പരീക്ഷ തടസ്സപ്പെടുത്തിയെന്ന് പരാതി; അധ്യാപികയെ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ സസ്പെൻഡ് ചെയ്തു
text_fieldsമഞ്ചേരി: കാരക്കുന്ന് പഴേടം എ.എൽ.പി സ്കൂൾ അധ്യാപിക സിദ്റത്തുൽ മുൻതഹയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പരീക്ഷ നടത്തിപ്പിന് തടസ്സം നിന്നെന്നും ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തിയെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ നടപടി.
പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഡി.ഡി.ഇ, മഞ്ചേരി ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, നൂൺ മീൽ സൂപ്പർവൈസർ എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ പതിനൊന്നോടെ സ്കൂളിലെത്തിയിരുന്നു. എന്നാൽ, സ്കൂളിലെ അറബിക് അധ്യാപികയായ സിദ്റത്തുൽ മുൻതഹ മലപ്പുറം ഡി.ഡി.ഇ, മഞ്ചേരി എ.ഇ.ഒ എന്നിവരെ സ്കൂളിൽ പ്രവേശിക്കാതെ ഗേറ്റ് അടച്ചുപൂട്ടി. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയാണ് സ്കൂൾ ഗേറ്റ് തുറന്നത്.
രണ്ടുദിവസവും പരീക്ഷ തടസ്സപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് നടപടി. സർക്കാർ നൽകിയ ചോദ്യപേപ്പർ ഉപയോഗിക്കാതെ വേറെ ചോദ്യപേപ്പർ ഫോട്ടോ സ്റ്റാറ്റ് എടുത്താണ് പരീക്ഷ നടത്തിയതെന്നും സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന പാചകകാരിയെ സ്കൂളിൽ പ്രവേശിപ്പിക്കാതെ പുറത്തുനിർത്തിയതിനാൽ ഉച്ചഭക്ഷണ വിതരണം തടസ്സപ്പെട്ട സാഹചര്യമുണ്ടായെന്നും ഉത്തരവിൽ പറയുന്നു.
സ്കൂളിന്റെ സുഖമമായ നടത്തിപ്പിനും സൽപ്പേരിനും കളങ്കമുണ്ടാക്കിയതിനാലാണ് അധ്യാപികക്കെതിരെ അച്ചടക്ക നടപടിയെന്ന് എ.ഇ.ഒ എസ്. സുനിത ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.