മഞ്ചേരിയിലേക്ക് ചോദിച്ചത് 320 കോടി; കിട്ടിയത് ഒരു കോടി
text_fieldsമഞ്ചേരി: ബജറ്റിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി യു.എ. ലത്തീഫ് എം.എൽ.എ 320 കോടിയുടെ പദ്ധതികൾ സമർപ്പിച്ചെങ്കിലും കിട്ടിയത് ഒരുകോടി രൂപ മാത്രം.
കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാനാണ് തുക അനുവദിച്ചത്. ഗവ. മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കും ജനറൽ ആശുപത്രിയും ടോക്കണിലൊതുങ്ങി. 93 കോടി രൂപ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനായി ആവശ്യപ്പെട്ടിരുന്നെങ്കിലും 100 രൂപ ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. മെഡിക്കൽ കോളജ് വികസനത്തിന് മറ്റു പദ്ധതികളൊന്നും ലഭിച്ചില്ല. പ്രധാനപ്പെട്ട 30 പദ്ധതികളാണ് സർക്കാറിന് സമർപ്പിച്ചിരുന്നത്. വിദ്യാഭ്യാസ, കായിക മേഖലയെയും പരിഗണിച്ചില്ല.
ജില്ലയുടെ കായിക മേഖലയെ അടയാളപ്പെടുത്തുന്ന പയ്യനാട് സ്പോർട്സ് കോംപ്ലക്സ് രണ്ടാം ഘട്ട വികസനത്തിന് ഒന്നും ലഭിച്ചില്ല. ക്രിക്കറ്റ് മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവ നിർമിക്കാനും തുകയില്ല. പാണ്ടിക്കാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, എക്സൈസ് റേഞ്ച് ഓഫിസിന് സ്വന്തം കെട്ടിടം, ഒറവമ്പുറം തടയണ നിർമാണം, സെൻട്രൽ ജങ്ഷൻ വീതികൂട്ടൽ, നെല്ലിക്കുത്ത് പാലം പുനർനിർമാണം, വിവിധ റോഡുകളുടെ നവീകരണം എന്നിവയെല്ലാം പദ്ധതി മാത്രമായി.
ടോക്കൺകൊണ്ട് ആറാട്ട്
മഞ്ചേരി: മണ്ഡലത്തിലേക്ക് വൻകിട പദ്ധതികളൊന്നും ലഭിച്ചില്ലെങ്കിലും ടോക്കൺകൊണ്ട് ആറാട്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാൻ ഒരു കോടി അനുവദിച്ചതൊഴിച്ചാൽ നിരാശ മാത്രമാണ് ബജറ്റ് സമ്മാനിച്ചത്. പദ്ധതികൾക്ക് തുക നീക്കിവെക്കുന്നതിന് പകരം ടോക്കൺ തുക മാത്രമാണ് ലഭിച്ചത്. ഇങ്ങനെ 13 പദ്ധതികൾക്ക് 100 രൂപ വീതമാണ് ലഭിച്ചത്.
മഞ്ചേരി ജനറൽ ആശുപത്രി, കച്ചേരിപ്പടി -ജസീല ജങ്ഷൻ റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ, മഞ്ചേരി സെൻട്രൽ ജങ്ഷൻ വീതി കൂട്ടൽ, മുള്ള്യാകുർശ്ശി -പാണ്ടിക്കാട് റോഡിൽ പട്ടിക്കാട് മുതൽ ആക്കപറമ്പ് വരെ ബി.എം ആൻഡ് ബി.സി റോഡ് വീതി കൂട്ടൽ, മലബാർ കൾച്ചർ അക്കാദമി കെട്ടിട നിർമാണം, വായ്പാറപ്പടി ജി.എൽ.പി സ്കൂളിന് കെട്ടിട നിർമാണം, നെല്ലിക്കുത്ത് പാലം പുനർനിർമാണം, മഞ്ചേരി റവന്യൂ കോംപ്ലക്സ്, മുള്ളമ്പാറ -കോണിക്കല്ല് -ഇരുമ്പുഴി റോഡ് നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് 100 രൂപ ടോക്കൺ ലഭിച്ചത്.
വാലില്ലാപുഴ-എളമരം-എരട്ടമുഴി റോഡിന് അഞ്ച് കോടി, ബജറ്റ് നിരാശാജനകം -ടി.വി. ഇബ്രാഹിം എം.എല്‍.എ
കൊണ്ടോട്ടി: സംസ്ഥാന ബജറ്റിൽ മണ്ഡലത്തെ തീര്‍ത്തും അവഗണിച്ചതായി ടി.വി. ഇബ്രാഹിം എം.എല്‍.എ. അവശ്യമായ പദ്ധതികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത നിരാശാജനകമായ ബജറ്റാണ് അവതരിപ്പിച്ചത്. മണ്ഡലത്തിൽ നിരവധി പദ്ധതികള്‍ സമർപ്പിച്ചെങ്കിലും ഒരു പ്രവൃത്തിക്ക് മാത്രമാണ് തുക അനുവദിച്ചത്. വാലില്ലാപുഴ-എളമരം-എരട്ടമുഴി റോഡിനാണ് അഞ്ച് കോടി രൂപ അനുവദിച്ചത്. എളമരം, കൂളിമാട് പാലങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഈ റോഡിലുണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചത്.
ബജറ്റില്‍ ടോക്കണ്‍ പ്രൊവിഷനില്‍ ചില പദ്ധതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മിനി സിവില്‍ സ്റ്റേഷന്, പൈതൃക നഗര പദ്ധതി, കൊണ്ടോട്ടി നഗര വികസന പദ്ധതി, സ്കൂള്‍ കെട്ടിടങ്ങള്‍ക്കും വിവിധ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കെട്ടിടങ്ങള്‍, രാമാനാട്ടുകര-എയര്‍പോര്‍ട്ട് റോഡ് വികസനം, പ്രധാന പൊതുമരാമത്ത് റോഡുകളുടെ വികസനം, കൊണ്ടോട്ടി ഗവ. കോളജ് സ്ഥലമെടുപ്പ്, ഹോസ്റ്റല്‍ നിർമാണം എന്നിവയെല്ലാം ബജറ്റ് നിർദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കോഴിക്കോട് വിമാനത്താവളം, ഹജ്ജ് ഹൗസ്, മോയിന്‍കുട്ടി വൈദ്യര് അക്കാദമി എന്നിവയെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ, കണ്ണൂര്‍ വിമാനത്താവളത്തിന് പ്രത്യേക പരിഗണന നല്‍കാനും ശ്രമിച്ചിട്ടുണ്ട്.
വാഴയൂര്‍, വാഴക്കാട്, ചീക്കോട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചാലിയാറിന്റെ തീരം ഇടിഞ്ഞുവീഴുന്നത് തടയാന്‍ പാര്‍ശ്വഭിത്തി കെട്ടുന്നതിനും ചാലിയാര്‍ തീരത്ത് പ്രത്യേക ടൂറിസം പദ്ധതികള്‍ക്കും സ്ഥിരമായി നല്കുന്ന പ്രപ്പോസലുകള്‍ ഇത്തവണയും നിരസിക്കപ്പെട്ടതായും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.