യാത്രക്കാരെ വലച്ച് മഞ്ചേരിയിൽ ബസ് പണിമുടക്ക്
text_fieldsമഞ്ചേരി: അപ്രതീക്ഷിതമായി മഞ്ചേരിയിൽ ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച മിന്നൽപണിമുടക്കിൽ നൂറുകണക്കിന് യാത്രക്കാർ വലഞ്ഞു. പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യോഗാർഥികളും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ലക്ഷ്യസ്ഥാനത്തെത്താൻ പാടുപെട്ടു. പലരും ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് പരീക്ഷകേന്ദ്രങ്ങളിലെത്തിയത്. അഞ്ച് മണിക്കൂറോളം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് സർവിസുകൾ മുടങ്ങി.
ശനിയാഴ്ച രാവിലെ മുതലാണ് മഞ്ചേരി നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. കാളികാവ് -കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ രണ്ട് ജീവനക്കാരെയടക്കം മൂന്നുപേരെ കാറിലെത്തിയ ഒരു സംഘം മർദിച്ചതിലും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ലെന്നാരോപിച്ചുമായിരുന്നു പണിമുടക്ക്. കേസെടുത്തതോടെ ഉച്ചക്ക് മൂന്നോടെ പിൻവലിച്ചു.
ആദ്യം കോഴിക്കോട് ബസുകൾ സർവിസ് നടത്തിയില്ല. രാവിലെ പത്തോടെ മുഴുവൻ ബസുകളും സർവിസ് നിർത്തി. വെള്ളിയാഴ്ച രാത്രി കൊണ്ടോട്ടി 17ാം മൈലിൽ കാറിന് സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പിന്നാലെയെത്തിയ സംഘം ബസ് ജീവനക്കാരെ മർദിക്കുകയായിരുന്നു. ഡ്രൈവർ വണ്ടൂർ ചെറുകോട് സ്വദേശി സൈഫുദ്ദീൻ (33), കണ്ടക്ടർ എളങ്കൂർ തരികുളം സ്വദേശി എ.പി ഫായിസ് (23), കണ്ടക്ടറെ കൂട്ടാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ കാരക്കുന്ന് സ്വദേശി പൊന്നാംകടവൻ സമീർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ പരാതിയിൽ രാവിലെത്തന്നെ കേസെടുത്തതായി മഞ്ചേരി പൊലീസ് പറഞ്ഞു. മലപ്പുറം സ്വദേശി കെ.പി.എ ഷമീറിനെ മർദിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ കൊണ്ടോട്ടി പൊലീസും കേസെടുത്തു. ഷമീർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പി.എസ്.സി ഉദ്യോഗാർഥികൾ ദുരിതക്കയത്തിലായി
മഞ്ചേരി: മുന്നറിയിപ്പില്ലാതെ നടന്ന ബസ് പണിമുടക്കിൽ പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവൻറ് പരീക്ഷക്കെത്തിയ ഉദ്യോഗാർഥികൾ ശരിക്കും വലഞ്ഞു. രാവിലെ പത്തോടെ പൊന്നാനി, തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്ന് മഞ്ചേരി ബസ്സ്റ്റാൻഡിൽ എത്തിയതോടെയാണ് പലരും പണിമുടക്ക് അറിഞ്ഞത്. ഇതോടെ സങ്കടത്തിലായി. എന്ത് ചെയ്യണമെന്നറിയാതെ രക്ഷിതാക്കളും ആശങ്കയിലായി. പലരും സഹായത്തിനായി പൊലീസിനെ സമീപിച്ചു. കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്താൻ പൊലീസും ആവശ്യപ്പെട്ടു. മലപ്പുറം, തിരൂർ, നിലമ്പൂർ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി എത്തിയതോടെ ബസിൽ കയറിപ്പറ്റാൻ പലരും പ്രയാസപ്പെട്ടു. ഉൾപ്രദേശങ്ങളിൽ പരീക്ഷകേന്ദ്രം ലഭിച്ചവരാണ് ഏറെ പ്രയാസപ്പെട്ടത്.
തുവ്വൂർ, പാണ്ടിക്കാട്, മേലാറ്റൂർ, വണ്ടൂർ, മമ്പാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉദ്യോഗാർഥികൾ തന്നെ സംഘടിച്ച് പൊലീസ് സഹായത്തോടെ വാഹനം ഒപ്പിച്ചു. ഓരോ റൂട്ടിലേക്കും സംഘം ചേർന്ന് ടാക്സി കാറുകളിലും ട്രാവലറുകളിലുമായി തിരിച്ചു. ബസ് ചാർജിെൻറ മൂന്നും നാലും ഇരട്ടി ചാർജ് നൽകിയാണ് പലരും പോയത്. ഓട്ടോക്ക് നൽകാൻ പണമില്ലാതെ നിന്ന വിദ്യാർഥികൾക്ക് പൊലീസും നാട്ടുകാരും ചേർന്ന് തുക നൽകി. ഉച്ചക്ക് 12ഓടെ മുഴുവൻ ഉദ്യോഗാർഥികളെയും ലക്ഷ്യസ്ഥാനത്തേക്ക് അയക്കാൻ പൊലീസിന് സാധിച്ചു. ഇതിനിടെ ടാക്സി വാഹനങ്ങളിൽ ഉദ്യോഗാർഥികളെ കയറ്റുന്നത് തടയാൻ ബസ് ജീവനക്കാർ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്നം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.