പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകി; മെഡിക്കൽ കോളജിൽ വീഴ്ച
text_fieldsമഞ്ചേരി: വിഷം കഴിച്ചെന്ന സംശയത്തിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം വിട്ടു കൊടുത്തതിൽ വീഴ്ച സംഭവിച്ചതോടെ ബന്ധുക്കളെ വിളിച്ച് മൃതദേഹം വീണ്ടും ആശുപത്രിയിലെത്തിച്ചു. സംസ്കാരം നടത്താനുള്ള ഒരുക്കത്തിനിടെയാണ് തിരിച്ചെത്തിക്കേണ്ടി വന്നത്. കീഴാറ്റൂർ അരിക്കണ്ടംപാക്ക് തച്ചിങ്ങനാടം നല്ലൂർ പള്ളിക്കരത്തൊടി കുഞ്ഞമ്മ (ചിന്നുട്ടി-68) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 30നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. രേഖകൾ ശരിയാക്കാനുണ്ടോ എന്ന് ചോദിച്ചെങ്കിലും ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ചാണ് മൃതദേഹം കൊണ്ടു പോയത്. മരണ വിവരം അറിയിച്ചതനുസരച്ച് വീട്ടുകാരും നാട്ടുകാരും വീട്ടിലെത്തി. ഷൊർണൂരിൽ നിന്നു ചിതയൊരുക്കുന്ന സംഘവും പുറപ്പെട്ടു.
ഉച്ചക്ക് പതിനൊന്നരയോടെ മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിൽ നിന്ന് ഫോൺ വന്നു. സംസ്കാര ചടങ്ങുകൾ തുടങ്ങാനിരിക്കുകയാണെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. പൊലീസിനെ അറിയിക്കാതെയാണ് മൃതദേഹം വിട്ടു കൊടുത്തത്. പിന്നീട് മേലാറ്റൂർ പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വൈകീട്ട് അഞ്ചരയോടെ വീണ്ടും ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ബുധനാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.