'പുഴു'വിലൂടെ സിനിമ പിന്നണിഗാന രംഗത്തേക്ക് അതുൽ നറുകര
text_fieldsമഞ്ചേരി: ഒ.ടി.ടിയിൽ റിലീസ് ചെയ്ത മമ്മൂട്ടിയുടെ ആദ്യചിത്രം 'പുഴു' വിന്‍റെ ടൈറ്റിൽ ഗാനം പാടിയത് മഞ്ചേരി സ്വദേശി. ചിത്രത്തിലെ 'കൊമ്പെടുത്തൊരു വമ്പ് കാണിച്ച് രാജനവിടം വിട്ടുയാത്ര തുടർന്നുപോകുമ്പോൾ' എന്ന രണ്ട് മിനിറ്റ് നീളുന്ന ഗാനമാണ് അതുല്‍ നറുകര പാടിയത്. നാടൻപാട്ടിലൂടെ ശ്രദ്ധേയനായ അതുലിന്‍റെ സിനിമ അരങ്ങേറ്റം കൂടിയാണിത്. പി.ടി. രത്തീനയാണ് സിനിമ സംവിധാനം ചെയ്തത്.
അരങ്ങേറ്റം തന്നെ മമ്മൂട്ടി ചിത്രത്തിലായതിൽ വലിയ സന്തോഷമുണ്ടെന്ന് അതുൽ പറഞ്ഞു. എം.ടി. വാസുദേവന്‍ നായരുടെ 10 ചെറുകഥകള്‍ ആധാരമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയുന്ന 'അഭയം തേടി വീണ്ടും' എന്ന സിനിമയിലൂടെയാണ് പുഴുവിന്‍റെ സംഗീത സംവിധായകൻ ജേക്സ് ബിജോയിയെ പരിചയപ്പെടുന്നത്. ഈ സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. സന്തോഷ് ശിവന്‍റെ സിനിമയിൽ അതുൽ മൂന്ന് പാട്ടുകൾ പാടിയിട്ടുണ്ട്. ഇതില്‍ രണ്ട് പാട്ടുകള്‍ക്ക് വരികള്‍ എഴുതിയതും 25കാരനാണ്.
മറ്റുരണ്ട് പാട്ടുകൾക്ക് സുഹൃത്ത് ശ്രീഹരി തറയിലാണ് വരികൾ എഴുതിയത്. പത്ത് വർഷത്തോളമായി നാടൻപാട്ട് മേഖലയിൽ പ്രവർത്തിക്കുന്ന അതുൽ 'സോൾ ഓഫ് ഫോക്' മ്യൂസിക് ബാൻഡിലെയും 'കനൽ തിരുവാലി' സംഘത്തിലെയും പാട്ടുകാരനാണ്. 2019ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, 2020ലെ കലാഭവൻ മണി ഓടപ്പഴം പുരസ്കാരം, സാംസ്കാരിക വകുപ്പിന്‍റെ വജ്രജൂബിലി ഫെലോഷിപ് എന്നിവക്കർഹനായി. 'കടിയണക്കം മരത്താള മഹോത്സവ'ത്തില്‍ പങ്കെടുത്ത് ലോക റെക്കോഡിലും സാന്നിധ്യമറിയിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് രണ്ടുതവണ സൗത്ത് സോൺ, ദേശീയ മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടി. നിലവിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാർഥിയാണ്. പുത്തൻ കളത്തിൽ 'മാധവ'ത്തിൽ വേലായുധൻ-ശ്രീജ ദമ്പതികളുടെ മകനാണ്. അഭിനവ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.