പൊലീസ് പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകാൻ വ്യാജരേഖ ചമച്ച കേസ്: മുൻകൂർ ജാമ്യഹരജി 26ലേക്ക് മാറ്റി
text_fieldsമഞ്ചേരി: അനധികൃത ഖനനം നടത്തിയതിന് പൊലീസ് പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകാൻ എസ്.ഐയുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയ സിവിൽ പൊലീസ് ഓഫിസറുടെ മുൻകൂർ ജാമ്യഹരജി കോടതി 26ലേക്ക് മാറ്റി. മഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ പാലക്കാട് സ്വദേശി ഇല്യാസിന്റെ (40) ജാമ്യ ഹരജിയാണ് മാറ്റിയത്.
ഇയാളെ നേരത്തേ ജില്ല പൊലിസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. ഈ മാസം ആറിനാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. അനധികൃത ചെങ്കല്ല് ഖനനം ചെയ്തതിനു ആഗസ്റ്റ് 23നാണ് മഞ്ചേരി എസ്.ഐ സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ ജെ.സി.ബിയും ടിപ്പർലോറിയും പിടികൂടി ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഈ വാഹനങ്ങൾ വിട്ടുകിട്ടാനാണ് പ്രതി എസ്.ഐയുടെ പേരിൽ വ്യാജ സീൽ ഉണ്ടാക്കിയത്.
വാഹനം വിട്ടുകൊടുക്കാൻ 26ന് ഇല്യാസ് കൃത്രിമരേഖയുണ്ടാക്കി ജിയോളജി വകുപ്പിന് സമർപ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ റൗണ്ട് സീലും പതിപ്പിച്ചാണ് ജിയോളജിക്ക് റിപ്പോർട്ട് നൽകിയത്. വാഹനം പിടികൂടി മൂന്നാം ദിവസമാണ് എസ്.എച്ച്.ഒയുടെ പേരിൽ വ്യാജകത്ത് നൽകിയത്. ജിയോളജിയിൽനിന്നുവന്ന മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ 27ന് വാഹനങ്ങൾ വിട്ടുനൽകി.
പിടികൂടിയ വാഹനങ്ങൾ മൂന്നാംദിവസം വിട്ടുനൽകാൻ ജിയോളജി വകുപ്പ് അനുമതി നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.