സ്കൂളിൽ അധ്യാപകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം: പ്രധാനാധ്യാപികയടക്കം ആറുപേർക്ക് പരിക്ക്
text_fieldsമഞ്ചേരി: പൂക്കൊളത്തൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രധാനാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു. പ്രധാനാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ മഞ്ചേരി ഏരിയ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ് വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വ്യാഴാഴ്ച രാവിലെ 11ഓടെ പ്രധാനാധ്യാപികയുടെ മുറിയിലാണ് സംഘർഷം ഉണ്ടായത്. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരം സ്കൂളിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപികയെയും സമീപിച്ചിരുന്നു.
എന്നാൽ, സ്കൂളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവില്ലെന്നും പറഞ്ഞ് അധ്യാപകർ ഇവരെ മടക്കിയയച്ചു. എന്നാൽ, ഇതിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പങ്കെടുത്തിരുന്നു. ഈ വിദ്യാർഥിയെ അധ്യാപകർ വിളിച്ച് ശാസിക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, ഇവനെ പുറത്താക്കിയെന്നാരോപിച്ച് ഇത് ചോദ്യം ചെയ്യാൻ എസ്.എഫ്.ഐ നേതാക്കൾ സ്കൂളിലെത്തി.
പ്രധാനാധ്യാപികയുടെ മുറിയിൽ ഇരുവിഭാഗവും തമ്മിൽ സംസാരിക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പരീക്ഷ ഫീസുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്ന പ്രധാനാധ്യാപികയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. മേശപ്പുറത്തെ ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ഇത് തടഞ്ഞ തന്നെ അവർ ആക്രമിക്കുകയും ചെയ്തെന്ന് പ്രധാനാധ്യാപിക എ. ജയശ്രീ പറഞ്ഞു. ആശുപത്രിയിലും ഭീഷണി മുഴക്കിയെന്ന് അധ്യാപകർ പറഞ്ഞു.
എന്നാൽ, പത്തിലധികം വരുന്ന അധ്യാപകർ സംഘം ചേർന്ന് തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് ആശുപത്രിയിലെത്തി ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എം.എസ്.എഫ് പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കെ.എസ്.ടി.യു പ്രതിഷേധം
മലപ്പുറം: പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ അധ്യാപകരെ ഓഫിസിൽ കയറി അക്രമിക്കുകയും സ്കൂൾ പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത എസ്.എഫ്.ഐ ആക്രമണത്തിനെതിരെ കെ.എസ്.ടി.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നടപടിയെടുക്കണമെന്ന് ജില്ല പ്രസിഡന്റ് മജീദ് കാടേങ്ങൽ, ജനറൽ സെക്രട്ടറി എൻ.പി. മുഹമ്മദാലി, ട്രഷറർ കോട്ട വീരാൻ കുട്ടി എന്നിവർ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പ്രതിഷേധം
മഞ്ചേരി: പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പുൽപറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. പൂക്കോടൻ അബൂബക്കർ, പി.സി. ഇബ്രാഹിം കുട്ടി ഹാജി, പി.ടി. അബ്ബാസ്, പി.സി. അബ്ദുറഹ്മാൻ സംസാരിച്ചു.
പുൽപറ്റ: പൂക്കൊളത്തൂർ സി.എച്ച്.എം ഹൈസ്കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെ പുറത്തു നിന്നെത്തിയ സംഘം പ്രധാനാധ്യാപികയെയും മറ്റു അധ്യാപകരെയും കൈയേറ്റം ചെയ്ത സംഭവത്തിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്ത പക്ഷം മഞ്ചേരി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി. യാസർ, ജനറൽ സെക്രട്ടറി വി.പി. റിയാസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.