അഞ്ചുപേർ മരിച്ച ചെട്ടിയങ്ങാടി വാഹനാപകടം; പരിഹാര നിർദേശങ്ങൾ കടലാസിൽതന്നെ
text_fieldsമഞ്ചേരി: നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടിയിൽ അഞ്ചുപേരുടെ മരണത്തെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിലുണ്ടായ പ്രശ്നപരിഹാര യോഗത്തിലെ തീരുമാനങ്ങൾ കടലാസിൽ തന്നെ. അപകടം അഞ്ചുമാസം പിന്നിട്ടിട്ടും തീരുമാനങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. 2023 ഡിസംബർ 15ന് വൈകീട്ട് 5.30നാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ച ബസും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പിറ്റേദിവസം രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തുടർന്ന് തഹസിൽദാരുടെ ചേംബറിൽ യോഗം ചേരാമെന്ന് അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഈ യോഗത്തിലെ തീരുമാനങ്ങളാണ് നടപ്പിലാകാതെ പോയത്.
റോഡിൽ സ്റ്റോപ് ആൻഡ് പ്രൊസീഡ് ബോർഡ് സ്ഥാപിക്കൽ, റോഡിൽനിന്ന് ഓടയിലേക്ക് വെള്ളമൊഴുകാൻ റോഡിന്റെ വശങ്ങളിൽ റോഡിനേക്കാൾ ഉയർന്നിരിക്കുന്ന ഇൻറർലോക്ക് പൊട്ടിച്ചെടുത്ത് താഴ്ത്തി വെക്കൽ, ഒടിഞ്ഞ പത്തോളം വിളക്കുകാലുകൾ പുനഃസ്ഥാപിക്കൽ, തകർന്നുകിടക്കുന്ന സൂചന ബോർഡുകൾ ശരിയാക്കൽ തുടങ്ങിയ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ല. നാമമാത്ര സൂചന ബോർഡുകളും റോഡിൽ റംബിൾ സ്ട്രിപ്പും സ്ഥാപിക്കലും മാത്രമാണ് അധികൃതർ ചെയ്തത്. അപകട ശേഷം പേരിനു മാത്രം സ്ഥാപിച്ച ഗുണനിലവാരമില്ലാത്ത സൂചന ബോർഡും റോഡിൽ തന്നെയാണ്. നിലവിലുള്ള മറ്റ് വിളക്കുകാലുകളും സൂചന ബോർഡുകളും റോഡിൽ വീണുകിടക്കുന്നു. പൊലീസ്-നഗരസഭ അറിയിപ്പുകളെ തുടർന്ന് റോഡിൽ സ്ഥിരമായി നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മാറ്റിയിരുന്നെങ്കിലും പലതും തൽസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. വർക്കുഷോപ്പുകളും വാഹനങ്ങളുടെ സ്പെയർ പാർടുസുകൾ വിൽക്കുന്ന കടകളാണ് ഇവിടെ ഏറെയും.
നഗരസഭ അധികൃതരും മഞ്ചേരി പൊലീസും യോഗത്തിലെ തീരുമാനം സമയബന്ധിതമായി തന്നെ നടപ്പാക്കാൻ ശ്രദ്ധിച്ചെങ്കിലും തികഞ്ഞ അലംഭാവമാണ് റോഡ് നിർമാണ, സേഫ്റ്റി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം കനത്തതോടെ പ്രദേശത്തെ ചെറിയ റോഡുകളിൽനിന്ന് കല്ലും മണ്ണും റോഡിലേക്ക് ഒലിച്ചുവരുകയാണ്. വെള്ളം ഒഴുകി പോകുന്നതോടെ ചളിയും കല്ലും മണ്ണും അപകട സാധ്യത വർധിപ്പിച്ച് ഇവിടെ തന്നെ അവശേഷിക്കുന്നു. പ്രശ്നത്തിൽ ജില്ല കലക്ടർ അടിയന്തരമായി ഇടപെടണമെന്നും പരിഹാരം ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജൂലൈ ഒന്നിന് വീണ്ടും റോഡുപരോധ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. ഇക്കാര്യത്തിനായി ഹുസൈൻ വല്ലാഞ്ചിറ (കോഓഡിനേറ്റർ), കെ.പി. ഉമ്മർ (മുൻ നഗരസഭാംഗം), ബീന തേരി, മേച്ചേരി ഹുസ്സൈൻ ഹാജി, അഷ്റഫ് കാക്കേങ്ങൽ (മൂന്നു പേരും നഗരസഭ അംഗങ്ങൾ), വി.എം. അൻവർ, എൻ.കെ. ഷറീഫ്, എ.പി. സമീർ, സുബ്രഹ്മണ്യൻ (നാലു പേരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ) എന്നിവരടങ്ങുന്ന ഒമ്പത് അംഗ ജനകീയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.