മഞ്ചേരിയിൽ 12 ഹരിത കർമ സേനാംഗങ്ങൾ കൂടി
text_fieldsമഞ്ചേരി: നഗരസഭയിലെ ഹരിതകർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനായി 12 അംഗങ്ങളെ കൂടി നിയമിക്കാൻ തീരുമാനം. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
നിലവിൽ 42 സേനാംഗങ്ങളാണ് നഗരസഭയിലുള്ളത്. അംഗബലം കുറവായതുകൊണ്ട് 50 വാർഡുകളിലെ വീടുകളിലേക്ക് മൂന്ന് മാസത്തിലൊരിക്കൽ മാത്രമാണ് എത്താനാകുന്നത്. ഇത് യൂസർ ഫീ കലക്ഷനെയും ബാധിക്കുന്നു.
ഇതോടെയാണ് കുടുംബശ്രീ നൽകിയ പട്ടികയിൽനിന്ന് 12 പേരെ കൂടി നിയമിക്കാൻ തീരുമാനിച്ചത്.
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന പോഷകാഹാര കിറ്റ് വിതരണത്തിനായി ലഭിച്ച ക്വട്ടേഷനിൽ കുറവ് തുക രേഖപ്പെടുത്തിയ പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ക്വട്ടേഷൻ കൗൺസിൽ അംഗീകരിച്ചു.
ഏജൻസി മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ ടെൻഡറും അംഗീകരിച്ചു. മുള്ളമ്പാറ ചോഴിയാംകുന്ന് ശ്മശാനത്തിലേക്ക് വഴിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചു.
ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ മുഹമ്മദ്, അഡ്വ. ബീന ജോസഫ്, അഡ്വ. പ്രേമ രാജീവ്, സി.പി. അബ്ദുൽ കരീം, എ.വി. സുലൈമാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.