കണ്ണീർക്കയമായി ആനക്കയം: ഒരു നോക്ക് കാണാൻ നാടൊഴുകിയെത്തി
text_fieldsമഞ്ചേരി: ആനക്കയം ചേപ്പൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെയും നാട്ടുകാരൻ കൂടിയായ ഓട്ടോറിക്ഷ ഡ്രൈവറുടെയും മരണം നാടിനെ സങ്കടക്കടലിലാഴ്ത്തി. അപ്രതീക്ഷിതമായി നാലുപേരുടെ വിയോഗത്തിന് സാക്ഷിയാകേണ്ടി വന്ന നാട്ടുകാരുടെ കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) എന്നിവരാണ് മരിച്ചത്.
ഖൈറുന്നീസയുടെയും ഉസ്മാെൻറയും സഹോദരൻ അസീസിെൻറ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ഇതിനോടനുബന്ധിച്ചുള്ള സൽക്കാരത്തിനായി അസീസിെൻറ ഭാര്യവീടായ വെള്ളിലയിലേക്ക് പോകും വഴിയാണ് നാല് പേരെ മരണം തട്ടിയെടുത്തത്. സന്തോഷ നിമിഷം പൊടുന്നനെ ദുരന്തമുഖമായി. ചേപ്പൂരിൽ നിന്ന് സൽക്കാരം നടക്കുന്ന വീട്ടിലേക്കുള്ള എളുപ്പ വഴിയാണ് അപകടം സംഭവിച്ച റോഡ്. എന്നാൽ, ഇത് മരണത്തിലേക്കുള്ള വഴിയായി മാറി. നിർമാണത്തിലിരിക്കുന്ന വീടിെൻറ ഭാഗത്തേക്കാണ് ഓട്ടോ നിലംപതിച്ചത്. ഓടിക്കൂടിയ നാട്ടുകാർ ഓട്ടോയിലുള്ളവരെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് പേർ മരിച്ചിരുന്നു. ഓട്ടോ ഡ്രൈവറെയും പരിക്കേറ്റ നാല് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ വൈകീട്ടോടെ ഹസ്സൻകുട്ടിയും മരണത്തിന് കീഴടങ്ങി.
ഒരു നോക്ക് കാണാൻ നാടൊഴുകിയെത്തി
മഞ്ചേരി: ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നാട് മുഴുവൻ ഒഴുകിയെത്തി. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ആംബുലൻസ് മാർഗം ആനക്കയത്തേക്ക് കൊണ്ടുപോയത്. ചേപ്പൂരിലെ ഉസ്മാെൻറ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. അയൽവാസികളും നാട്ടുകാരുമടക്കം നിരവധി പേരാണ് ഇവിടേക്ക് എത്തിയത്. പലരും തേങ്ങലടക്കാൻ പാടുപെട്ടു. പ്രാർഥനക്ക് ശേഷം ചേപ്പൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ മൂവരെയും ഖബറടക്കി. ഒരേസ്ഥലത്താണ് മൂന്ന് പേർക്കും അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയത്. ഓട്ടോ ഡ്രൈവർ ഹസ്സൻകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഇതേ പള്ളിയിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.