സഹകരണ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ്; ഒടുവിൽ അച്ചടക്ക നടപടി
text_fieldsമഞ്ചേരി: സഹകരണ അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിലുണ്ടായ വിഭാഗീയതക്ക് ഒടുവിൽ അച്ചടക്ക നടപടി. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി. അബ്ദുറഹിമാൻ അവറു, ലോയേഴ്സ് കോൺഗ്രസ് ജില്ല പ്രസിഡന്റ്, അഡ്വ. കെ.എ. ജബ്ബാർ എന്നിവരെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെ.പി.സി.സി അംഗവും യു.ഡി.എഫ് മണ്ഡലം ചെയർമാനുമായ റഷീദ് പറമ്പനെ സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്യാൻ കെ.പി.സി.സി നേതൃത്വത്തോട് ജില്ല കോൺഗ്രസ് നേതൃത്വം ശിപാർശ ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. കെ.പി.സി.സിയെ മറികടന്നുള്ള ഡി.സി.സി പ്രസിഡന്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് നടപടിക്ക് വിധേയരായവർ. നിലവിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായ ഹനീഫ മേച്ചേരിയെ ചുമതലയിൽനിന്ന് നീക്കി. സുബൈർ വീമ്പുരിനാണ് പകരം താൽക്കാലിക ചുമതല.
കഴിഞ്ഞ ദിവസം ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചിരുന്നു. നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് ഇരുവിഭാഗവും പത്രിക സമർപ്പിച്ചു. കോൺഗ്രസിനുള്ള മൂന്ന് സീറ്റിലേക്ക് ആറുപേരാണ് പത്രിക സമർപ്പിച്ചത്. ഇത് കോൺഗ്രസിലെ വിഭാഗീയത പരസ്യമാക്കി.
നിലവിലെ ഡയറക്ടർമാരായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ മേച്ചേരി, അപ്പു മേലാക്കം, നന്ദിനി വിജയകുമാർ എന്നിവരും മറുപക്ഷത്ത് കെ.പി.സി.സി മെംബർ റഷീദ് പറമ്പൻ, അഡ്വ. കെ.എ. ജബ്ബാർ, പി. അവറു എന്നിവരും പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കേണ്ട അവസാന തീയതിയായ ചൊവ്വാഴ്ച വരെ നേതൃത്വം ഇടപെട്ട് ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പുറത്താക്കപ്പെട്ട രണ്ട് പേരും നടപടിക്ക് ശിപാർശ ചെയ്യപ്പെട്ട കെ.പി.സി.സി അംഗവും ജില്ലയിൽ ആര്യാടൻ വിഭാഗത്തിലെ പ്രധാനികളാണ്. ഡി.സി.സി പ്രസിഡന്റ് ഗ്രൂപ് തിരിഞ്ഞുള്ള നടപടിയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിക്ക് ബാങ്കിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവും ഇത്തവണ പത്രിക സമർപ്പിക്കുന്നതിലെ അഭിപ്രായ വ്യത്യാസത്തിന് കാരണമായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കെ.പി.സി.സി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മഞ്ചേരിയിലെ വിഷയവുമായി ബന്ധപ്പെട്ട് സമവായ ചർച്ച നടന്നിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനാൽ പതിക പിൻവലിക്കാൻ തയാറാണെന്ന് റഷീദ് പറമ്പൻ യോഗത്തിൽ അറിയിച്ചു. കെ.പി.സി.സി പരിഗണനയിൽ നിൽക്കുന്ന വിഷയത്തിൽ ഡി.സി.സി പ്രസിഡന്റ് തിടുക്കപ്പെട്ട് എടുത്ത നടപടി തങ്ങൾക്ക് ബാധകമല്ലെന്നും റഷീദ് പറമ്പൻ പറഞ്ഞു. ഡി.സി.സി നടപടി മഞ്ചേരിയിലെ കോൺഗ്രസിനുള്ളിലെ വിഭാഗീയതക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ. ഈ മാസം 18ന് തുറക്കൽ സ്കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.