കാർ നിർമിച്ച് താരങ്ങളായി ചെറുകുളം ബോയ്സ്
text_fieldsമഞ്ചേരി: റേസിങ്ങിൽ കുതിച്ച് പായുന്ന ഫെരാരി കാർ പോലെ ചെറുകുളത്തെ നിരത്തുകൾ കീഴടക്കി ഒരു വാഹനം. കെട്ടിലും മട്ടിലുമെല്ലാം റേസിങ് വാഹനത്തെ കവച്ചുവെക്കുന്ന നിർമാണം. മഞ്ചേരി ചെറുകുളം കൊയിലാണ്ടി സ്വദേശികളായ മിദ് ലാജ്, സഫാദ്, മുഹമ്മദ് നിൻഹാസ് എന്നിവർ നിർമിച്ച നാല് ചക്രവാഹനം നാട്ടിൽ താരമാണ്.
ഫോർ വീലർ വാഹനം നിരത്തിലിറക്കണമെന്ന ആഗ്രഹത്തോടൊപ്പം കഠിനാധ്വാനം കൂടി ചെയ്തയോടെയാണ് കാർ യാഥാർഥ്യമായത്. നിർമാണത്തിനുപയോഗിച്ച സ്പെയർ പാർട്സുകൾ മിക്കതും മാരുതി സെൻ കാറിന്റേതാണ്.
എൻജിൻ മാരുതി -800 സി.സിയുടെതും ഫോർ പ്ലസ് വൺ ഗിയർ സിസ്റ്റമുള്ള വണ്ടിയുടെ ഡീസൽ ടാങ്ക് ആക്റ്റിവ സ്കൂട്ടറിന്റേതുമാണ്. ഏകദേശം ഒരു വർഷം എടുത്താണ് വണ്ടി നിർമിച്ചത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എല്ലാ പ്രോത്സാഹനവും നൽകി. ഒരു ലക്ഷത്തോളം രൂപ ചെലവ് വന്നു. മൂവർ സംഘം തന്നെയാണ് പണം കണ്ടെത്തിയതും. നേരത്തെ ഇവർ ബൈക്കും നിർമിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വാഹനം വൈറലാണ്. ചെറുപ്പം തൊട്ടേ വാഹനത്തോടുള്ള ഇഷ്ടക്കൂടുതലാണ് വാഹനം നിർമിക്കാനുള്ള കാരണമെന്ന് മൂവരും പറയുന്നു. ചുള്ളിക്കുളവൻ ബഷീറിന്റെയും ബുഷ്റയുടെയും മകനായ മിദ് ലാജ് ബി.ബി.എ ഒന്നാം വർഷ വിദ്യാർഥിയാണ്. കൊയിലാണ്ടി ഷംസുദ്ദീന്റെയും ശഹീദയുടെയും മകനായ സഫാദ് മെക്കാനിക്കൽ വിദ്യാർഥിയാണ്. പോളിഷ് വർക്ക് ചെയ്യുന്ന മുഹമ്മദ് നിൻഹാസ് അബ്ദുനാസർ കൊയിലാണ്ടി - റജീന ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.