സ്കൂൾ ചുമരിൽ വര കൊണ്ട് വിസ്മയം തീർത്ത് ‘ആക്രിക്കട’ കൂട്ടായ്മ
text_fieldsമഞ്ചേരി: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കുരുന്നുകളെ സ്വീകരിക്കാൻ മഞ്ചേരി ബി.ഇ.എം.എൽ.പി സ്കൂളിന്റെ ചുമരുകളിൽ വരകൾ കൊണ്ട് വിസ്മയം തീർത്ത് ചിത്രകാരന്മാർ. ഓൾ കേരള ആർടിസ്റ്റ് കൂട്ടായ്മയുടെ (ആക്രിക്കട) നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് രണ്ട് ദിവസമായി സ്കൂളിൽ എത്തി വർണ വിസ്മയം തീർത്തത്.
മലപ്പുറം കേന്ദ്രീകരിച്ച് രജിസ്റ്റര് ചെയ്തു പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയാണ് ‘ആക്രിക്കട’. ക്ലാസ് മുറികളും പുറത്തെ ചുമരും മതിലുമെല്ലാം ചിത്രകാരന്മാർ ഏറ്റെടുത്തു. പക്ഷികളും മൃഗങ്ങളും ഒപ്പം പാഠഭാഗങ്ങളിലും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഇവർ ചിത്രങ്ങൾ വരച്ചത്. വരക്കുന്നതിന് ആവശ്യമായ പെയിൻറും മറ്റും സ്കൂൾ അധികൃതർ എത്തിച്ചു. തികച്ചും സൗജന്യമായാണ് കൂട്ടായ്മ പ്രവൃത്തി ഏറ്റെടുത്തത്. കലയുടെ മഹത്വം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആക്രിക്കട കൂട്ടായ്മ നടത്തിവരുന്ന ആർട്ട് കാമ്പയിനാണ് ‘കേരള ആര്ട്ട് കാമ്പയിൻ’. ഇതിന്റെ ഭാഗമായി സ്കൂളുകൾ, അംഗൻവാടികൾ, കുടുംബശ്രീ യൂനിറ്റുകൾ ഇവയെല്ലാം കേന്ദ്രീകരിച്ചുകൊണ്ട് സൗജന്യമായും തൊഴിലധിഷ്ഠിതമായും
കൂട്ടായ്മ ചിത്രം വരച്ചുനൽകാറുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ചേരിയിലും എത്തിയത്. നേരത്തേ പാലക്കാട് ജില്ലയിലെ ഒരു സ്കൂളിൽ ചിത്രം വരച്ചിരുന്നു. ഇതുകണ്ടാണ് സ്കൂൾ അധികൃതർ കൂട്ടായ്മയിലെ അംഗങ്ങളെ ബന്ധപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ളവർ കൂട്ടായ്മയിൽ അംഗങ്ങളാണ്.ഏഴ് വയസ്സുമുതൽ 69 വയസ്സുവരെയുള്ള കലാകാരന്മാർ ഇവർക്ക് ഒപ്പമുണ്ട്. 265 പേരടങ്ങുന്ന വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇവരുടെ പ്രവർത്തനം. ഒന്നരവർഷം മുമ്പ് രൂപം നൽകിയ കൂട്ടായ്മ ഇതിനോടകം 13 സ്കൂളുകൾക്ക് പുതിയ ഭാവവും രൂപവും നൽകി. തിരുവനന്തപുരം ജില്ലയിലുള്ള ആദിത്യ, അനു എന്നിവർ ചേർന്നാണ് ‘ആക്രിക്കട’ക്ക് രൂപം നൽകിയത്. നിലവിൽ 12 അംഗ ഭരണ സമിതിക്കുകീഴിൽ പ്രവർത്തിച്ചുവരുകയാണ്. പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി സുന്ദർ, ജോ. സെക്രട്ടറി രെബിത്ത്, അംഗങ്ങളായ മുസ്തഫ, ഫസലു, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.