അഞ്ചുപേർ മരിച്ച ചെട്ടിയങ്ങാടി അപകടം കണ്ണീരോർമക്ക് ഇന്ന് ഒരുവർഷം
text_fieldsമഞ്ചേരി: അഞ്ചുപേരുടെ മരണത്തിനിടയായ നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി വാഹനാപകടത്തിന് ഞായറാഴ്ച ഒരുവർഷം തികയുന്നു. 2023 ഡിസംബർ 15ന് വൈകീട്ട് അഞ്ചരയോടയൊണ് നാടിനെ നടുക്കിയ അപകടം നടന്നത്. മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഓട്ടോ ഡ്രൈവർ മഞ്ചേരി മാലാംകുളം തടപറമ്പ് പുത്തൻപറമ്പിൽ അലവിയുടെ മകൻ പി.പി. അബ്ദുൽ മജീദ് (50), യാത്രക്കാരായ മഞ്ചേരി പയ്യനാട് താമരശ്ശേരി കരിമ്പുള്ളകത്ത് വീട്ടിൽ ഹമീദിന്റെ ഭാര്യ മുഹ്സിന (35), സഹോദരി കരുവാരക്കുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ (33), തസ്നീമയുടെ മക്കളായ റൈഹ ഫാത്തിമ (നാല്), റിൻഷ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റോഡ് നവീകരിച്ചതോടെ ഇവിടെ അപകടം പതിവായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇതിനിടിയിലാണ് അപകടത്തിൽ അഞ്ചുപേർക്ക് കൂടി ജീവൻ നഷ്ടമായത്. അപകടത്തെ തുടർന്ന് പിറ്റേദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വർഷം ഒന്നായിട്ടും തീരുമാനം കടലാസിലൊതുങ്ങി.
തഹസിൽദാരുടെ ചേംബറിൽ ചെട്ടിയങ്ങാടിയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നഗരസഭാധികൃതർ, പൊലീസ്, റോഡ് നിർമാണ അതോറിറ്റി, റോഡ് സേഫ്റ്റി അതോറിറ്റി തുടങ്ങിയവർ ചേർന്ന് നടത്തിയ ചർച്ചയും എടുത്ത തീരുമാനങ്ങളുമാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. റോഡിൽ താൽക്കാലിക സ്റ്റോപ് ആൻഡ് പ്രൊസീഡ് ബോർഡ് സ്ഥാപിക്കുമെന്നായിരുന്നു ഒരുതീരുമാനം. എന്നാൽ നാട്ടുകാർ സ്ഥാപിച്ച താൽക്കാലിക ബോർഡിൽ മാത്രം ഒതുങ്ങി.
ഓടകളിലേക്ക് വെള്ളമിറങ്ങാൻ, റോഡിനേക്കാൾ ഉയർന്നുനിൽക്കുന്ന ഇൻറർലോക്ക് പൊളിച്ചെടുത്ത് താഴ്ത്തിവെക്കാനും പ്രദേശത്ത് വീണുകിടക്കുന്ന പത്തോളം സ്ട്രീറ്റ്ലൈറ്റുകൾ ശരിയാക്കാനും തീരുമാനിച്ചിരുന്നെങ്കിലും എല്ലാം വാഗ്ദാനം മാത്രമായി. ചെട്ടിയങ്ങാടിയിൽ റോഡിൽ ഡിവൈഡർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ‘അപകടസാധ്യതാമേഖല’ എന്ന സ്ഥിര ബോർഡ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നാല് മാസങ്ങൾക്കുശേഷം ഗുണനിലവാരമില്ലാത്ത രണ്ട് ബോഡുകൾ സ്ഥാപിച്ചെങ്കിലും ഒരെണ്ണം അന്ന് തന്നെ തകർന്ന് വീണതായി നാട്ടുകാർ പറഞ്ഞു. റോഡിന് ഇരു വശങ്ങളിലും ഉള്ള വാഹനങ്ങൾ മാറ്റാൻ പൊലീസും നഗരസഭയും നാട്ടുകാരും ചേർന്ന് നിർദേശം നൽകിയിരുന്നു. അന്ന് വാഹനങ്ങൾ മാറ്റിയെങ്കിലും പിന്നീട് വാഹനങ്ങൾ യഥാസ്ഥാനത്ത് തിരിച്ചെത്തി.
റമ്പർ സ്ട്രിപ്പും സീബ്രാലൈനും മാസങ്ങൾക്ക് ശേഷം സ്ഥാപിച്ചു. തീരുമാനങ്ങൾ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമിതി കൺവീനർ ഹുസ്സൈൻ വല്ലാഞ്ചിറ, കൗൺസിലർ ഹുസൈൻ മേച്ചേരി, വി.എം. അൻവർ. കെ. സുബ്രഹ്മണ്യൻ എന്നിവർ ജില്ല കലക്ടറുമായി തഹസിൽദാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തീരുമാനങ്ങൾ ഇനിയും നടപ്പിലാക്കിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.