മെഡിക്കൽ കോളജ് എം.ആർ.ഐ സ്കാൻ യൂനിറ്റ് പദ്ധതിക്ക് 2.90 കോടി രൂപ കൂടി അനുവദിച്ചു
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എം.ആർ.ഐ സ്കാൻ യൂനിറ്റ് സ്ഥാപിക്കാനുള്ള നടപടിക്ക് സർക്കാറിന്റെ ഭരണാനുമതി. യന്ത്രം വാങ്ങാൻ 7.19 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. 2.90 കോടി രൂപ കൂടി അനുവദിച്ചാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 10 കോടി രൂപയാണ് യന്ത്രത്തിന്റെ വില. 7.19 കോടി രൂപ അനുവദിച്ചതിന് ശേഷം ബാക്കി വരുന്ന മൂന്നുകോടി രൂപക്കായി മെഡിക്കൽ കോളജ് അധികൃതർ പലതവണ സർക്കാറിന് കത്ത് നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ തുക അനുവദിക്കാൻ കാലതാമസം നേരിടുമെന്നായിരുന്നു മറുപടി. സർക്കാർ 7.19 കോടി രൂപ അനുവദിച്ചപ്പോൾ കേരള മെഡിക്കൽ കോർപ്പറേഷനുമായി കരാറുണ്ടാക്കുകയും യന്ത്രം വാങ്ങാൻ ആദ്യഗഡുവായി ഈ തുക കൈമാറുകയും ചെയ്തിരുന്നു. സാധാരണ എം.ആർ.ഐ യന്ത്രം വാങ്ങാനായിരുന്നു പദ്ധതി. യന്ത്രം സ്ഥാപിക്കാൻ ഇന്റർവെൻഷണൽ റേഡിയോളജി ബ്ലോക്കിൽ പ്രത്യേക മുറിയും സജ്ജമാക്കി.
വിദ്യാർഥികളുടെ പഠനം മുന്നിൽകണ്ട് അതിനൂതന സ്കാനിങ് യന്ത്രം വേണമെന്ന് ഡിപ്പാർട്ടുമെന്റിലെ മുതിർന്ന ഡോക്ടർമാർ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് പത്തു കോടിയുടെ യന്ത്രം വാങ്ങാൻ തീരുമാനിച്ചത്. ഇതോടെയാണ് നേരത്തെ അനുവദിച്ച ഫണ്ടിനൊപ്പം മൂന്നു കോടി രൂപ കൂടി ആവശ്യമായത്. എക്സ്റേ യൂനിറ്റ്, സി.ടി സ്കാൻ സംവിധാനങ്ങളാണ് നിലവിൽ ആശുപത്രിയിലുള്ളത്. ഇത് പലപ്പോഴും തകരാറിലാകുന്ന സാഹചര്യമുണ്ട്. ഗുരുതര രോഗികൾ നിലവിൽ എം.ആർ.ഐ സ്കാനിങ്ങിനായി വലിയ തുക നൽകി സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്. പുതിയ എം.ആർ.ഐ യൂനിറ്റ് വന്നാൽ രോഗികൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലും ആരോഗ്യ ഇൻഷുറൻസ് ഉള്ളവർക്ക് സൗജന്യ സേവനവും ലഭിക്കും.
വൈദ്യുതി പ്രതിസന്ധി: പുതിയ ജനറേറ്റർ എത്തി
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പുതിയ ജനറേറ്ററെത്തി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.എം.ഇ) ഫണ്ടിൽനിന്ന് 1.38 കോടി രൂപ ചെലവഴിച്ച് ഗുജറാത്തിൽനിന്നാണ് 750 കെ.വി ജനറേറ്റർ എത്തിച്ചത്. ബി ബ്ലോക്കിന് സമീപത്താകും ഇത് സ്ഥാപിക്കുക.
പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗത്തിന്റെ നേതൃത്വത്തിൽ മറ്റുജോലികൾ പൂർത്തിയാക്കും. മൂന്ന് മാസത്തിനകം പ്രവർത്തന സജ്ജമാകും. ആശുപത്രിയിൽ നേരത്തെ കെ.എസ്.ഇ.ബി 750 കെ.വി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു. പുറമെ വൈദ്യുതി മുടങ്ങിയാൽ 500 കെ.വി. ജനറേറ്ററും നിലവിലുണ്ട്. 14 വർഷം മുമ്പ് സ്ഥാപിച്ച ഈ ജനറേറ്റർ ആശുപത്രി മെഡിക്കൽ കോളജായി വികസിച്ച സാഹചര്യത്തിൽ മതിയാകാതെ വന്നു. തുടർന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം ഊർജ പ്രതിസന്ധി ഒഴിവാക്കാൻ പുതിയ ജനറേറ്റർ എത്തിച്ചത്. ആശുപത്രിയിൽ പുതുതായി വരുന്ന സ്കാനിങ് യൂനിറ്റ്, ഐ.സി.യു കോംപ്ലക്സ്, ഡയാലിസിസ് യൂനിറ്റ്, റേഡിയോളജി ബ്ലോക്ക്, വൈറോളജി ലാബ്, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവ പ്രവർത്തന സജ്ജമാകുന്നതോടെ വൈദ്യുതി ഉപയോഗം കൂടും. ഈ സാഹചര്യം മുന്നിൽകണ്ടാണ് പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.