മഞ്ചേരിയിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നേകാൽ കോടിയുടെ നഷ്ടം
text_fieldsമഞ്ചേരി: നഗരത്തിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒന്നേകാൽ കോടിയോളം രൂപയുടെ നഷ്ടം. ഓണവിപണി ലക്ഷ്യമിട്ടെത്തിച്ച ഒരു കോടിയോളം രൂപയുടെ സ്റ്റോക്കാണ് കത്തിയമർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
കടയിലെ കമ്പ്യൂട്ടറുകൾ, നിരീക്ഷണ കാമറകൾ, ബില്ലിങ് സാമഗ്രികൾ എന്നിവയും പൂർണമായി നശിച്ചതോടെ കൃത്യമായ കണക്ക് ലഭിക്കുന്നതേയുള്ളൂ. വെളിച്ചെണ്ണ, ഓയിൽ, നെയ്യ് ഉൾപ്പടെയുള്ളവയിലേക്ക് തീ പടർന്നതാണ് നഷ്ടം കൂട്ടിയത്. അരിയും എണ്ണകളും പലവ്യഞ്ജനങ്ങളും അടക്കം വൻശേഖരം തന്നെ കടയിലുണ്ടായിരുന്നു.
13 കടമുറികളിലെ സാധനങ്ങളാണ് നശിച്ചത്. വൈകീട്ട് കട പൂട്ടിപ്പോയ ശേഷം രാത്രി എട്ടോടെയാണ് അഗ്നിബാധയുണ്ടായത്. കോവിഡ് പ്രതിസന്ധിക്കിടെ ലഭിച്ച ഓണം സീസണാണ് തീപിടിത്തത്തോടെ നഷ്ടമായത്. 12 ജീവനക്കാരാണ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത്.
സ്ഥാപനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് കടയുടമ ചെരണി സ്വദേശി ചോല ഉമ്മർ പറഞ്ഞു. മഞ്ചേരി, മലപ്പുറം, തിരുവാലി, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷ സേന യൂനിറ്റുകളെത്തി മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായി അണച്ചത്. സ്ഥാപന ഉടമയെ പുനരധിവസിപ്പിക്കാനും നഷ്ടപരിഹാരം നൽകാനും അധികൃതർ തയാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂനിറ്റ് ജനറൽ സെക്രട്ടറി നിവിൽ ഇബ്രാഹീം ആവശ്യപ്പെട്ടു.
നഗരസഭക്കുള്ള നഷ്ടം പരിശോധനക്ക് ശേഷം കണക്കാക്കും –സെക്രട്ടറി
മഞ്ചേരി: നഗരസഭ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നഗരസഭക്കുണ്ടായ നഷ്ടം പരിശോധനക്ക് ശേഷം കണക്കാക്കുമെന്ന് സെക്രട്ടറി പി. സതീഷ്കുമാർ. പ്രത്യക്ഷത്തിൽ കെട്ടിടത്തിെൻറ ഷട്ടറുകൾ മാത്രമാണ് തകർന്നതായി കണ്ടെത്തിയിട്ടുള്ളത്.
ചുമരുകൾക്കൊന്നും കേടുപാടുകൾ ഇല്ലെന്നാണ് വിവരം. തീപിടിത്തത്തിൽ നശിച്ച സാധനങ്ങൾ കടയിൽ അലക്ഷ്യമായി കിടക്കുകയാണ്. ഇത് വരുംദിവസങ്ങളിൽ മാറ്റുമെന്ന് കടയുടമ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം തിങ്കളാഴ്ച നഗരസഭ പരിശോധന നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.