ജനകീയൻ, മഞ്ചേരിയുടെ കുഞ്ഞാൻ
text_fieldsമഞ്ചേരി: നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാന്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നു. വാർഡിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളും നടത്തി. എം.എസ്.എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശം. പിന്നീട് മുസ്ലിം ലീഗ് സജീവ പ്രവർത്തകനായി. ഇടക്കാലത്ത് എസ്.ഡി.പി.ഐയുമായി ബന്ധം സ്ഥാപിച്ചു. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് മുസ്ലിംലീഗിൽ തിരിച്ചെത്തി.
2015ൽ ഭാര്യ സൗജത്ത് ലീഗ് സ്ഥാനാർഥിയായി നഗരസഭ കൗൺസിലിലേക്ക് മത്സരിച്ച് വിജയിച്ചു. 2020ലാണ് കുഞ്ഞാൻ ആദ്യമായി നഗരസഭയിലേക്ക് ജനവിധി തേടിയത്.
സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. ഫിറോസ് ബാബുവിനെ 313 വോട്ടിന് പരാജയപ്പെടുത്തി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭയിൽ ശക്തമായ പോരാട്ടം നടന്ന വാർഡ് കൂടിയായിരുന്നു ഇത്. അപരശല്യം ഉണ്ടായിട്ടും 613 വോട്ട് നേടാനായി. കോവിഡ് കാലത്തെ സേവനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ദിവസം യതീംഖാന ഹയർസെക്കൻഡറി സ്കൂൾ നടത്തിയ പായസം ചലഞ്ച് വിജയിപ്പിക്കാനും മുൻപന്തിയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചർച്ചയിലാണ് അവസാനമായി കൗൺസിലിൽ പങ്കെടുത്തത്. പ്രായഭേദമന്യേ എല്ലാവർക്കും സ്വീകാര്യനായിരുന്നു. മുസ്ലിം ലീഗ് മഞ്ചേരി മണ്ഡലം കൗൺസിലറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.