മഞ്ചേരി മെഡിക്കൽ കോളജ് യാഥാർഥ്യമാക്കിയ മുഖ്യമന്ത്രി
text_fieldsപെരിന്തൽമണ്ണ: മലപ്പുറത്തിന്റെ വികസനക്കുതിപ്പിൽ നിർണായകമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്റെ പടി കടന്നെത്തുമ്പോൾ ഓർമയിൽ വരുന്ന പേരാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേത്.
2013ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് മഞ്ചേരി മെഡിക്കൽ കോളജ് ആരംഭിച്ചത്. 32 വർഷത്തിനുശേഷം സർക്കാർ മേഖലയിൽ ആരംഭിച്ച ആദ്യ മെഡിക്കൽ കോളജാണിത്. ആദ്യ ബാച്ച് എം.ബി.ബി.എസിന് പ്രവേശനം നേടിയത് നൂറ് വിദ്യാർഥികളാണ്.
2011 ഫെബ്രുവരിയിലെ സംസ്ഥാന ബജറ്റിലായിരുന്നു മഞ്ചേരിയടക്കം സംസ്ഥാനത്ത് നാലിടത്ത് ഗവ. മെഡിക്കൽ കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളും പട്ടികയിലുണ്ടായിരുന്നു.
2011ലെ സെൻസസ് പ്രകാരം 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് മെഡിക്കൽ കോളജ് ഇല്ലെന്നായിരുന്നു ആ കാലത്തെ ചർച്ച. വൻ സാമ്പത്തിക ചെലവും ബാധ്യതകളും വരുമെന്നതിനാൽ മെഡിക്കൽ കോളജ് കേവലം പ്രഖ്യാപനമാണെന്നായിരുന്നു ആദ്യ പ്രചാരണം.
പിന്നീട് സർക്കാർ, സ്വകാര്യ പങ്കാളിത്തത്തിൽ സ്ഥാപിക്കാമെന്നായി. ഇതിനെതിരെ അന്നത്തെ പ്രതിപക്ഷമായ സി.പി.എം അടക്കം രംഗത്തുവന്നു. മഞ്ചേരിയിലെ നിലവിലെ ജനറൽ ആശുപത്രി തന്നെ 500 കോടിക്ക് മുകളിൽ ആസ്തി കണക്കാക്കാവുന്ന സ്ഥാപനമാണെന്നും ഇതിനെ സ്വകാര്യ മേഖലയിൽ ലയിപ്പിക്കുകയാണ് ഉദ്ദേശ്യമെന്നതടക്കമായിരുന്നു ആരോപണങ്ങൾ. മെഡിക്കൽ കോളജിന് ചുറ്റും കൈകോർത്ത് സംരക്ഷണ ചങ്ങല വരെ തീർത്ത നിരവധി സമരങ്ങൾ.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പൂർണമായും സർക്കാർ മേഖലയിലാവും മെഡിക്കൽ കോളജ് എന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈകിയാണെങ്കിലും മലപ്പുറത്തിന്റെ സ്വപ്നം സഫലമാക്കി. 2011ൽ പ്രഖ്യാപിച്ച പദ്ധതിക്ക് വേഗം കൂട്ടാൻ കോട്ടയം ഗവ. മെഡിക്കൽ കോളജിലുണ്ടായിരുന്ന പി.ജി.ആർ പിള്ളയെ നോഡൽ ഓഫിസറാക്കി.
2013 സെപ്റ്റംബറിൽ ഉദ്ഘാടനവും ആദ്യ ബാച്ചിന്റെ ക്ലാസും ആരംഭിക്കുമ്പോൾ മന്ത്രിമാരുടെ നീണ്ട നിരയായിരുന്നു ചടങ്ങിൽ. പ്രവേശനം നേടി ചേരാനെത്തിയ, മധ്യവർഗ കുടുബങ്ങളിലെ കുട്ടികളോടൊപ്പം കൂലിപ്പണിക്കാരുടെയും ഓട്ടോ തൊഴിലാളികളുടെയും അടക്കം മക്കളുമുണ്ടായിരുന്നു.
അന്നത്തെ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനേക്കാൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്റെ കാര്യത്തിൽ ജനങ്ങളുടെ മനസ്സിലുള്ളത് ഉമ്മൻ ചാണ്ടിയുടെയും മഞ്ചേരി എം.എൽ.എ ആയിരുന്ന എം. ഉമ്മറിന്റെയും പേരുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.