മുഖം മിനുക്കാൻ മഞ്ചേരി
text_fieldsമഞ്ചേരി: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പഴയ ബസ്സ്റ്റാൻഡ് പൊളിച്ചുമാറ്റിയ സ്ഥലത്ത് ആധുനികരീതിയിലുള്ള വ്യാപാരസമുച്ചയവും ബസ്ബേയും നിർമിക്കാനുള്ള നഗരസഭയുടെ സ്വപ്നപദ്ധതിക്ക് സർക്കാറിൽനിന്ന് സാങ്കേതികാനുമതിയായി. 9.5 കോടി രൂപ ചെലവിലാണ് ആധുനികരീതിയിലുള്ള സമുച്ചയം നിർമിക്കുന്നത്. ഇതിന് മഞ്ചേരി സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കാൻ നേരത്തേ സർക്കാറിൽനിന്ന് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വായ്പ നടപടികൾ ആരംഭിക്കാൻ നഗരസഭ ബാങ്കിന് കത്ത് നൽകി.
സാങ്കേതികാനുമതിക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എൻജിനീയർക്ക് എസ്റ്റിമേറ്റും രൂപരേഖയും സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുമതി ലഭ്യമായത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മൂന്ന് തവണ മടക്കിഅയക്കുകയും ചെയ്തിരുന്നു. കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ച പഴയ ബസ് സ്റ്റാൻഡ് കെട്ടിടം ഒരുവർഷം മുമ്പാണ് പൊളിച്ചുമാറ്റിയത്. പൊളിച്ചയുടൻ ഇവിടെ വ്യാപാരസമുച്ചയ നിർമാണം ആരംഭിക്കാനായിരുന്നു നഗരസഭയുടെ പദ്ധതി. എന്നാൽ, സാങ്കേതികാനുമതിയിൽ കുരുങ്ങി പദ്ധതി നീളുകയായിരുന്നു.
സാങ്കേതിക അനുമതി ലഭിച്ച സാഹചര്യത്തിൽ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും നിർമാണം വേഗത്തിലാക്കുമെന്നും നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ പറഞ്ഞു. ഓപൺ ഓഡിറ്റോറിയം, പാർക്കിങ് ഏരിയ, ബസ് ബേ എന്നിവയും സമുച്ചയത്തിലുണ്ടാകും. നിലവിലെ രീതിയിൽ ബസുകൾ കയറിയിറങ്ങുന്ന തരത്തിലാകുമിത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മഞ്ചേരിയുടെ മുഖച്ഛായ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.