പുതുവർഷത്തിൽ മഞ്ചേരിയിൽ പൈപ്പ് ലൈൻ വഴി പാചകവാതകം വീടുകളിലേക്ക്
text_fieldsമഞ്ചേരി: പുതുവർഷത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതകം ഇനി വീടുകളിലേക്ക്. ഗെയിലിെൻറ സിറ്റി ഗ്യാസ് പദ്ധതി വഴിയാണ് പൈപ്പ് ലൈൻ വഴി വീടുകളിലേക്ക് എത്തിക്കുന്നത്. ജില്ലയിൽ ആദ്യമായി മഞ്ചേരി നഗരസഭയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ നഗരസഭയിലെ മേലാക്കം, ചുള്ളക്കാട്, തടത്തിക്കുഴി വാർഡുകളിലെ ആയിരം വീടുകളിലേക്കാണ് കണക്ഷൻ നൽകുന്നത്. 500 വീടുകളിലേക്കുള്ള പ്രവൃത്തി പൂർത്തിയായി. ഇന്ത്യൻ ഓയിൽ അദാനി പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല.
മാർച്ച് അവസാനത്തോടെ വീടുകളിലേക്ക് കണക്ഷൻ നൽകാനാകുമെന്നാണ് കരുതുന്നതെന്ന് കമ്പനി ഡെപ്യൂട്ടി മാനേജർ എം.ആർ. ഹരികൃഷ്ണ 'മാധ്യമ'ത്തോട് പറഞ്ഞു. മഞ്ചേരി ടൗൺ മുതൽ വള്ളുവമ്പ്രം വരെയുള്ള 10 കിലോമീറ്റർ സംസ്ഥാന പാതയിൽ മാസങ്ങൾക്ക് മുമ്പ് പ്രധാന പൈപ്പ് ലൈൻ സ്ഥാപിച്ചു. മീഡിയം ഡെൻസിറ്റി പോളി എത്തിലീൻ (എം.ഡി.പി) പൈപ്പുകൾ വഴിയാകും വീടുകളിലേക്ക് കണക്ഷൻ നൽകുക. ഗെയിലിെൻറ നറുകരയിലെ വാൽവ് സ്റ്റേഷനിൽ നിന്നാണ് മെയിൻ ലൈനിലേക്ക് പാചകവാതകം എത്തിക്കുക. ലൈൻ കടന്നുപോകുന്ന പരിസര പ്രദേശങ്ങളിലെ വീടുകളിലേക്ക് കുടിവെള്ളം നൽകുന്നതുപോലെയാകും പാചകവാതകം നൽകുക. വീടുകളിൽ ഉപയോഗം കണക്കാക്കുന്നതിനുള്ള മീറ്ററും സ്ഥാപിക്കും. രണ്ട് മാസത്തിലൊരിക്കൽ ഉപയോഗത്തിനുള്ള പണം മാത്രം നൽകിയാൽ മതിയാകും. ഗ്യാസ് സിലിണ്ടറിനേക്കാൾ വിലകുറയുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്. രണ്ടാം ഘട്ടത്തിൽ മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ നഗരസഭകളിലും പദ്ധതി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.