അനധികൃതമായി കൈവശംവെച്ച 73 മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു
text_fieldsമഞ്ചേരി: ഏറനാട് താലൂക്കിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശംവെച്ച 73 മുൻഗണന കാർഡുകൾ പിടിച്ചെടുത്തു.
തൃക്കലങ്ങോട് ആമയൂർ, ആനക്കയം പഞ്ചായത്തിലെ പുള്ളിലങ്ങാടി, പാണായി എന്നിവിടങ്ങളിലെ വീടുകൾ കയറിയാണ് ഏറനാട് താലൂക്ക് ഭക്ഷ്യവകുപ്പ് സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തിയത്. മുൻഗണന സബ്സിഡി റേഷൻ കാർഡുകൾ ഉപയോഗിച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുനിലയുള്ള വലിയ വീടും വാഹനങ്ങളും ഉള്ളവർ അടക്കം മുൻഗണന കാർഡുകൾ കൈവശം വെച്ചതായി പരിശോധനയിൽ കണ്ടെത്തി.
പ്രവാസി കുടുംബങ്ങൾ അടക്കം കാർഡുകൾ കൈവശം വെച്ചതും കണ്ടെത്തി. പത്ത് എ.എ.വൈ കാർഡ് (മഞ്ഞകാർഡ്), 33 ബി.പി.എൽ കാർഡ് (ചുവപ്പ്), 30 സബ്സിഡി കാർഡ് (നീല) എന്നിവ അടക്കം 73 കാർഡുകളാണ് പിടിച്ചെടുത്തത്. അർഹതയില്ലാതെ കാർഡുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്കെതിരെ നടപടിയെടുക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ സി.എ. വിനോദ് കുമാർ പറഞ്ഞു. പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിലും താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റേഷനിങ് ഇൻസ്പെക്ടർമാരായ പി. പ്രദീപ്, ജി.എ. സുനിൽ ദത്ത്, ജീവനക്കാരായ കെ. മുഹമ്മദ് സാദിഖ്, എം. സുഹൈൽ. എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.