൽ താൽക്കാലിക ചികിത്സ ഒരുക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും രോഗികളെ റഫർ ചെയ്യുകയാണ്.
എവിടെ ചെരണിയിലെ ജനറൽ ആശുപത്രി...?
മഞ്ചേരി: ജനസംഖ്യാനുപാതം നോക്കിയാൽ മലപ്പുറത്തിന് രണ്ടോ മൂന്നോ ജനറൽ ആശുപത്രി വേണം. എന്നാൽ, 50 വർഷം പൂർത്തിയാക്കിയ ജില്ലക്ക് സ്വന്തമായൊരു ജനറൽ ആശുപത്രിയില്ല.
നിലവിലെ ജനറൽ ആശുപത്രി മെഡിക്കൽ കോളജാക്കി ഉയർത്തിയതോടെയാണ് ജില്ലയിലെ ഏക ജനറൽ ആശുപത്രി നഷ്ടമായത്. അന്ന് പ്രഖ്യാപിച്ച ജനറൽ ആശുപത്രി ആറ് വർഷമായിട്ടും എങ്ങുമെത്തിയില്ല. 2014ൽ യു.ഡി.എഫ് സർക്കാർ ആശുപത്രിക്കായി ബജറ്റിൽ 10 കോടി നീക്കിവെച്ചിരുന്നു. എന്നാൽ, പിന്നീട് കാര്യമായ പുരോഗതി ഉണ്ടായില്ല. ആശുപത്രി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് പഠനം നടത്താൻ ആരോഗ്യവകുപ്പ് ഇൻകെല്ലിനെ ചുമതലപ്പെടുത്തി. ഇൻകെൽ തയാറാക്കിയ പദ്ധതി റിപ്പോർട്ട് കഴിഞ്ഞ വർഷം ആരോഗ്യവകുപ്പ് സമർപ്പിച്ചെങ്കിലും കിഫ്ബി നിർദേശം മാറ്റിവെച്ചത് തിരിച്ചടിയായി.
അഡ്വ. എം. ഉമ്മർ എം.എൽ.എ ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ, മെഡിക്കൽ കോളജിൽനിന്ന് അഞ്ചു കിലോമീറ്റർ താഴെയും അതോടൊപ്പം മെഡിക്കൽ കോളജിൽ ലഭ്യമാകുന്നത് ജനറൽ ആശുപത്രിയേക്കാൾ മികച്ച സേവനമാണെന്നുള്ളതിനാൽ പുതുതായി ആശുപത്രി ആരംഭിക്കേണ്ടതില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. എന്നാൽ, മറ്റുജില്ലകളിൽ മെഡിക്കൽ കോളജിന് അടുത്തുതന്നെ ജനറൽ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.
മഞ്ചേരി മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയായി നിലനിർത്തും –ഡി.എം.ഒ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡല്ലാത്ത രോഗങ്ങൾക്ക് നിലവിൽ ചികിത്സ നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന പറഞ്ഞു.
കോവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവത്തെ തുടർന്ന് മറ്റുചികിത്സകൾ തുടങ്ങണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയർന്നിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് ബാധിച്ച് ജനങ്ങൾ മരിക്കുന്നത് തടയുകയാണ് ലക്ഷ്യം. മേഞ്ചരി മെഡിക്കൽ കോളജിലെ 550-600 കിടക്കൾ കോവിഡ് രോഗികൾക്ക് മാറ്റിവെച്ചിട്ടുണ്ട്.
ഇതൊഴിവാക്കി മറ്റു സർക്കാർ ആശുപത്രികളെ കോവിഡ് ആശുപത്രിയാക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. കോവിഡ് കഴിയുന്നതുവരെ സമയം ശ്വാസതടസ്സം പോലുള്ള ഗൗരവമുള്ള രോഗങ്ങൾക്ക് മാത്രം ചികിത്സ നൽകാനാണ് ഞായറാഴ്ച ചേർന്ന ആരോഗ്യവകുപ്പ് അധികൃതരുടെ യോഗത്തിൽ തീരുമാനിച്ചത്. മിക്ക സി.എഫ്.എൽ.ടി.സിയിലും കോവിഡ് കാരണം പ്രയാസം അനുഭവിക്കുന്ന രോഗികൾ തന്നെയാണുള്ളതെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.